വാരാപ്പുഴ കസ്റ്റഡി മരണം: എസ്പിക്കെതിരെ നടപടിക്ക് സാധ്യത

Posted on: May 9, 2018 11:10 am | Last updated: May 9, 2018 at 1:12 pm

വാരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെതിരെ അന്വേഷണ സംഘം കേസെടുത്തേക്കും. ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്പിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടിഎഫ് സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ്പിയാണ്. ഇക്കാരണത്താല്‍ ജോര്‍ജിന് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. താന്‍ എസ്പിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് പറവൂര്‍ സിഐ ക്രിസ്പിന്‍ സാമും അന്വേഷണ സംഘത്തെ ബോധിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെ വീടാക്രമണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വാസുദേവന്റെ മകന്റെ വ്യാജ മൊഴി തയ്യാറാക്കിയത് സംബന്ധിച്ച് എസ്പി ജാര്‍ജിന് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യത്തില്‍ ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എവി ജോര്‍ജിനെതിരെ രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്നാണറിയുന്നത്.