Connect with us

Kerala

പ്രഥമ ഉമറാ സമ്മേളനത്തിന് നാളെ കൊടിയുയരും

Published

|

Last Updated

കോഴിക്കോട്: കേരളത്തിലാദ്യമായി നടക്കുന്ന ഉമറാ സമ്മേളനത്തിന് കോഴിക്കോട് വേദിയാകും. “നവലോകം, നവ ചുവടുകള്‍” എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഉമറാ സമ്മേളനം നാളെയും മറ്റന്നാളും കോഴിക്കോട് സ്വപ്‌നനഗരിയിലാണ് നടക്കുക. പ്രാദേശിക, മഹല്ല്തലങ്ങളിലെ മുസ്‌ലിം നേതൃത്വവും വിവിധ മേഖലകളിലെ പൗരപ്രമുഖരും രണ്ട് ദിനങ്ങളിലായി കോഴിക്കോട്ട് സംഗമിച്ച് സമുദായത്തിന്റെ ഭാവി ഭാഗധേയങ്ങളെ കുറിച്ച് സജീവ ചര്‍ച്ചകള്‍ നടത്തുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ അരങ്ങേറുന്ന ഉമറാ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ സമസ്ത സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വിശദീകരിച്ചു.

പരാധീനതകളുടെ വിലാപങ്ങള്‍ക്കപ്പുറം പരിഹാരത്തിന്റെ അന്വേഷണങ്ങള്‍ നടത്താന്‍ സമുദായത്തോട് ആഹ്വാനം ചെയ്യുന്നതാകും സമ്മേളനം. ന്യൂനപക്ഷം എന്ന നിലയില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതോടൊപ്പം സമുദായം സ്വയം സന്നദ്ധമായി ശാക്തീകരിക്കാനുള്ള രൂപരേഖകളും അവതരിപ്പിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മീഡിയ സെക്രട്ടറി എസ് ശറഫുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിപ്പിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്കും മുസ്‌ലിംവിരുദ്ധ ശക്തികള്‍ക്കുമെതിരെ വ്യാപക പ്രചാരണം സംഘടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും. പാരമ്പര്യ ഇസ്‌ലാമിക വിശ്വാസത്തെ തള്ളിപ്പറഞ്ഞ് പുരോഗമന വാദവുമായി വന്നവരാണ് തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിച്ചത്. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ഇവരുടെ ഭീഷണി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

മഹല്ല്, യൂനിറ്റ് തലങ്ങളിലെ വ്യാപാരി വ്യവസായി മേഖലകളില്‍ നിന്നും കാര്‍ഷിക- ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 7500 പ്രതിനിധികളാണ്് സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രാദേശിക തലങ്ങളില്‍ ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇവരുടെ ഒത്തുകൂടലില്‍ നിന്ന് മുസ്‌ലിംകള്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കുള്ള ആലോചനകളും നടക്കും. ഉമറാക്കളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിപുലമായ പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം കാന്തപുരം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. “വിഷന്‍ 2019” വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അവതരിപ്പിക്കും. പ്രസ്ഥാന കുടുംബത്തിലെ നേതാക്കള്‍ പ്രസംഗിക്കും. ശനി രാവിലെ പത്ത് മണിക്ക് കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി കെ എ റഹീം മുഖ്യാതിഥിയാകും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമ്മേളനം മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ കാന്തപുരം അവതരിപ്പിക്കും. “മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വര്‍ത്തമാനം” എന്‍ അലി അബ്ദുല്ലയും “ഉമറാഇന്റെ കര്‍മ പഥം” സി മുഹമ്മദ് ഫൈസിയും അവതരിപ്പിക്കും. ഡോ. അബ്ദുസ്സലാം, ഡോ. ഹുസൈന്‍ രണ്ടത്താണി, എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, എ പ്രദീപ് കുമാര്‍ സംബന്ധിക്കും. എ പി അബ്ദുല്‍ കരീം ഹാജി സ്വാഗതവും സി പി മൂസ ഹാജി അപ്പോളോ നന്ദിയും പറയും. ഉച്ചക്ക് രണ്ട് മണിക്ക് കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. “ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതം” അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോലയും “വിശ്വാസിയുടെ സാമ്പത്തിക വ്യവഹാരം” കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരും “ജീവിത വിശുദ്ധി” പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും അവതരിപ്പിക്കും. ഡോ. മുഹമ്മദ് ഹനീഫ പ്രസംഗിക്കും.

വൈകിട്ട് 5.30ന് വെല്‍ഡിക്ടറി കോണ്‍ഫറന്‍സിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ളിയാഉല്‍ മുസ്തഫ, സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വഗതവും എ സൈഫുദ്ദീന്‍ ഹാജി നന്ദിയും പറയും. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടത്തിയ ഉലമാ സമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് ഉമറാ സമ്മേളനം. ഏതു കാലത്തും രാജ്യത്തും പണ്ഡിതരും പൗരപ്രമുഖരും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ജാതി മതഭേദമന്യേ നന്മ ലഭിക്കുമെന്നും ശാക്തീകരണമുണ്ടാകുമെന്നും അതിലേക്കുള്ള പുതിയ പരിശ്രമമാണ് ഉമറാ സമ്മേളനമെന്നും നേതാക്കള്‍ വ്യക്തമാക്കി.

പ്രതിനിധികളുടെ ശ്രദ്ധക്ക്

  •  വെള്ളിയാഴ്ച നാല് മണിക്ക് സമ്മേളനം ആരംഭിക്കും.
  • നാല് മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ നടക്കും. അംഗങ്ങള്‍ നാല് മണിക്ക് മുമ്പായി സൈറ്റിലെത്തണം
  • ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് എഴ് മണിക്കാരംഭിക്കും. പങ്കെടുക്കുന്ന പ്രതിനിധികളുടെ റിപ്പോര്‍ട്ടിംഗ് അഞ്ച് മണിക്ക് ആരംഭിക്കും.
  • ഘടകങ്ങള്‍ മുഖേന നേരത്തെ തിരഞ്ഞെടുത്ത ഉമറാക്കളുടെ സമ്മേളനം ശനി രാവിലെ 9.30ന് ആരംഭിക്കും. എട്ട് മണിക്ക് റിപ്പോര്‍ട്ടിംഗ് ആരംഭിക്കും. പ്രതിനിധികള്‍ ഒമ്പത് മണിക്ക് മുമ്പായി എന്‍ട്രി പാസ്സുമായി സൈറ്റിലെത്തി നിശ്ചിത അമീറുമാര്‍ മുഖേന റിപ്പോര്‍ട്ടിംഗ് ഉറപ്പാക്കണം.
  • വൈകീട്ട് അഞ്ച് മണിക്ക് സമ്മേളനം സമാപിക്കും.
  •  കോഴിക്കോട് എരഞ്ഞിപ്പാലം റോഡിലെ സ്വപ്നനഗരിയിലുള്ള കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

Latest