ഒമാന്‍ ഉള്‍ക്കടലില്‍ ഓക്സിജന്റെ അഭാവം: യു എ ഇ തീരത്ത് ഡെഡ് സോണുകള്‍ വര്‍ധിക്കുന്നു

Posted on: April 29, 2018 8:11 pm | Last updated: April 29, 2018 at 8:11 pm
SHARE
ആഴക്കടലില്‍ പരിശോധന നടത്തുന്ന
ഭൂഗര്‍ഭ റോബോര്‍ട്ടുകളുടെ ജലവിമാനം

ദുബൈ: ഒമാന്‍ ഉള്‍ക്കടലില്‍ ഓക്സിജന്റെ അഭാവം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സമുദ്രത്തില്‍ ഓക്സിജന്റെ അഭാവത്തെ തുടര്‍ന്നുണ്ടാക്കുന്ന ഡെഡ് സോണുകള്‍ യു എ ഇ, ഒമാന്‍ തീരങ്ങളില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നാണ് ഭൂഗര്‍ഭ റോബോട്ടുകളുടെ സഹായത്തോടെ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

യു എ ഇയിലെ പരിസ്ഥിതി പഠന വിഭാഗത്തിലെ ഡോ. ബാസ്റ്റൈന്‍ ക്വസ്റ്റിന്റെയും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തില്‍ ഗവേഷണത്തിലാണ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാവുന്ന കണ്ടെത്തല്‍.

ജലവിമാനത്തിന്റെ രൂപത്തിലുള്ള റോബോട്ടുകളുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഉള്‍ക്കടലില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചത്. പ്രകൃതി നാശത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഗുരുതരമായ പ്രത്യാഘാതമാണ് ഡെഡ് സോണുകളുടെ വര്‍ധന മൂലം ഉണ്ടാകുക. ഒമാന്‍ ഉള്‍ക്കടലിലെ ആയിരം മീറ്റര്‍ ആഴത്തിലാണ് റോബോര്‍ട്ടുകള്‍ പരിശോധന നടത്തുന്നത്. എട്ട് മാസങ്ങത്തോളമായി ആരംഭിച്ച പരിശോധനയില്‍ ഇതിനകം റോബോര്‍ട്ടുകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയിട്ടുണ്ട്. ആഴക്കടലില്‍ നിന്ന് സാറ്റ്ലൈറ്റ് വഴിയാണ് റോബോര്‍ട്ടുകള്‍ സന്ദേശങ്ങളും ചിത്രങ്ങളും കൈമാറുന്നത്. ഭൂഗര്‍ഭജലത്തിലെ ഓക്സിജന്റെ സാന്നിധ്യം, സമുദ്രത്തില്‍ നിന്ന് ഓക്സിജന്റെ സഞ്ചാരത്തെ സഹായിക്കുന്ന ഓഷ്യന്‍ മെക്കാനിക്സിന്റെ സാന്നിധ്യം എന്നിവയാണ് റോബോര്‍ട്ടുകള്‍ പരിശോധിക്കുന്നത്. ഡെഡ് സോണുകള്‍ കൂടുതലായി ഉണ്ടെന്ന് കരുതപ്പെടുന്ന സ്‌കോട്ലാന്‍ഡിനെക്കാളും അധികം ഒമാന്‍ ഉള്‍ക്കടലിലുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

കാലാവസ്ഥ വ്യതിയാനം, സമുദ്രജലത്തിലെ താപനില വര്‍ധിക്കുക തുടങ്ങിയ പ്രത്യാഘാതങ്ങളാണ് സോണുകള്‍ മുഖേനയുണ്ടാകുക. മത്സ്യങ്ങളും കടല്‍ ജീവികളും വ്യാപകമായി ചത്തൊടുങ്ങാനും വംശനാശ ഭീഷണി നേരിടുന്നതിനും ഇത് കാരണമാകും. അതിവേഗവും വ്യാപകമായും ഡെസ് സോണുകള്‍ വര്‍ധിച്ചുവരികയാണെന്നും നൈട്രൈജന്റെ രാസമാറ്റം സംഭവിക്കാനിടയുണ്ടെന്നും ഗവേഷകനായ ഡോ. ക്വസ്റ്റ് വ്യക്തമാക്കി.
യൂനിവേഴ്സിറ്റി ഓഫ് ഈസ്റ്റ് അന്‍ജിലിയ (യു ഇ എ)യാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here