കൊളീജിയം ബുധനാഴ്ച യോഗം ചേരും; ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം ചര്‍ച്ചാ വിഷയം

Posted on: April 28, 2018 9:26 am | Last updated: April 29, 2018 at 11:18 am

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിന്റെ സുപ്രീം കോടതി ജഡ്ജിയായുള്ള നിയമനം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച കൊളീജിയം യോഗം ചേരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് യോഗം വിളിച്ചിരിക്കുന്നത്.

സീനിയോറിറ്റി പ്രശ്‌നം ഉന്നയിച്ച് കെ എം ജോസഫിന്റെ നിയമനം മടക്കി അയച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി യോഗം ചര്‍ച്ച ചെയ്യും. കെ എം ജോസഫിന്റെ നിയമന ശിപാര്‍ശ കൊളീജിയം വീണ്ടും കേന്ദ്ര സര്‍ക്കാറിന് അയച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊളീജിയം യോഗത്തില്‍ മറ്റ് അജണ്ടകളൊന്നുമില്ല.

നിയമനം അംഗീകരിക്കാതെ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നപടിയില്‍ മുതിര്‍ന്ന അഭിഭാഷകരിലടക്കം വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നായിരുന്നു ആരോപണം. മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ എം ജോസഫിന്റെ നിയമന ശിപാര്‍ശ സുപ്രീം കോടതി വീണ്ടും പരിഗണിച്ചാല്‍ അത് കേന്ദ്ര സര്‍ക്കാറിനെ വലിയ തിരിച്ചടിയാകും.