Connect with us

Kerala

പരിയാരം മെഡി. കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു

Published

|

Last Updated

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജിനെ മികച്ച ഗവേഷണ കേന്ദ്രമാക്കുമെന്ന് ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ. സ്ഥലം ലഭ്യമായാലുടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കും. മെഡിക്കല്‍ കോളേജിനെ ലോകോത്തര സ്ഥാപനമാക്കി മാറ്റാന്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെ ലോക റാങ്കിംഗിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. മികച്ച അധ്യാപകരാണ് ഈ മെഡിക്കല്‍ കോളജുകളിലുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഇപ്പോള്‍ കിട്ടുന്നതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കണം. അതിനായുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് 717 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളജിന് 368 കോടി രൂപയും അനുവദിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളജുകളുടെ മുഖഛായ മാറ്റാനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ നിലകളിലുമുള്ള ആശുപത്രികളെയും മികച്ച കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജിലെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി വിവിധ വശങ്ങള്‍ പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ടി വി രാജേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി കരുണാകരന്‍ എം പി മുഖ്യാതിഥിയായി. സി കൃഷ്ണന്‍ എം എല്‍ എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ ഐ പി എസ് (റിട്ട.), വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ ചുമതലയേല്‍ക്കുന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ അംഗങ്ങള്‍, നിലവിലെ പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ പരിയാരം മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ സ്ഥാപിച്ച ആര്‍ട്ട് ഗ്യാലറിയുടെയും പരിയാരം മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ജീറിയാട്രിക് വകുപ്പിന്റെയും ഉദ്ഘാടനവും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇതോടെ, കേരളത്തില്‍ ആര്‍ട്ട് ഗ്യാലറിയുള്ള ആദ്യത്തെ മെഡിക്കല്‍ കോളജായി പരിയാരം മാറും. വിശ്വപ്രസിദ്ധമായ 60 ചിത്രങ്ങളാണ് ലളിതകലാ അക്കാദമി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമ്മാനിച്ചത്. ഇതോടൊപ്പം ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ പുതിയ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ അംഗങ്ങളുടെയും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഘട്ടത്തിലെ മെഡിക്കല്‍ കോളജ് ഭരണ സമിതി അംഗങ്ങളുടെയും യോഗം നടന്നു. തുടര്‍ന്ന് വിവിധ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗവും നടന്നു.