രാഹുലിന്റെ വിമാനത്തിന് തകരാര്‍; അന്വേഷണം തുടങ്ങി

Posted on: April 28, 2018 6:04 am | Last updated: April 27, 2018 at 11:12 pm

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്ര ചെയ്ത വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായി ഇത് സംബന്ധിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് മിനുട്ട് 37 സെക്കന്റ് നേരമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. സംഭവത്തില്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി ജി സി എ) വിശദമായ അന്വേഷണം തുടങ്ങി. ബെംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഹുബ്ബള്ളിയിലെത്തി അന്വേഷണം ആരംഭിച്ചത്. വിമാനം പറത്തിയ രണ്ട് പൈലറ്റുമാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കും.

പൈലറ്റിന്റെ നിയന്ത്രണത്തില്‍ നിന്ന് ഓട്ടോപൈലറ്റ് (സ്വയം പറക്കല്‍) സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് വിമാനത്തിന് കുലുക്കം അനുഭവപ്പെട്ടതെന്നും ഉടന്‍ പൈലറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ അത് ഇല്ലാതായെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് ഡി ജി സി എ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ന്യൂഡല്‍ഹിയില്‍ നിന്ന് ഉത്തര കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പാണ് തകരാറുണ്ടായത്. ലിഗാറെ ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടേതാണ് വിമാനം.