ധോണി തന്നെ സൂപ്പര്‍ നായകന്‍

Posted on: April 27, 2018 6:06 am | Last updated: April 27, 2018 at 12:10 am

ബെംഗളൂരു: ഐപിഎല്ലിലെ ധോണി – വിരാട് പോരാട്ടത്തില്‍ ചെന്നൈ നായകന്‍ വിജയം കരസ്ഥമാക്കി. നാനൂറിലേറെ റണ്‍സ് പിറന്ന ത്രില്ലറില്‍ അഞ്ചു വിക്കറ്റിനാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 205 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

അമ്പാട്ടി റായുഡുവിന്റെയും ക്യാപ്റ്റന്‍ ധോണിയുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ചെന്നൈക്കു ക്ലാസിക് ജയം സമ്മാനിച്ചത്. റായുഡു 53 പന്തില്‍ മൂന്നു ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം 82 റണ്‍സാണ് വാരിക്കൂട്ടിയത്. ധോണി വെറും 34 പന്തില്‍ ഒരു ബൗണ്ടറിയും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 70 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും മാത്രമേ ചെന്നൈ നിരയില്‍ 15നു മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ.

അഞ്ചാം വിക്കറ്റില്‍ റായുഡു ധോണി ജോടി നടത്തിയ ഇടിവെട്ട് ബാറ്റിങാണ് കൈവിട്ടെന്നു കരുതിയ കളിയില്‍ ചെന്നൈക്കു പ്രതീക്ഷ നല്‍കിയത്. 101 റണ്‍സാണ് ഈ ജോടി നേടിയത്.

രണ്ടു പന്ത് ബാക്കിനില്‍കെയാണ് അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ ജയം കൈക്കലാക്കിയത്. ഈ സീസണില്‍ ചെന്നൈയുടെ അഞ്ചാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനും ചെന്നൈക്കു സാധിച്ചു.