Connect with us

Ongoing News

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു: പി ചിദംബരം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ നടത്തിയ ജനമോചന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും സര്‍ക്കാറിന്റെ കീഴില്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഭീതിയോടെയാണ് കഴിയുന്നതെന്ന് ചിദംബരം പറഞ്ഞു.

സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിനൊപ്പം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തിലും കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷനില്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കൊന്നും അംഗീകാരം നല്‍കിയിട്ടില്ല. നികുതി പിരിവ് കേന്ദ്രം നേരിട്ട് നടത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഇത് സംസ്ഥാനങ്ങളുടെ ഭരണത്തെ തന്നെ അട്ടിമറിക്കും. എല്ലാ അധികാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വരും. സാമ്പത്തികമായി പാപ്പരാകുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരും. ഇത്തരം നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നടപടികള്‍.

രാജ്യം നേരിടുന്ന മറ്റൊരു വിപത്താണ് വര്‍ഗീയത. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, അശക്തരായവര്‍ എന്നിവര്‍ക്ക് ഭയമാണ്. വര്‍ഗീയത പിടിമുറുക്കിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. എന്നാല്‍, കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് ആക്രമിക്കുന്ന വര്‍ഗീയ ഫാസിസത്തെ ഇനിയും അധികാരത്തില്‍ ഇരുത്തിക്കൂടാ. നാല് വര്‍ഷം തികച്ച ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു. 3.33 ലക്ഷം കോടി രൂപയാണ് കേന്ദ്രം നികുതിയിനത്തില്‍ ഇതിലൂടെ നേടുന്നത്. എന്നിട്ടും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കാന്‍ മടിക്കുന്നു. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് അനുകൂല നിലപാടല്ല. എന്നാല്‍, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനായി ഒരു ലക്ഷം കോടിയാണ് ചെലവാക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിന് ചെലവഴിക്കുന്ന കോടികള്‍ മതി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ നന്നാക്കാന്‍. എന്തിന്, ഒരു ലക്ഷം രൂപവെച്ച് ഒരു സ്‌കൂളിന് കൊടുത്താല്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളെയും വികസിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം പി, ശശി തരൂര്‍ എം പി., വി എസ് ശിവകുമാര്‍ എം എല്‍ എ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.