Connect with us

Kerala

ജാമിഅ മര്‍കസിന് പുതിയ ഭാവം; അന്താരാഷ്ട്ര നിലവാരത്തില്‍ കോഴ്‌സുകള്‍ ഒരുക്കുന്നു

Published

|

Last Updated

ജാമിഅ മര്‍കസിലെ നവീകരിച്ച അക്കാദമിക സംവിധാനം പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിച്ച ഓറിയന്റേഷന്‍ ലക്ചര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മര്‍കസിലെ ശരീഅ പഠനം അന്താരാഷ്ട്ര ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളുടെ മാതൃകയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ പുനഃസംവിധാനിക്കുന്നു. നിലവില്‍ മര്‍കസിന് എം ഒ യു ഉള്ള ലോകത്തെ പ്രധാന ഇസ്‌ലാമിക സര്‍വകലാശാലകളായ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ടുണീഷ്യയിലെ സൈത്തൂന യൂനിവേഴ്‌സിറ്റി, മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപങ്ങളില്‍ നടന്നുവരുന്ന അക്കാദമിക സംവിധാനങ്ങളുടെ മാതൃകയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ കോഴ്‌സുകള്‍ സജ്ജീകരിക്കും.

കുല്ലിയ്യ ഉസൂലുദ്ദീന്‍, കുല്ലിയ്യ ശരീഅ വല്‍ ഖാനൂന്‍, കുല്ലിയ്യ ലുഗല്‍ അറബിയ്യ, കുല്ലിയ്യ ദിറാസാത്തില്‍ ഇസ്‌ലാമിയ്യ വല്‍ ഇജ്തിമാഇയ്യ എന്നീ നാല് സംരംഭങ്ങളിലായി ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് മര്‍കസ് ശരീഅ കോളജില്‍ പ്രവര്‍ത്തിക്കുക. ശുഅബതുല്‍ ഖുര്‍ആന്‍, ശുഅബതുല്‍ ഹദീസ്, ശുഅബത്തു ശരീഅ അല്‍ ഇസ്‌ലാമിയ്യ, ശുഅബത്തു ശരീഅ വല്‍ ഖാനൂന്‍, ശുഅബതുല്‍ ഇദാറ, ശുഅബത്തു ഇല്മിന്നെഫ്‌സ്, ശുഅബത്തു ലുഗവിയാത് എന്നിവയാണ് പുതുതായി നിലവില്‍ വരുന്ന ഡിപ്പാര്‍ട്ട്‌മെന്റുകള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം ഈ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നല്‍കും.

ജാമിഅ മര്‍കസ് കുല്ലിയ്യാത്തിലെ പുതിയ അക്കാദമിക സംവിധാനം വിദ്യാര്‍ഥികള്‍ക്ക് പരിചപ്പെടുത്തുന്നതിന് സംഘടിപ്പിച്ച ഓറിയന്റേഷന്‍ ലക്ചറും അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷയുടെ പ്രഥമ ഘട്ടവും മര്‍കസില്‍ നടന്നു. പുതുതായി പ്രവേശനം നേടാന്‍ ആയിരത്തോളം വിദ്യാര്‍ഥികളാണ് മര്‍കസിലെത്തിയത്.

മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഓറിയന്റേഷന്‍ ലക്ചര്‍ പരിപാടി മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വൈജ്ഞാനിക പഠനത്തില്‍ ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച മാതൃകയില്‍ കോഴ്‌സുകള്‍ തയ്യാറാക്കി മതപരമായി ആഴത്തിലുള്ള അറിവ് നേടുകയും സമൂഹത്തിന് ഭാവിയില്‍ ശുഭകരമായി നേതൃത്വം നല്‍കാന്‍ ശേഷിയുള്ള ജ്ഞാനികളെ രൂപപ്പെടുത്തുകയുമാണ് മര്‍കസ് ചെയ്യുന്നതെന്ന് കാന്തപുരം പറഞ്ഞു. പരമ്പരാഗതമായ ജ്ഞാനമോ ഇസ്‌ലാമിക രീതിശാസ്ത്രമോ പിന്തുടരാത്ത സലഫികള്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകള്‍ മതത്തിന്റെ സന്ദേശങ്ങളെ തെറ്റായി അവതരിപ്പിച്ച് സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് എല്ലാ വിഭാഗം ആളുകളും തിരിച്ചറിയണമെന്നും അത്തരം പ്രശ്‌നകരമായ ചിന്തകളെ പ്രതിരോധിച്ച് മുസ്‌ലിം സമൂഹത്തെ ശരിയായി നയിക്കാന്‍ ശേഷിയുള്ള പണ്ഡിതന്മാരെയാണ് മര്‍കസിലെ ശരീഅ കോളജ് വഴി രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി പുതിയ അക്കാദമിക പദ്ധതികള്‍ അവതരിപ്പിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗി ച്ചു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, പി സി അബ്ദുല്ല മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സംബന്ധിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ സ്വാഗതം പറഞ്ഞു.

Latest