ജോര്‍ജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയത് ശരിയായില്ല: മനുഷ്യാവകാശ കമ്മീഷന്‍

Posted on: April 23, 2018 3:39 pm | Last updated: April 23, 2018 at 7:56 pm

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ സ്ഥലം മാറ്റത്തെ വിമര്‍ശിച്ച് മനുഷ്യാവകകാശ കമ്മീഷന്‍. ജോര്‍ജിനെ തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് മാറ്റിയത് ശരിയായില്ലെന്നും തീരുമാനം പുനപ്പരിശോധിക്കണണെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ആവശ്യപ്പെട്ടു.

ആരോപണവിധേയനെ ട്രെയിനിംഗ് അക്കാദമിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ട്രെയിനിംഗ് കോളജിന്റെ തലപ്പത്തിരിക്കുന്നവര്‍ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാകണം. ആരോപണവിധേയനായ ആള്‍ കീഴുദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നത് ഉചിതമല്ല. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ അന്വേഷണം ഫലപ്രദമല്ല. പോലീസ് തന്നെ കേസില്‍ പ്രതിയായിരിക്കുകയാണ്. പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല. സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളാണ് കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിക്കേണ്ടതെന്നും മോഹന്‍ദാസ് പറഞ്ഞു.

വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്പി ജോര്‍ജിനെ സ്ഥലം മാറ്റിയത്. അറസ്റ്റിലായ മൂന്ന് പേര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ആര്‍ടിഎഫ് സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു.