Connect with us

National

യെച്ചൂരി കരുത്തനാകും; കേന്ദ്ര കമ്മിറ്റിയിലെ സമവാക്യങ്ങള്‍ മാറും

Published

|

Last Updated

ഹൈദരാബാദ്: പാര്‍ട്ടിക്കുള്ളില്‍ സീതാറാം യെച്ചൂരിയെ കൂടുതല്‍ കരുത്തനാക്കിയാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടിയിറക്കം. സി പി എമ്മില്‍ ഇന്നലെ വരെ കണ്ടതായിരിക്കില്ല നാളെകളിലെന്ന വ്യക്തമായ സൂചനയായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിലെ ഓരോ നടപടിക്രമങ്ങളും. രാഷ്ട്രീയ പ്രമേയത്തിലും കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പിലും അവസാന നിമിഷം സമവായം സാധ്യമായെങ്കിലും ഇനിയുള്ള പോക്ക് അത്ര സുഗമമാകില്ല. കേന്ദ്ര കമ്മിറ്റിയിലെ സമവാക്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്നാണ് സൂചന.

വിശാഖപട്ടണത്ത് വെച്ച് പിടിച്ചുവാങ്ങിയത് പോലെയാണ് സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. എസ് രാമചന്ദ്രന്‍പിള്ളക്ക് വേണ്ടി കാരാട്ട് പക്ഷം കരുക്കള്‍ നീക്കിയെങ്കിലും മത്സരിക്കാന്‍ ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ സെക്രട്ടറിയാകുകയായിരുന്നു. എന്നാല്‍, പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷം കാരാട്ടിനെ അനുകൂലിക്കുന്നവര്‍ക്ക് ആയതിനാല്‍ സ്വന്ത്രമായ പ്രവര്‍ത്തനം യെച്ചൂരിക്ക് സാധ്യമായിരുന്നില്ല.
ദേശീയ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്നിട്ട് കൂടി പാര്‍ട്ടി സെന്ററിന്റെ കടിഞ്ഞാണ്‍ ഇല്ലാതെ പോയത് പലപ്പോഴും അദ്ദേഹത്തിന് തിരിച്ചടിയായി. രാജ്യസഭയിലെ പ്രതിപക്ഷമുഖമായിരുന്ന യെച്ചൂരിക്ക് ഒരിക്കല്‍ കൂടി മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടും കോണ്‍ഗ്രസ് പിന്തുണയില്‍ അങ്ങനെയൊന്ന് വേണ്ടെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

ഈ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കിയാണ് കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും പൂര്‍ണമായ പുനഃസംഘടന വേണമെന്ന നിലപാട് യെച്ചൂരി സ്വീകരിച്ചത്. പി ബിയില്‍ ഇത് പൂര്‍ണമായി സാധ്യമായിട്ടില്ലെങ്കിലും കേന്ദ്ര കമ്മിറ്റിയില്‍ ഇനി കാര്യങ്ങള്‍ കുറെയൊക്കെ യെച്ചൂരിക്ക് അനുകൂലമാകും. പോളിറ്റ്ബ്യൂറോ ബലാബലത്തില്‍ കാരാട്ട് പക്ഷത്തിന് തന്നെയാണ് നേരിയ മുന്‍തൂക്കം. പി ബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എ കെ പത്മനാഭന്‍ കാരാട്ടിനൊപ്പമായിരുന്നു. പകരമെത്തിയ രണ്ട് പേര്‍ ബംഗാളില്‍ നിന്നാണെങ്കിലും ഒരാള്‍ കാരാട്ടിനെ അനുകൂലിക്കുന്നയാളാണ്- സി ഐ ടി യു ജനറല്‍ സെക്രട്ടറി തപന്‍സെന്‍. ബംഗാളില്‍ നിലോല്‍പല്‍ ബസു യെച്ചൂരിയുടെ ശക്തനായ വക്താവാണ്.
കേന്ദ്ര കമ്മിറ്റിയിലെത്തിയ 19 പുതുമുഖങ്ങളില്‍ കുറെയേറെ പേര്‍ യെച്ചൂരി അനുകൂലികളാണ്.

Latest