Connect with us

Gulf

വാഹനാപകടം; കണ്ണൂര്‍ സ്വദേശിക്ക് 11.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

Published

|

Last Updated

ഷാര്‍ജ: വാഹനാപകടത്തില്‍ പരുക്കേറ്റ കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം 11.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. 2015 ഡിസംബറിലാണ് കേസിനാസ്പദമായ അപകടം. കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുര്‍റഹ്മാന്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അല്‍ ഐനിലെ ജിമിയില്‍ വെച്ച് സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ അബ്ദുര്‍റഹ്മാനെ അല്‍ ഐന്‍ ആശുപത്രിയിലും തുടര്‍ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുര്‍റഹ്മാന്‍ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി യു എ ഇ പൗരനെ ശിക്ഷയില്‍ നിന്നു ഒഴിവാക്കി വെറുതെ വിടാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളുകയും യു എ ഇ പൗരന്റെ ഭാഗത്തു തെറ്റ് കണ്ടെത്തുകയും 2,000 ദിര്‍ഹം പിഴ നല്‍കി വിടുകയും ചെയ്തു. കേസുമായി ബന്ധപെട്ടു അല്‍ ഐന്‍ മലയാളി സമാജം മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ റഹിമാന്‍ വേരൂര്‍, ആരിഫ് പുതിയ പുരയില്‍, അബൂബക്കര്‍, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിനെ കേസ് ഏല്‍പിച്ചു.

വാഹനാപകടം ഉണ്ടാക്കിയ യു എ ഇ പൗരനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതി ചേര്‍ത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ കോടതിയില്‍ നല്‍കിയ കേസിലാണ് പതിനൊന്നര ലക്ഷം ദിര്‍ഹം കോടതി ചെലവടക്കം നല്‍കാന്‍ വിധി പ്രസ്താവിച്ചത്. അബ്ദുര്‍റഹ്മാന് വേണ്ടി നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി നടപടികള്‍ പൂര്‍ത്തീകരിച്ചു.

Latest