ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ അധികാരം: ശാന്തി ഭൂഷന്റെ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം

Posted on: April 14, 2018 6:15 am | Last updated: April 14, 2018 at 12:07 am

ന്യൂഡല്‍ഹി: കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും ബഞ്ചുകള്‍ തീരുമാനിക്കുന്നതിനുമുള്ള ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ അധികാരത്തെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കോടതിയെ സഹായിക്കുന്നതിനായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ സഹായം തേടിയിട്ടുണ്ട്. ഈ മാസം 27ന് വാദം കേള്‍ക്കും. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ലക്നോ സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ വിസമ്മതിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഹരജി വീണ്ടും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ ഉന്നയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കേസ് ജസ്റ്റിസ് സിക്രിയുടെ ബെഞ്ച് മുമ്പാകെ പരിഗണിക്കാന്‍ തീരുമാനിച്ചത്. കേസില്‍ ശാന്തി ഭൂഷണ് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുശ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹാജരായത്. സുപ്രീം കോടതിയില്‍ എത്തുന്ന കേസുകള്‍ ഏതു ബെഞ്ചിനു വിടണമെന്നത് ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി തീരുമാനിക്കാതെ കൊളീജിയം യോഗം വിളിച്ച് കൂട്ടമായി തീരുമാനിക്കണമെന്നാണോ നിങ്ങളുടെ ആവശ്യമെന്ന് വാദം കേള്‍ക്കലിനു തുടക്കമിട്ട് ജസ്റ്റിസ് സിക്രി ചോദിച്ചു. അതെ എന്നു പ്രതികരിച്ച ദുശ്യന്ത് ദവേ, ഈ കോടതിയുടെ അധിപനായ ചീഫ് ജസ്റ്റിസ് കേസുകള്‍ വിഭജിക്കുന്ന കാര്യത്തില്‍ നിയമം ലംഘിച്ചെന്നും രാജ്യത്ത് ഏതു ഉന്നതസ്ഥാനത്തിരിക്കുന്നയാളും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ദിനംപ്രതി നൂറുകണക്കിനു കേസുകള്‍ സുപ്രീം കോടതിയുടെ മുന്നിലെത്തുമെന്നും അതെല്ലാം വിഭജിക്കാനായി കൊളീജിയം യോഗം ചേരല്‍ പ്രായോഗികമല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍, അങ്ങനെ വേണമെന്നല്ല തങ്ങള്‍ പറയുന്നതെന്നും പ്രത്യേക രാഷ്ട്രീയ സ്വഭാവമുള്ളതും വൈകാരികവുമായ കേസുകള്‍ മാത്രം കൂടിയാലോചനയിലൂടെ തീരുമാനിച്ചാല്‍ മതിയെന്നുമായിരുന്നു ദവെയുടെ മറുപടി.