Connect with us

Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന

Published

|

Last Updated

കൊച്ചി: വരാപ്പുഴ വീട് ആക്രമണ കേസില്‍ അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കി കൂടുതല്‍ ആരോപണങ്ങള്‍. അന്വേഷണ സംഘം നേരത്തെ തയ്യാറാക്കിയ സാക്ഷിമൊഴിക്കെതിരെ സി പി എം വരാപ്പുഴ ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പോലീസ് മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പരമേശ്വരന്റെ മകന്‍ ശരത്തും രംഗത്തെത്തി. ഇതോടെ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസും സി പി എമ്മും നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു അറസ്റ്റെന്ന ആരോപണത്തിന് ബലമേറി. കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ എസ് ആര്‍ ശ്രീജിത്ത് ബി ജെ പി പ്രവര്‍ത്തകനാണ്. കേസിലെ മുഖ്യ പ്രതികളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.

വീടുകയറി അക്രമിച്ച സംഘത്തില്‍ 14 പേരാണ് ഉണ്ടായിരുന്നതെന്നും ഇവരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തോ സഹോദരന്‍ സജിത്തോ ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേവസ്വംപാടം മദ്ധളക്കാരന്‍ പറമ്പില്‍ ശ്രീജിത്ത് എന്ന ഗോകുല്‍ദാസിനെതിരെയായിരുന്നു വിനീഷ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കാതെ എസ് വി ശ്രീജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. ശ്രീജിത്ത് എന്ന ഗോകുല്‍ദാസ് സംഭവ ശേഷം നാടുവിട്ടതായി സൂചനയുണ്ട്. ശ്രീജിത്ത് അടക്കമുള്ളവരെ പ്രതിയാക്കാന്‍ സി പി എം സമ്മര്‍ദം ചെലുത്തിയെന്നാണ് ശരത്തിന്റെ ആരോപണം. സംഘര്‍ഷമുണ്ടായ സമയത്ത് അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആ സമയത്ത് ലോഡിംഗ് ജോലിയിലായിരുന്നു. മൊഴികൊടുത്തതിന് എന്ത് തെളിവാണ് ഉള്ളതെന്ന് പോലീസ് വ്യക്തമാക്കണമെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ മൊഴികൊടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ അച്ഛന്‍, പാര്‍ട്ടി നേതാവ് വന്ന് സംസാരിച്ചതിന് ശേഷം സംഭവം കണ്ടുവെന്നും താന്‍ തന്നെയാണ് മൊഴി നല്‍കിയതെന്നുമാണ് ഞങ്ങളോട് പറയുന്നത്. ശ്രീജിത്ത് കേസില്‍ അച്ഛന്‍ മൊഴി നല്‍കിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്നും ശരത് പറയുന്നു.

വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ഷേണായിപറമ്പില്‍ എസ് ആര്‍ ശ്രീജിത്തും സജിത്തും ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞതായി പരമേശ്വരന്‍ പറഞ്ഞതായാണ് പോലീസ് തയ്യാറാക്കിയ പ്രഥമ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും വീടാക്രമിച്ച് വാസുദേവനെ മര്‍ദിക്കുന്ന ദിവസം താന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം പരമേശ്വരന്‍ വ്യക്തമാക്കിയിരുന്നു. വരാപ്പുഴ ടൗണില്‍ ലോഡിംഗ് തൊഴിലാളിയായ പരമേശ്വരന്‍, സംഭവം നടന്ന ഏപ്രില്‍ ആറിന് ജോലി സ്ഥലത്തെ രജിസ്റ്ററില്‍ ഒപ്പിട്ടതിന്റെ രേഖകളും പുറത്തായിട്ടുണ്ട്.

പിടിയിലായത് നിരപരാധികളെന്ന് രക്ഷിതാക്കള്‍

കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്ന് അറസ്റ്റിലായവരുടെ രക്ഷിതാക്കള്‍. കേസില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന വി ടി വിനു, സുധി ചന്ദ്രന്‍, ശ്രീക്കുട്ടന്‍, എസ് ജി വിനു, പി എസ് നിതിന്‍, ശരത്, ബോബന്‍, വിനു ശ്രീനിവാസന്‍ എന്നിവരുടെ മാതാപിതാക്കളാണ് ആരോപണമുന്നയിച്ചത്. മഫ്തിയിലെത്തിയ പോലീസ് സംഘം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയും കിടന്നുറങ്ങിക്കൊണ്ടിരുന്നവരെയുമാണ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വാസുദേവന്റെ മരണവുമായി ചിലത് ചോദിച്ചറിയാനുണ്ടെന്നും ഉടനെ തിരിച്ചയക്കാമെന്നും പറഞ്ഞാണ് ഇവരില്‍ പലരെയും കൊണ്ടുപോയത്. എന്നാല്‍ പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ എത്തി അന്വേഷിച്ചപ്പോള്‍ കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്നാണ് പോലീസ് പറഞ്ഞത്. മക്കളെ കാണാന്‍പോലും അനുവദിച്ചില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു.

ഒരു കേസില്‍ പോലും ഉള്‍പ്പെടാത്തവരാണ് തങ്ങളുടെ മക്കള്‍. അടിച്ചും ഉപദ്രവിച്ചും കൊടും കുറ്റവാളികളെ പോലെ പൊതുനിരത്തില്‍ വലിച്ചിഴച്ചും ഉപദ്രവിച്ചുമാണ് പലരെയും കൊണ്ടുപോയത്. ഇതു തടഞ്ഞ ഭാര്യമാരെയും അമ്മമാരെയും അസഭ്യം പറയുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിക്രൂരമായാണ് പോലീസ് മര്‍ദിച്ചത്. ഇപ്പോള്‍ സബ് ജയിലില്‍ പരുക്കുകളോടെയാണ് ഇവര്‍ കഴിയുന്നത്. യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത വാസുദേവനെ സി പി എം പ്രവര്‍ത്തകനായി ചിത്രീകരിച്ചും രാഷ്ട്രീയ മുതലെടുപ്പിനായി തങ്ങളുടെ മക്കളെ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകരെന്ന് തെറ്റായി ചിത്രീകരിച്ചെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
ബി കല, രാജി എ ആര്‍, പി ആര്‍ ശ്യാമള, ശാലിനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ജില്ലാ ജഡ്ജി അന്വേഷിക്കണം:
ചെന്നിത്തല

കൊച്ചി: കസ്റ്റഡിയിലിരിക്കെ പോലീസ് മര്‍ദനമേറ്റ് വരാപ്പുഴയില്‍ യുവാവ് മരിച്ച സംഭവം ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ പങ്കാളികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. രാത്രി അറസ്റ്റിന് ചില നടപടി ക്രമങ്ങളുണ്ട്. എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടികൂടി കൊണ്ടുപോയത്. കാവി മുണ്ടും ഷര്‍ട്ടും ധരിച്ചവരാണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടു പോയതെന്ന അമ്മയുടെയും ഭാര്യയുടെയും മൊഴി ഗൗരവതരമാണ്. സി ഐയോ ഡി വൈ എസ് പിയോ ഇല്ലാതെ മൂവാറ്റുപുഴയില്‍ നിന്നെത്തിയ സ്‌ക്വാഡ് യുവാവിനെ പിടികൂടി കൊണ്ട് പോയത് ദുരൂഹമാണ്. രാത്രി ഒരാളെ പിടികൂടിയാല്‍ വൈദ്യ പരിശോധന നടത്തണമെന്ന ചട്ടവും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest