Connect with us

Ongoing News

ദേശീയ വോളി: കേരള- തമിഴ്‌നാട് സെമി പോരാട്ടം ഇന്ന്

Published

|

Last Updated

കോഴിക്കോട് : ദേശീയ സീനിയര്‍ വോളിബോളില്‍ ഫൈനല്‍ തേടി കേരള പുരുഷ ടീം ഇന്നിറങ്ങും. വൈകീട്ട് അഞ്ചിന് നടക്കുന്ന ഫൈനലില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ ഹരിയാനയെ കീഴടക്കിയാണ് കേരളം സെമിയില്‍ പ്രവേശിച്ചത്.

അതേസമയം, കേരള വനിതകള്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. പുരുഷ വിഭാഗത്തില്‍ സര്‍വീസസിനെ കീഴടക്കി റെയില്‍വേയും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. കാര്യമായ ചെറുത്തുനില്‍പ്പിന് പോലും മുതിരാത്ത, ദുര്‍ബലരായ തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് (25 -14, 25- 17, 25- 21) കീഴടക്കിയാണ് നിലവിലെ റണ്ണറപ്പായ ആതിഥേയ സംഘം 66ാമത് ദേശീയ വോളിയില്‍ ഫൈനല്‍ ഉറപ്പിച്ചത്. രേഖ, അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ അഞ്ജു മോള്‍, ശ്രുതി, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളും സെറ്റര്‍ ജിനിയുടെ ത്രില്ലിംഗ് പ്ലേസിംഗുകളുമാണ് കേരള വനിതകള്‍ക്ക് അയല്‍ക്കാര്‍ക്ക് മേല്‍ അനായാസ വിജയം നേടിക്കൊടുത്തത്. ഫിനിഷിംഗിലെ പിഴവുകളും ബ്ലോക്കുകള്‍ തീര്‍ക്കാന്‍ കഴിയാത്തതും തമിഴ്‌നാടിന് വിനയായി. ആദ്യ സെറ്റില്‍ രേഖയും അഞ്ജു മോളും അഞ്ച് വീതം പോയിന്റാണ് ആതിഥേയര്‍ക്ക് വേണ്ടി സമ്മാനിച്ചത്. എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാത്ത പ്ലേസിംഗിലൂടെ മൂന്ന് പോയിന്റ് നേടിയ ജിനിയും മിന്നും താരങ്ങളായി.
രണ്ടാം സെറ്റില്‍ കേരള താരങ്ങളായ അഞ്ജലി ബാബു, അനുശ്രീ എന്നിവര്‍ തുടര്‍ച്ചയായി സര്‍വുകള്‍ മിസ്സാക്കി. എന്നാലും അനുശ്രീയുടെ അഞ്ച് സ്മാഷുകളും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണന്‍, അഞ്ജു മോള്‍ എന്നിവരുടെ പോരാട്ട മികവിന്റെ ബലത്തില്‍ 25- 17ന് ഈ സെറ്റും ആതിഥേയര്‍ സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ തമിഴ്‌നാട് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി. ആദ്യ പോയിന്റ് നേടി തമിഴ്‌നാട് മുന്നേറി. പിന്നീട് 6- 6, 7- 7 ഒപ്പത്തിനൊപ്പവും കേരളം ചെറിയ മാര്‍ജിനില്‍ മുന്നേറ്റം തുടര്‍ന്നു. 20-18ലെത്തിയ സെറ്റില്‍ 25- 21 ന് കേരള വനിതകള്‍ മാച്ച് പോയിന്റുകള്‍ നേടി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. തമിഴ്‌നാടിന് വേണ്ടി ഐശ്വര്യ, സംഗീത എന്നിവര്‍ മികച്ച പ്രകടനം നടത്തി. മൂന്നാം സെറ്റില്‍ ഷോട്ട് ബോളില്‍ അഞ്ജു ബാലകൃഷ്ണന്‍ നാല് ഫിനിഷിംഗുകള്‍ നടത്തി. ഈ സെറ്റിലും അഞ്ജലി ബാബുവും അനുശ്രീയും നിരവധി സര്‍വുകള്‍ പാഴാക്കി. നാളെ വൈകുന്നേരം നടക്കുന്ന ഫൈനലില്‍ കേരള വനിതകള്‍ ഇന്ന് നടക്കുന്ന റെയില്‍ല്‍വേസ്- മഹാരാഷ്ട്ര സെമി ഫൈനല്‍ ജേതാക്കളെ നേരിടും.

എന്നാല്‍, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ റെയില്‍വേ സംഘം പട്ടാളത്തെ മറികടന്നത്. സ്‌കോര്‍: 25 -17, 34- 32, 25-14. ഗ്യാലറിയെ പ്രകമ്പനം കൊള്ളിച്ച ആദ്യ രണ്ട് സെറ്റുകളായിരുന്നു നിരവധി ഇന്ത്യന്‍ താരങ്ങളടക്കിയ റെയില്‍വേ- സര്‍വീസസ് പോരാട്ടത്തിലെ ഹൈലൈറ്റ്. രണ്ടാം സെറ്റ് ടൈംബ്രേക്കറില്‍ 34വരെ നീണ്ടുനിന്നു. മൂന്നാം സെറ്റില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് മത്സരം ചടങ്ങാക്കി മാറ്റിയ പട്ടാളപ്പടക്ക് മേല്‍ റെയില്‍വേ രാജകീയ വിജയം കരസ്ഥമാക്കി.
ഇടിവെട്ട് സ്മാഷുകളും നെഞ്ച്പിടയുന്ന ബ്ലോക്കുകളുമായി വോളിബോളിന്റെ ക്ലാസിക് പോരാട്ടത്തിനൊടുവിലാണ് സര്‍വീസസിനെ റെയില്‍വേ മറികടന്നത്. റെയില്‍വേയുടെ അന്താരാഷ്ട്ര താരം പ്രഭാകരന്റെ പ്രകടനം എടുത്തുപറയേണ്ടത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ പ്ലെയറായി എങ്ങനെ വിലസുന്നു എന്ന് പ്രഭാകരന്‍ കാട്ടിത്തരികയായിരുന്നു. ആദ്യ സെറ്റില്‍ ആറ് ഫിനിഷിംഗുകള്‍ നടത്തിയ പ്രഭാകരന്‍ 34 പോയിന്റ് വരെ നീണ്ട രണ്ടാം സെറ്റില്‍ 14ഓളം ഫിനിഷിംഗുകളാണ് നടത്തിയത്. വായുവില്‍ ഉയര്‍ന്നുപൊങ്ങിയുള്ള പ്രഭാകരന്റ പല സ്മാഷുകള്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. ആദ്യ സെറ്റില്‍ മലയാളിയായ റെയില്‍വേ ക്യാപ്റ്റന്‍ മനുജോസഫും കെ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. ഇതില്‍ സര്‍വീസസിന്റെ അഞ്ചോളം സ്മാഷുകളാണ് രാഹുല്‍ ബ്ലോക്ക് ചെയ്തിട്ടത്.

രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ മുന്നേറിയ സര്‍വീസസിനെ പോയിന്റ് 16ല്‍ എത്തിയപ്പോള്‍ റെയില്‍വേ ഒപ്പംപിടിച്ചു. സര്‍വീസസിന്റെ ഇടംകൈയന്‍ താരം നവീന്‍കുമാറിന്റെ സ്മാഷുകള്‍ ഗ്രൗണ്ടില്‍ ഇടിമുഴക്കം തീര്‍ത്തു. തുടരെ സര്‍വുകള്‍ പാഴാക്കി അദ്ദേഹം റെയില്‍വേക്ക് ഒപ്പമെത്താന്‍ അവസരവും നല്‍കി. സര്‍വീസസിന്റെ മലയാളി താരം കിരണ്‍രാജ് ആറ് ഫിനിഷിംഗുകള്‍ നടത്തി. പോയിന്റ് 23 മുതല്‍ ഇരു ടീമും ഒപ്പത്തിനൊപ്പം മുന്നേറിയതോടെ ഓരോ പോയിന്റിലും കാണികളുടെ നിലക്കാത്ത ഹര്‍ഷാരവം മുഴങ്ങി. സര്‍വീസസ് നിരയി ല്‍ പങ്കജ് ശര്‍മയും റെയില്‍വേ നിരയില്‍ പ്രഭാകരനും തുടര്‍ സ്മാഷുകളിലൂടെ മത്സരം ആവേശമാക്കി. നീണ്ട ചെറുത്തുനില്‍പ്പിന് വിരാമമിട്ട് രണ്ടാം സെറ്റ് 34-32ന് പട്ടാളം അടിയറവ് പറയുകയായിരുന്നു. മൂന്നാം സെറ്റില്‍ തിരച്ചുവരവിനുള്ള സൂചന പോലും നല്‍കാതെ 25- 14ന് സര്‍വീസസ് നിരുപാധികം കീഴടങ്ങി.

 

---- facebook comment plugin here -----

Latest