Connect with us

Kerala

ലഹരി ഉപഭോഗത്തില്‍ വര്‍ധന ; മദ്യ ഉപഭോഗം കുറഞ്ഞു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെങ്കിലും ലഹരിവസ്തുക്കളുടെ ഉപഭോഗത്തില്‍ വന്‍ വര്‍ധനവ്. കഞ്ചാവ്, നിരോധിത പാന്‍മസാലകള്‍, ലഹരി ഗുളികകളുടെ ഉപയോഗം എന്നിവ വര്‍ഷംതോറും കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം കഞ്ചാവ് ഉള്‍പ്പെടെ അഞ്ച് ടണ്‍ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടിച്ചെടുത്തത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. മദ്യത്തിന്റെ ഉപേഭാഗം ഇരുപത് വയസിന് മുകളിലാണെങ്കില്‍ ലഹരിവസ്തുക്കള്‍ക്ക് എട്ട് വയസ് പ്രായമുള്ളവര്‍ മുതല്‍ അടിമയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍, കോളജ് ക്യാമ്പസുകളിലും ലഹരിവസ്തുക്കളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ ചെക്ക് പോസ്റ്റുകളിലൂടെയും അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെയും വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ട്. കുട്ടികളടക്കമുള്ളവരുടെ കഞ്ചാവ് ഉപഭോഗം നിയന്ത്രിക്കാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എക്‌സൈസ് വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തിയതാണ് ലഹരിവസ്തുക്കളുടെ ഉപഭോഗം കൂടാനിടയാക്കിയത്. അതേസമയം എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നിട്ടും ബാറുകള്‍ തുറന്നെങ്കിലും മദ്യത്തിന്റെ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ ചുണ്ടിക്കാട്ടുന്നു. അതേസമയം മദ്യത്തിന്റെ വിലയിലുണ്ടായ വര്‍ധനവ് മൂലം മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ലോട്ടറി വില്‍പ്പനയിലൂടെയുള്ള വരുമാനത്തില്‍ ആയിരം കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 9,440 കോടി രൂപയാണ് മദ്യവില്‍പ്പനയിലൂടെയുള്ള വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഡിസംബര്‍ വരെ 268.81 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പന നടത്തിയെങ്കില്‍ 2017 ല്‍ ഇതേ കാലയളവില്‍ ഇത് 237.10 ലക്ഷം കെയ്‌സായി കുറഞ്ഞു.
ഈ കാലയളവില്‍ മദ്യവില്‍പ്പനയില്‍ 31.71 ലക്ഷം കെയ്‌സിന്റെ കുറവാണുണ്ടായത്. വില്‍പ്പനയില്‍ കുറവ് ഉണ്ടായെങ്കിലും മദ്യത്തിന് ഏഴ് ശതമാനം വിലവര്‍ധിച്ചതു കൊണ്ട് വരുമാനത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

Latest