സംസ്ഥാനത്ത് ലാഭകരമല്ലാത്ത സ്‌കൂളുകള്‍ കൂടുന്നു

Posted on: February 14, 2018 8:04 am | Last updated: February 14, 2018 at 12:05 am

തിരുവനന്തപുരം: സര്‍ക്കാര്‍ ഇടപെടല്‍ മൂലം പൊതുവിദ്യാലയങ്ങളില്‍ പുത്തനുണര്‍വ് പ്രകടമാകുമ്പോഴും സംസ്ഥാനത്ത് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം കൂടുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് റൂമും സ്‌കൂള്‍ ആധുനികവത്കരണവും നടപ്പാക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് അണ്‍എക്കണോമിക് പട്ടികയിലേക്ക് കൂടുതല്‍ സ്‌കൂളുകളെത്തുന്നത്. മതിയായ കുട്ടികളില്ലാതെ ഏത് നിമിഷവും അടച്ച് പൂട്ടിയേക്കാവുന്ന ഈ വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവിടുകയാണ്.

ഒരു ക്ലാസില്‍ ശരാശരി 15 കുട്ടികളെങ്കിലും ഇല്ലാത്ത വിദ്യാലയങ്ങളാണ് അണ്‍എക്കണോമിക് ഗണത്തില്‍ വരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 142 സ്‌കൂളുകളാണ് ലാഭകരമല്ലാത്തവുടെ പട്ടികയിലെത്തിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 5,723 സ്‌കൂളുകളുണ്ട് ഈ ഗണത്തില്‍. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കിയത് വഴി അണ്‍എയ്ഡഡ് മേഖലയില്‍ നിന്നടക്കം നിരവധി കുട്ടികള്‍ കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളിലെത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14,268 കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായെത്തിയത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മറുവശത്തെ കൊഴിഞ്ഞുപോക്കും അനാദായകര സ്‌കൂളുകളുടെ എണ്ണം കൂടുന്നതും.

നഷ്ടത്തിലായ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. അടച്ച് പൂട്ടിയ കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ലാഭകരമല്ലാത്ത ഗണത്തിലുള്ള വിദ്യാലയങ്ങളില്‍ 2,589 സര്‍ക്കാര്‍ സ്‌കൂളുകളാണ്. 3,134 സ്‌കൂളുകള്‍ എയ്ഡഡ് മേഖലയിലും. കണ്ണൂര്‍ ജില്ലയിലാണ് അണ്‍എക്കണോമിക് സ്‌കൂള്‍ കൂടുതല്‍. 737 വിദ്യാലയങ്ങളുണ്ട് ഇവിടെ. കോഴിക്കോട് (603), കോട്ടയം (562) എന്നീ ജില്ലകളാണ് തൊട്ടുപിന്നില്‍. എയ്ഡഡ് മേഖലയില്‍ കൂടുതല്‍ അണ്‍എക്കണോമിക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും കണ്ണൂരിലും കോഴിക്കോടുമാണ്. സര്‍ക്കാര്‍ മേഖലയില്‍ എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതല്‍ അണ്‍എക്കണോമിക് സ്‌കൂളുകള്‍.
സര്‍ക്കാര്‍ മേഖലയിലെ അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ 73.23 ശതമാനവും എയ്ഡഡ് മേഖലയിലെ 78.05 ശതമാനവും എല്‍ പി വിഭാഗത്തിലാണ്. എയ്ഡഡ് മേഖലയിലെ അണ്‍എക്കണോമിക് വിദ്യാലയങ്ങളില്‍ പലതും അടച്ച് പൂട്ടാന്‍ കാത്തിരിക്കുകയാണ് മാനേജ്‌മെന്റുകള്‍. സര്‍ക്കാര്‍ അനുമതി ഇല്ലാത്തതും പ്രാദേശിക എതിര്‍പ്പും ഭയന്നാണ് പലരും മടിച്ച് നില്‍ക്കുന്നത്. കോടതി ഉത്തരവുമായി മാനേജ്‌മെന്റുകളെത്തിയാല്‍ സര്‍ക്കാറിന് മറ്റു വഴികളില്ലാത്ത സ്ഥിതിയുണ്ടാവും.
ജനനനിരക്കിലെ കുറവും കേന്ദ്ര സിലബസിനോടുള്ള താത്പര്യകൂടുതലും കാരണം സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികള്‍ കൂട്ടത്തോടെ പോകുന്നതാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് കേരളത്തില്‍ കുറവാണെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഹൈസ്‌കൂള്‍, യു പി തലത്തിനേക്കാള്‍ കൊഴിഞ്ഞുപോക്ക് കൂടുതല്‍ എല്‍ പി വിഭാഗത്തിലാണ്. 2016-17ലെ കണക്ക് അനുസരിച്ച് കൊഴിഞ്ഞ് പോക്കിന്റെ നിരക്ക് 0.22 ശതമാനമാണ്. എല്‍ പി തലത്തില്‍ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞ് പോക്ക് ഇടുക്കി ജില്ലയിലും യു പി ഹൈസ്‌കൂള്‍ തലങ്ങളില്‍ കൊഴിഞ്ഞ് പോക്ക് കൂടുതല്‍ വയനാട്ടിലുമാണ്. പട്ടികജാതി വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് 0.26 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ വരുന്ന കുട്ടികളുടെ കൊഴിഞ്ഞ് പോകല്‍ 2.27 ശതമാനവുമാണ്.