ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണ; മിനിമം ചാര്‍ജ് എട്ട് രൂപയാകും

Posted on: February 13, 2018 6:27 pm | Last updated: February 14, 2018 at 9:35 am

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഉറപ്പായി. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ധിച്ച് എട്ടു രൂപയാക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് അനുമതി നല്‍കി. ഇതുസംബന്ധിച്ച അന്തിമതീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിരക്കു വര്‍ധനയിന്മേല്‍ ഉചിതമായ തീരുമാനമെടുക്കാനാണ് ഇടതുമുന്നണി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ കാര്യത്തിലും നിലവിലുള്ള സാഹചര്യം പരിശോധിച്ചു തീരുമാനമെടുക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍ നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍ നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍ നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.