മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമി ഉപകേന്ദ്രം ഉദ്്ഘാടനം ഇന്ന്

Posted on: February 11, 2018 12:28 pm | Last updated: February 11, 2018 at 12:28 pm
മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം ഉദ്ഘാടന വേദി ഒരുക്കുന്ന കലാകാരന്മാര്‍

നാദാപുരം: സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ ഉപകേന്ദ്രം ഇന്ന് നാദാപുരത്ത് പ്രവര്‍ത്തന സജ്ജമാകും. കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളായി നടക്കുന്ന വിവിധ പരിപാടികള്‍ നാടിനെ ഉത്സവ ലഹരിയിലാഴ്ത്തി. ഇന്നലെ രാവിലെ നാദാപുരം ഗവ. യു പി സ്‌കൂളില്‍ നടന്ന ജില്ലാതല മാപ്പിളപ്പാട്ട് ആലാപന മത്സരം കവി കുന്നത്ത് മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കരയത്ത് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി കെ കൃഷ്ണന്‍, വി എ അമ്മദ് ഹാജി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി സി ഇഖ്ബാല്‍, കണ്‍വീനര്‍ സി എച്ച് മോഹനന്‍, ട്രഷറര്‍ രജീന്ദ്രന്‍ കപ്പള്ളി, ജോയിന്റ് കണ്‍വീനര്‍മാരായ എം കെ അഷ്റഫ്, സി വി ഹമീദ് ഹാജി, പ്രചരണ വിഭാഗം കണ്‍വീനര്‍ ഇ സിദ്ദീഖ് മാസ്റ്റര്‍ സംസാരിച്ചു. സി ഫൈസല്‍ സ്വാഗതവും അനു പാട്യംസ് നന്ദിയും പറഞ്ഞു.

രാത്രി നാദാപുരം ബസ്സ്റ്റാന്‍ഡില്‍ മോയിന്‍ കുട്ടി വൈദ്യരുടെ ജീവിതം അനാവരണം ചെയ്യുന്ന ഇശലിന്റെ കനല്‍ തോറ്റിയ കവി എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. ചടങ്ങില്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സ്‌നേഹ സന്ദേശം നല്‍കി. ഇന്ന് വൈകീട്ട് നാലിന് വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്ര കക്കംവെള്ളിയില്‍ നിന്ന് തുടങ്ങും. മുത്തുക്കുട, ബാന്‍ഡ്‌വാദ്യം, ചെണ്ടമേളം, വിവിധ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടും. തുടര്‍ന്ന് നാദാപുരം ഗവ. യു പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ ഉപകേന്ദ്രം നാടിനു സമര്‍പ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. രാത്രി ഏഴിന്് വൈദ്യര്‍ അക്കാദമി അവതരിപ്പിക്കുന്ന ഇശല്‍ ഇമ്പം പരിപാടിയും അരങ്ങേറും

ഉദ്ഘാടന വേദി നാദാപുരം പള്ളിയുടെ മാതൃകയില്‍

നാദാപുരം: മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ കൗതുകങ്ങള്‍ ഏറെ. കേരള ചരിത്രത്തില്‍ ഇടംനേടിയ പുരാതനമായ നാദാപുരം വലിയ ജുമുഅത്ത് പള്ളിയുടെ മാതൃകയിലാണ് ഉദ്ഘാടന വേദി ഒരുക്കിയത്. പവിത്രന്‍ ഏറാമല, ശശി ആവോലം, സത്യന്‍ നീലിമ എന്നിവരടങ്ങുന്ന കലാകാരന്‍മാരുടെ സംഘമാണ് ഉദ്ഘാടന വേദി ഒരുക്കിയത്.
കലാകാരന്മാര്‍ പള്ളിക്ക് മുന്നിലെത്തി പളളിയിലെ തച്ചുശാസ്ത്രവും മുന്‍ ഭാഗത്തെ മരത്തില്‍ ചെയ്ത കൊത്തുപണികളും മറ്റും മനസ്സിലാക്കിയാണ് പളളിയുടെ ചെറുരൂപം വേദിക്കായി തയ്യാറാക്കിയത്. മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കലോത്സവങ്ങളില്‍ മാപ്പിള കലകളില്‍ പങ്കെടുക്കുന്നതിന് ഉപകേന്ദ്രത്തില്‍ നിന്ന് പരിശീലനം ലഭിക്കുമെന്ന് മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രാട്ട് പറഞ്ഞു. ഉദ്ഘാടനത്തോടനുബസിച്ച് ഇന്ന് വൈകുന്നേരം നാദാപുരത്ത് നടക്കുന്ന ഘോഷയാത്രയില്‍ മേഖലയിലെ സ്്കൂള്‍ വിദ്യാര്‍ഥികളും അണിനിരക്കും.

 

 

 

.