ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം; കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

Posted on: January 16, 2018 9:39 pm | Last updated: January 17, 2018 at 10:24 am

കൊച്ചി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് 2023 വരെ സബ്‌സിഡി തുടരാനുള്ള സാഹചര്യമുണ്ടായിരുന്നു. അതിനുമുന്‍പേ ഇതിനെ കഴുത്തു ഞെരിച്ചു കൊല്ലേണ്ടതുണ്ടോയെന്നും മന്ത്രി ചോദിച്ചു.

ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടുപോകുന്നതും ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ കേരളത്തില്‍നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണിതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു.

സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യകരമായ തീരുമാണിതെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു.