ഗൾഫ് കപ്പ്: ഖത്വർ പൊരുതിപ്പുറത്തായി

Posted on: December 30, 2017 2:46 pm | Last updated: January 2, 2018 at 11:08 am
SHARE

ദോഹ: പോരാട്ടത്തിന്റെ കരുത്തു മുഴുവന്‍ കളത്തിലിറക്കി ബഹ്‌റൈനു മുന്നില്‍ സമനിലമാത്രം വഴങ്ങി കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ നിന്നും ഖത്വര്‍ പുറത്തായി. നിലവിലെ ചാംപ്യന്‍മാരായിരുന്നു ഖത്വര്‍.
കുവൈത്ത് ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം 6.30ന് ആരംഭിച്ച കാണികളെ സാക്ഷിയാക്കിയാണ് ഖത്വര്‍ ബഹ്‌റൈന്‍ മത്സരം നടന്നത്. സമനിലക്കു വഴങ്ങേണ്ടി വന്നതോടെ പോയിന്റുകളുടെ അടിസ്ഥാനത്തലാണ് ഖത്വര്‍ പുറത്തായത്. കളിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. ഇറാഖിനെതിരായ മത്സരം പരാജയപ്പെട്ടതിനാല്‍ ഖത്വറിന് ബഹ് റൈനെ പരാജയപ്പെടുത്തിയാലേ സെമി ഫൈനലിന് യോഗ്യത നേടാനാകുമായിരുന്നുള്ളു. ബഹ്‌റൈനാകട്ടേ സെമി പ്രവേശം ഉറപ്പിക്കാന്‍ സമനില മതിയായിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ യമനെ പരാജയപ്പെടുത്തി ഇറാഖ് ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍ ഇടം നേടി. സെമിയില്‍ ഇറാഖ് യു എ ഇയെയും ബഹ്റൈന്‍ ഒമാനെയും നേരിടും.
ഇന്നലെ ബഹ്റൈനെതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ നേടി ഖത്വര്‍ കളി കയ്യിലടക്കാന്‍ ശ്രമിച്ചു. ആദ്യപകുതിയുടെ അധികസമയത്ത് പെനാലിറ്റിയിലൂടെ ഹസന്‍ ഖാലിദാണ് ഗോള്‍ നേടിയത്. പെനാലിറ്റി ബോക്സില്‍ ഖത്വര്‍ മുന്നേറ്റനിരയിലെ അക്രം അഫീഫിനെ ബഹ്റൈന്‍ കീപ്പര്‍ അല്‍ഹയാം ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണ് റഫറി ഖത്വറിന് അനുകൂലമായ പെനാലിറ്റി വിധിച്ചത്. കിക്കെടുത്ത ഹസന്‍ ഹയ്‌ദോസിന്റെ പന്ത് കൃത്യമായ വലയില്‍ വീണു.
എന്നാല്‍ രണ്ടാം പകുതിയുടെ 57-ാം മിനുട്ടില്‍ ബഹ്‌റൈന്റെ അലി മദാന്‍ ഖത്വറിന്റെ വല ചലിപ്പിച്ചു. ഇതോടെ കളിക്കളത്തില്‍ ഖത്വറിന്റെ ആത്മവിശ്വാസം ചോരുന്നതു കണ്ട കാണികള്‍ നിരാശരായി. എങ്കിലും തിരിച്ചടിക്കാന്‍ പരമാവധി പരിശ്രമിച്ചു. പലവട്ടം അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഗോളാക്കാന്‍ മെറൂണ്‍ പടക്കു സാധിച്ചില്ല. മത്സരത്തിന്റെ 90-ാം മിനുട്ടില്‍ ഖത്വറിന്റെ അഹമ്മദ് ഫാത്തി മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും വാങ്ങി പുറത്തു പോയതോടെ ഖത്വര്‍ ടീം ബലം പത്തായി ചുരുങ്ങുകയും ജെയ്തു.
ഗള്‍ഫ് കപ്പിലെ ആദ്യ ചുവപ്പുകാര്‍ഡായിരുന്നു അഹമ്മദ് ഫാതിക്ക് ലഭിച്ചത്. ആദ്യപകുതിയുടെ 13-ാം മിനുട്ടിലും 90-ാം മിനുട്ടിലും ബഹ്റൈന്റെ അലി മദാനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണ് ഫാതിക്ക് രണ്ടു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചത്. ഗള്‍ഫ് കപ്പില്‍ ആദ്യ കിരീട നേട്ടമാണ് കുവൈത്തില്‍ ബഹ്റൈന്‍ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇറാഖിനോട് 1-1 സമനില പാലിക്കുകയും രണ്ടാം മത്സരത്തില്‍ യമനെ എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഖത്വറിനെതിരായ സമനിലയോടെ അഞ്ചുപോയിന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനക്കാരായാണ് ബഹ്‌റൈന്‍ സെമിയിലെത്തിയത്. ഇന്നലത്തെ കളി ബഹ്‌റൈന് കരുത്തു കൂട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here