ഓഖി: തിരച്ചിലിനായി 105 ബോട്ടുകള്‍ നാളെ പുറപ്പെടും

Posted on: December 17, 2017 10:47 pm | Last updated: December 18, 2017 at 10:52 am

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം തിങ്കളാഴ്ച വൈകുന്നേരം ഉള്‍ക്കടലിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളതീരത്ത് നിന്നും നൂറ് നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസത്തേക്കായിരിക്കും തിരച്ചില്‍ നടത്തുക. തിരച്ചിലിനാവശ്യമായ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമാസംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളായിരിക്കും തിരച്ചില്‍ നടത്തുക. ഓരോ ബോട്ടും തീരത്തിന് സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരാകലം പാലിച്ചായിരിക്കും സഞ്ചരിക്കുക. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും ഓരോ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കുവാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരച്ചിലിനിടയില്‍ മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ അത് ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.