Connect with us

Gulf

ചൈനീസ് പ്രദര്‍ശനത്തിന് തുടക്കമായി

Published

|

Last Updated

ദുബൈ: മേഖലയിലെ ഏറ്റവും വലിയ ചൈനീസ് പ്രദര്‍ശനം ദുബൈ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മാജിദ് സെയ്ഫ് അല്‍ ഗുറൈര്‍ ഉദ്ഘാടനം ചെയ്തു. വസ്ത്രം, വീട്ടുപകരണങ്ങള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഹാര്‍ഡ് വെയര്‍, ലൈറ്റിങ്, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ വസ്തുക്കളും മേളയിലുണ്ട്. ഈ രംഗത്തുനിന്നുള്ള പരമാവധി ചൈനീസ് നിര്‍മാതാക്കളെ ദുബൈയിലെത്തിക്കാന്‍ സാധിച്ചു. ഉന്നത നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ചൈനീസ് ഉല്‍പാദകരില്‍നിന്ന് നേരിട്ട് വാങ്ങാനുള്ള സൗകര്യമാണ് മേളയിലൂടെ ഒരുക്കുന്നതെന്ന് എംഇ ഓറിയന്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ചീഫ് ഓപറ്റേറ്റിങ് ഓഫിസര്‍ ബിനു പിള്ള പറഞ്ഞു.

വര്‍ഷം പിന്നിടുന്തോറും യു എ ഇ, സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. മേഖലയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. പ്രദര്‍ശകരുടെ എണ്ണത്തിലും 45 ശതമാനം വര്‍ധനയുണ്ടെന്ന് ബിനു പിള്ള പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളെക്കുടാതെ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളും പ്രദര്‍ശനം കണ്ട് ബിസിനസ് ഉറപ്പിക്കാന്‍ എത്തിയിട്ടുണ്ട്. ഈ മാസം പന്ത്രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ചൈന ഹോം ലൈഫില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും നിര്‍മാതാക്കളാണ്. അതുകൊണ്ട് തന്നെ നേരിട്ട് ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിലയും ഉറപ്പാക്കാന്‍ പ്രദര്‍ശനം വഴിവക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചെടി നനക്കുന്ന വിദ്യയും മേളയെ ആകര്‍ഷകമാക്കുന്നു. റോബോര്‍ട്ട് സാങ്കേതിക വിദ്യയില്‍ താല്‍പര്യമുള്ളവര്‍ക്കായി സ്വന്തമായി റോബോ ബൈക്കുകളും ഡ്രോണുകളും ഉണ്ടാക്കാനുള്ള ഉത്പന്നങ്ങളും ചൈന ഫോം ലൈഫ് എക്‌സ്‌പോയിലുണ്ട്. ചൈനീസ് കോണ്‍സല്‍ ജനറല്‍ ലി ലിങ് ബിങ്, ഹമാങ്ഷൂ മുനിസിപ്പല്‍ കമ്മീഷന്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ക്‌സ്യോമിങ് ല്യു എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഷാങ്ഹായി ആസ്ഥാനമായുള്ള എംഇ ഓറിയന്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷനാണ് മൂന്ന് ദിവസത്തെ മേള സംഘടിപ്പിക്കുന്നത്.

 

Latest