നീതിനിഷേധത്തിന്റെ കാല്‍ നൂറ്റാണ്ട്

Posted on: December 5, 2017 6:30 am | Last updated: December 4, 2017 at 11:34 pm
SHARE

ബാബരി മസ്ജിദ് ധ്വംസനത്തിന് നാളേക്ക് 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1992 ഡിസംബര്‍ ആറിനായിരുന്നു, നാല് പതിറ്റാണ്ടിലേറെക്കാലം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദ് കാവിഭീകരര്‍ തകര്‍ത്തത്. ജനാധിപത്യ ഇന്ത്യക്കേറ്റ ആഴത്തിലുള്ള ആ മുറിവ്, ഹിന്ദുത്വ വര്‍ഗീയതയുടെ ആ കറുത്തപാട് ഇന്നും നീതിയുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മുസ്‌ലിം ഇന്ത്യയെ മാത്രമല്ല, മതേതര വിശ്വാസികളെ ഒന്നടങ്കം വേദനിപ്പിച്ച മഹാദുരന്തമായിരുന്നു അത്. ഇന്ന് രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ഗീയതയും അസഹിഷ്ണുതയും രൂക്ഷത പ്രാപിച്ചത് ആ സംഭവത്തോടെയാണ്. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ ചരമദിനം കൂടിയാണ് ഡിസംബര്‍ ആറ് എന്നത് ആകസ്മികമെങ്കിലും ശ്രദ്ധേയമാണ്.

ആകസ്മിക സംഭവമായിരുന്നില്ല ബാബരി ധ്വംസനം. 1949ല്‍ ബലപ്രയോഗത്തിലൂടെ പള്ളി മിഅ്‌റാബില്‍ രാമവിഗ്രഹം സ്ഥാപിക്കല്‍, 1983ലെ ഏകാത്മതാ രഥയാത്ര, 1984ലെ ശ്രീരാമജാനകീ ജന്‍മഭൂമി യാത്ര, 1989ലെ അയോധ്യ ശിലാപൂജ, 1990ല്‍ അഡ്വാനിയുടെ രഥയാത്ര, 1991ലെ കര്‍സേവ എന്നിങ്ങനെ പതിറ്റാണ്ടുകള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് ഹിന്ദുത്വശക്തിള്‍ അത് നിര്‍വഹിച്ചത്. വിശ്വഹിന്ദു പരിഷത്ത്, ശിവസേന, ബജ്‌റംഗ്ദള്‍ എന്നീ ഹിന്ദുത്വ സംഘടനകള്‍ ചേര്‍ന്നാണ് പൊളിക്കല്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നും അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നരസിംഹറാവു, മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, ശിവസേന നേതാവ് ബാല്‍താക്കറെ തുടങ്ങിയവര്‍ക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും ‘കോബ്രാ പോസ്റ്റ്’ ഒളിക്യാമറയിലൂടെ കണ്ടെത്തിയതാണ്. ബാബ്‌രി ധ്വംസനത്തില്‍ പങ്കാളികളായ 23 പ്രമുഖ കര്‍സേവകരില്‍ നിന്നാണ് കോബ്രാ പോസ്റ്റ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടത്തിന് മാത്രമല്ല, ഒരു വേള നീതിപീഠത്തിനും ഇതില്‍ പരോക്ഷമായ പങ്കുണ്ട്. സംഭവം നേരത്തെ അറിഞ്ഞിട്ടും നരസിംഹറാവു ഒന്നുമറിയാത്ത ഭാവത്തില്‍ നിസ്സംഗത പാലിച്ചപ്പോള്‍, പള്ളി പൊളിക്കാനുള്ള കര്‍സേവകരുടെ തയാറെടുപ്പ് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ‘തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ല’ എന്നായിരുന്നല്ലോ പരമോന്നത കോടതിയുടെ പ്രതികരണം. തയാറെടുപ്പ് കാര്യമായപ്പോള്‍ നീതിപീഠത്തിന് മൗനവും.

മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് പള്ളി അതേ സ്ഥാനത്ത് പുനര്‍നിര്‍മിക്കുമെന്ന അന്നത്തെ കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനം ജലരേഖയായി. ഇതു സംബന്ധിച്ചു നീതിപീഠത്തിന്റെ മുമ്പിലുള്ള കേസാണെങ്കില്‍ അനന്തമായി നീളുകയുമാണ്. പട്ടാപ്പകലില്‍ ഭരണകൂടത്തെയും നീതിപീഠത്തെയും വെല്ലുവിളിച്ച് പരസ്യമായി നടത്തിയ ഈ അക്രമത്തിലെ പ്രതികള്‍ ആരെന്ന് കണ്ടെത്താന്‍ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ല. കോടതി നിയമിച്ച നിരീക്ഷകരുടെ കണ്‍മുന്നില്‍ വെച്ചാണല്ലോ പള്ളിയുടെ ഓരോ ഇഷ്ടികയും കാവിഭീകരര്‍ എടുത്തെറിഞ്ഞത്. എങ്കിലും നിയമ നടപടിയുടെ ഭാഗമായി അന്വേഷണത്തിന് ലിബര്‍ഹാന്‍ കമ്മീഷനെ നിയമിച്ചു. ആറ് മാസത്തെ കാലാവധി നല്‍കിയ കമ്മീഷന്‍ 17 വര്‍ഷത്തിന് ശേഷം 2009 നവംബര്‍ 24നാണ് റിപ്പോര്‍ട്ട് പാര്‍ലിമെന്റ് മുമ്പാകെ സമര്‍പ്പിച്ചത്. എല്‍ കെ അഡ്വാനി, എ ബി വാജ്‌പേയി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി തുടങ്ങി സംഘ്പരിവാര്‍ സംഘടനകളുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് പുറത്തുവന്ന് എട്ട് വര്‍ഷം കടന്നുപോയിട്ടും കോടതി തീര്‍പ്പ് വൈകുന്നതും കുറ്റാരോപിതര്‍ പലരും അധികാര സ്ഥാനങ്ങളില്‍ വാഴുകയാണെന്നതും നീതിന്യായ വ്യവസ്ഥക്ക് സംഭവിച്ച വല്ലാത്ത ദുരന്തത്തിന്റെ നേര്‍സാക്ഷ്യമാണ്.

യഥാര്‍ഥത്തില്‍ ബാബരി തകര്‍ത്തവരെ നയിച്ചത് രാമഭക്തിയോ അവരുടെ ലക്ഷ്യം രാമക്ഷേത്രമോ ആയിരുന്നില്ല. വര്‍ഗീയ ധ്രുവീകരണവും അതുവഴി അധികാര ചെങ്കോല്‍ കൈപിടിയിലൊതുക്കി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്ര മാക്കലുമായിരുന്നു. ‘ഇത് ക്ഷേത്രത്തിന്റെ ശിലാന്യാസം മാത്രമല്ല, ഹിന്ദു രാഷ്ട്രത്തിന്റെ കൂടി ശിലാന്യാസമാണെ’ന്നാണല്ലോ 1992 നവംബര്‍ ഒമ്പതിന് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു കൊണ്ട് അശോക് സിംഗാള്‍ പ്രഖ്യാപിച്ചത്. അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും. ജനാധിപത്യ മതേതര ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കയാണ് മോദി സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഈ ഭരണകൂടത്തില്‍ നിന്ന് ബാബരി പ്രശ്‌നത്തില്‍ നീതിപൂര്‍വമായ ഒരു തീരുമാനം മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഒപ്പം, നീതിപീഠത്തിലുള്ള പ്രതീക്ഷകളും അസ്തമിച്ചു കൊണ്ടിരിക്കയാണ്. ബാബരി തകര്‍ത്ത ശേഷം മുസ്‌ലിംകള്‍ക്കെതിരെ കാവി ഭീകരര്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ ഗതി നമ്മുടെ മുമ്പിലുണ്ട്. മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടികയും വോട്ടര്‍ പട്ടികയും കൈവശം വെച്ചാണ് ശിവസേനാ പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് മുംബൈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. ഒരു സൈനിക കമാന്‍ഡറെപ്പോലെ ബാല്‍താക്കറെയാണ് മുസ്‌ലിംകളെ കൊല്ലാന്‍ ഉത്തരവിട്ടതെന്നും കമ്മീഷന്‍ കണ്ടെത്തിയതാണ്. എന്നിട്ടും ഒരു ദിവസം പോലും താക്കറെയെ നിയമനടപടിക്ക് വിധേയനാക്കാന്‍ സര്‍ക്കാറിനോ നീതിപീഠത്തിനോ ആയിട്ടില്ല. അതിലപ്പുറം ഉത്തരവോ നിയമനടപടികളോ ബാബരി ഗൂഢാലോചനാ കേസില്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ? പള്ളിയുടെ തകര്‍ച്ച പോലെ അതുമായി ബന്ധപ്പെട്ട നിയമനടപടികളും മുസ്‌ലിംകളുടെ മനസ്സുകള്‍ക്ക് മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here