തോമസ് ചാണ്ടി രാജിവെച്ചേ തീരൂ എന്ന് പ്രതിപക്ഷം; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് കോടിയേരി

Posted on: November 8, 2017 1:08 pm | Last updated: November 8, 2017 at 3:00 pm

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായാലും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പറഞ്ഞ കോടിയേരി ഹൈക്കോടതിയുടെ പ്രതികരണത്തെക്കുറിച്ച് കുടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും വ്യക്തമാക്കി.

തോമസ് ചാണ്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ പറഞ്ഞു. തോമസ് ചാണ്ടി ഇനിയും മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ മുഖ്യമന്ത്രിക്ക് ജനങ്ങളോട് മാപ്പ് പറയേണ്ടിവരും. ഹൈക്കോടതി പരാമര്‍ശത്തോടെ തോമസ് ചാണ്ടിക്ക് പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പില്ലാത്ത അവസ്ഥയാണ് ഉണ്ടായതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനുകീഴില്‍ എല്ലാ പൗരന്മാര്‍ക്കും ഒറ്റനീതിയെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ച് അറിയില്ല. വിധിന്യായത്തിന്റെ ഭാഗമല്ലാത്ത പരാമര്‍ശങ്ങള്‍ പരിഗണിക്കേണ്ടതില്ല. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടന്നും കാനം പറഞ്ഞു.

തോമസ് ചാണ്ടി രാജിവെച്ചേ മതിയാകൂ എന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
ഗതാഗത ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.