ഉത്തര്‍പ്രദേശില്‍ പൂര്‍ണ ഗര്‍ഭിണിയെ പോലീസ് മര്‍ദിച്ചുകൊന്നു

Posted on: October 30, 2017 3:03 pm | Last updated: October 30, 2017 at 6:21 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച്
ഗര്‍ഭിണിയെ പോലീസുകാര്‍ മര്‍ദിച്ചുകൊന്നു. എട്ട് മാസം ഗര്‍ഭിണിയായ രുചി റാവത്ത് (22) ആണ് കൊല്ലപ്പെട്ടത്. ബാരാബങ്കി ജില്ലയില്‍ ഞായറാഴ്ച സംഭവം. ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ പോലീസിന്റെ മര്‍ദനമേറ്റാണ് പോലീസ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചെന്ന് ആരോപിച്ചാണ് പോലീസ് ക്രൂരമര്‍ദനം അഴിച്ചുവിട്ടത്. യുവതിയുടെ വയറ്റില്‍ ബൂട്ടിട്ട് തൊഴിച്ചതായും ലാത്തികൊണ്ട് അടിച്ചതായും സമീപവാസിയായ സ്ത്രീ പറഞ്ഞു.

അതേസമയം, കുടുംബം അനധികൃതമായി മദ്യം സൂക്ഷിച്ച് കച്ചവടം നടത്തിയിരുന്നുവെന്നാണ് അധികൃതരുടെ വാദം. ഇതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് യുവതി മരിച്ച വിവരമറിയുന്നത്. ഹൃദയാഘാതം മൂലം മരണപ്പെട്ടതാകാമെന്നും ഇവര്‍ വാദിച്ചു. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.