Connect with us

National

ഗുജറാത്തിലെ കൂട്ട ശിശുമരണം മൂന്നംഗ വിദഗ്ധ സമിതി അന്വേഷിക്കും

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ച സംഭവം മൂന്നംഗ വിദഗ്ധ സമിതി അന്വേഷിക്കും. നവജാതശിശുക്കളുടെ മരണം വലിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിവെച്ചതോടെയാണ്‌ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നയിക്കുന്ന സംഘം പ്രാഥമികാന്വേഷണം നടത്തി ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 18 ആയിയിരുന്നു. മഹിസാഗര്‍ ജില്ലയിലെ ലുനാവാഡ സര്‍ക്കാര്‍ ആശുപത്രി, സുരേന്ദ്രനഗര്‍ ജില്ലാ ആശുപത്രി എന്നിവ കൂടാതെ ഗാന്ധിനഗറിലെ മന്‍സാ, അഹമ്മദാബാദിലെ വിരംഗം, സബര്‍കാന്തയിലെ ഹിമത്‌നഗര്‍ ആശുപത്രികളില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയില്‍ ഇവിടെ എത്തിച്ചാണ് മരിച്ച അഞ്ച് കുട്ടികളെ.
മരിച്ച കുട്ടികള്‍ക്കെല്ലാം തന്നെ ഭാരക്കുറവ് ഉണ്ടായിരുന്നതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം എം പ്രഭാകര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്നു കുട്ടികളെങ്കിലും ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും സൂ്രപണ്ട് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മികച്ചതെന്ന് കണക്കാക്കപ്പെടുന്ന ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളാണ് മരിച്ചതെന്നതിനാല്‍ ഇതിനകം വിവാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്കെതിരെ ശക്തമായ വിമര്‍ശമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്ത് നിന്ന് കൂടി ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ എഴുപതോളം കുട്ടികള്‍ മരിച്ച സംഭവ ചൂണ്ടിക്കാട്ടിയായിരുന്നു ഗെഹ്‌ലോട്ടിന്റെ വിമര്‍ശം.
ദീപാവലി അവധി കാരണം സര്‍ക്കാര്‍ ആശുപത്രികളിലടക്കം ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്ക് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ രോഗികളുടെ പ്രവാഹമായിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാറിന് കീഴില്‍ ഏറ്റവും മികച്ച ചികിത്സാ സജ്ജീകരണങ്ങളുള്ള ആശുപത്രിയാണ് അഹമ്മദാബാദിലേത്. ഇവിടെയാണ് ശിശുക്കളുടെ കൂട്ടമരണം.

Latest