വിനോദ് വര്‍മയുടെ അറസ്റ്റ് ഉയര്‍ത്തുന്ന ആശങ്കകള്‍

എന്‍ ഡി ടി വി വാര്‍ത്താ ചാനല്‍ ഒരു ദിവസത്തേക്ക് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്നീട് പിന്‍വലിച്ചെങ്കിലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരുന്ന മാധ്യമങ്ങളോടുള്ള സര്‍ക്കാറിന്റെ മനോഭാവം ഇത് വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യവേ ചാനല്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഈ നടപടി.
Posted on: October 29, 2017 6:19 am | Last updated: October 28, 2017 at 11:27 pm
SHARE

മുന്‍ ബി ബി സി റിപ്പോര്‍ട്ടറും അമര്‍ ഉജാല ലേഖകനുമായ വിനോദ് വര്‍മ്മയെ അറസ്റ്റ് ചെയ്ത ഛത്തീസ് ഗഡ് സര്‍ക്കാര്‍ നടപടി വിവാദമായിരിക്കയാണ്.ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രി ഉള്‍പ്പെട്ട ലൈംഗിക വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഇന്ദ്രാപുരത്തുള്ള വീട്ടില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിനോദ് വര്‍മയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഛത്തീസ്ഗഢ് ബിജെപി നേതാവ് പ്രകാശ് ബജാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിനോദ് വര്‍മയുടെ വീട്ടില്‍ നിന്ന് ഇതിന്റെ സിഡി കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച പൊലീസ് ഐടി ആക്ട് പ്രകാരമാണ് അറസ്‌റ്റെന്നും കേസില്‍ വിനോദ് വര്‍മക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു.

എന്നാല്‍ തന്റെ കൈവശം ഛത്തീസ്ഗഢ് മന്ത്രി നടത്തിയ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ടേപ്പുണ്ടെന്നും അത്പുറത്തു വരാതിരിക്കാനാണ് തന്നെ അറസ്റ്റ് ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തതെന്നുമാണ് വര്‍മ പറയുന്നത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. മുന്‍പ് ബിബിസിയുടെ റിപ്പോര്‍ട്ടറായും അമര്‍ ജ്വാലയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്ന വിനോദ് വര്‍മ ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് പഠിക്കാനായി എഡിറ്റേഴ്‌സ് ഗില്‍ഡ് 2016 ല്‍ നിയോഗിച്ച സംഘത്തിലെ അംഗവുമായിരുന്നു. ഈ വിരോധവും സര്‍ക്കാറിന് വര്‍മയോടുണ്ടെന്നാണ് പറയപ്പെടുന്നത്. ഛത്തീസ്ഗഢ് കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപേഷ് ഭാഗലിന്റെ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം.

അധികാരസ്ഥാനീയര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാപന ഉടമകള്‍ക്കു തന്നെയും സ്വയം പണയംവെക്കാത്ത മാധ്യമ പ്രവര്‍ത്തനത്തിനു മാത്രമേ സ്വന്തം സ്വാതന്ത്ര്യം നിലനിര്‍ത്താനും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനും കഴിയൂ. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അധികാര വര്‍ഗത്തെ ഭയക്കേണ്ടി വരികയും വാര്‍ത്തകളില്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ട സ്ഥിതി വിശേഷം ഒരു ജനാധിപത്യ ഭരണത്തില്‍ ഭൂഷണല്ല. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നെറികേടുകളും ജനമധ്യത്തില്‍ വെളിപ്പെടുത്തുന്ന മാധ്യമ ധര്‍മത്തില്‍ അവര്‍ കടുത്ത അസംതൃപ്തരും രോഷാകുലരുമാണ്. അതിന് തടയിടാന്‍ വളഞ്ഞ വഴിയിലൂടെ പല ശ്രമങ്ങളും നടത്തിയതുമാണ്. അത് ഫലപ്പെടാതെ വന്നപ്പോള്‍ ഈ ലക്ഷ്യത്തില്‍ നിയമനിര്‍മാണം തന്നെ അവരുടെ പരിഗണനയിലുണ്ട്. രാജീവ് ഗാന്ധി സര്‍ക്കാറിന്റെ കാലത്ത് ഇത്തരമൊരു ബില്‍ കൊണ്ടു വന്നിരുന്നു. പത്രമാരണ ബില്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പ്രസ്തുത നിയമ നിര്‍മാണം എതിര്‍പ്പുകളെ തുടര്‍ന്നാണ് നടക്കാതെ പോയത്. മോദി സര്‍ക്കാര്‍ പുതിയൊരു മാധ്യമ നിയന്ത്രണ സ്ഥാപനത്തിന്റെ പണിപ്പുരയിലാണെന്ന് പറയപ്പെടുന്നുണ്ട്.

എന്‍ ഡി ടി വി വാര്‍ത്താ ചാനല്‍ ഒരു ദിവസത്തേക്കു നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്നീട് പിന്‍വലിച്ചെങ്കിലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരുന്ന മാധ്യമങ്ങളോടുള്ള സര്‍ക്കാറിന്റെ മനോഭാവം ഇത് വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യവേ ചാനല്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഈ നടപടി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ അഴിമതിക്കേസില്‍ കുറ്റാരോപിതരായവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതിനിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയുണ്ടായി. അഴിമതി ആരോപണത്തില്‍പ്പെട്ടവരുടെ പദവിയോ, കുടുംബത്തെ സംബന്ധിച്ച വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഓര്‍ഡിനന്‍സ് മാധ്യമങ്ങളെ വിലക്കുന്നു. ഇത് ലംഘിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഓര്‍ഡിനന്‍സില്‍ പരാമര്‍ശിക്കുന്നു. കേരളത്തില്‍ തന്നെ മന്ത്രിസഭാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ജനാധിപത്യ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന തീരുമാനത്തിന് പിന്നിലെ താത്പര്യം ദുരൂഹമാണ്. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുംമേല്‍ ബാഹ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കുമെന്ന് 2012 സെപ്റ്റംബര്‍ 11ലെ ഒരു ഉത്തരവില്‍ സുപ്രീംകോടതി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചതാണ്.

ഒരൂ ഡസനില്‍പരം വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി രാജ്യത്തെ അഭിപ്രായ പ്രകടന, വാര്‍ത്താവിതരണ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിവാര്യമാണ്. ”നമുക്ക് പത്രമാധ്യമങ്ങളില്ലാത്ത ഗവണ്‍മെന്റ് വേണോ ഗവണ്‍മെന്റില്ലാത്ത പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാന്‍ എനിക്ക് വിട്ടുതരികയാണെങ്കില്‍ ഞാന്‍ ഒരു നിമിഷം പോലും അമാന്തിക്കില്ല രണ്ടാമത്തേത് തെരഞ്ഞെടുക്കാന്‍” എന്ന തോമസ് ജെഫേഴ്‌സന്റെ വാക്കുകള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

അതെസമയം വിനോദ് വര്‍മ്മ ഛത്തീസ്ഗഡ് മന്ത്രിക്കെതിരെ സെക്‌സ് ടേപ്പുകള്‍ നിര്‍മ്മിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന പരാതി ശരിയെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യവുമാണ്. തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്തം മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട്. ജനാധിപത്യത്തിന്റെ മാത്രമല്ല ധാര്‍മിക മൂല്യങ്ങളുടെയും സദാചാരത്തിന്റെയും കാവല്‍ക്കാര്‍ കൂടിയായിരിക്കണം മാധ്യമങ്ങള്‍. അത് കേവലം ഒരു വ്യവസായമോ ഇര തേടലോ മാത്രമല്ല. സ്വകാര്യലാഭത്തിന് വേണ്ടിയുള്ള മാര്‍ഗമായി അതിനെ അധപതിപ്പിക്കരുത്. അതൊരു സാമൂഹിക സേവനവും സാംസ്‌കാരിക പ്രവര്‍ത്തനവും കൂടിയായിരിക്കണം. ഭരണകൂടത്തിന്റെ അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതിലും അഴിമതി മുക്ത രാജ്യത്തിന്റെ സൃഷ്ടിപ്പിലും പങ്ക് വഹിക്കുന്നത് പോലെ മൂല്യാധിഷ്ടിത സമൂഹത്തിന്റെ സൃഷ്ടിപ്പിലും മാധ്യമങ്ങള്‍ക്ക് പങ്ക് വഹിക്കാനുണ്ട്.

എന്നാല്‍ മാധ്യമങ്ങള്‍ സമൂഹത്തെ മൂല്യങ്ങളുടെയും ധര്‍മത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍, സ്വയം അത് ഉള്‍ക്കൊള്ളുകയും മാധ്യമ പ്രവര്‍ത്തനത്തില്‍ അത് പ്രതിഫലിക്കുകയും വേണം. പ്രേക്ഷകരുടെ ശ്രദ്ധനേടാനും പ്രചാരണം വര്‍ധിപ്പിക്കാനും സെന്‍സേഷേണലിസവും ഗോസിപ്പും കൂട്ടിക്കലര്‍ത്തി വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് മാധ്യമ ധര്‍മത്തിന് നിരക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here