യു എ ഇയില്‍ 23 ശതമാനം കുടുംബങ്ങളിലും കുടുബാംഗങ്ങളിലധികം വീട്ടുജോലിക്കാരെന്ന്‌

Posted on: October 22, 2017 9:30 pm | Last updated: October 22, 2017 at 9:30 pm

അബുദാബി: വീട്ടുവേലക്കാര്‍ ഇമാറാത്തി കുടുംബങ്ങളില്‍ ഒഴിവാക്കാനാവാത്ത ഘടകമാണെങ്കിലും ഇവരുടെ സേവന മേഖല കുടുംബങ്ങളില്‍ നിര്‍ണയിക്കുകയും ചില അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ടെന്ന ബോധവത്കരണം ആവശ്യമെന്ന് അഭിപ്രായം. ജനറല്‍ വുമണ്‍സ് യൂണിയനാണ് ഇത്തരമൊരു ബോധവത്കരണ ആവശ്യകത മുന്നോട്ടുവെച്ചത്.

ഉമ്മുല്‍ ഇമാറാത്തും ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണും ഫാമിലി ഡിവലപ്‌മെന്റ് ഫൗണ്ടേഷന്‍ തലവയുമായ ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിന്റെ നിര്‍ദേശ പ്രകാരമാണ് യൂണിയന്‍ ബോധവത്‌രണം നടത്തുന്നതെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വീട്ടുവേലക്കാര്‍ കാരണം കുടുംബത്തിനകത്തുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ ബോധവാന്‍മാരാക്കുകയാണ് പ്രധാന ലക്ഷ്യം. വീട്ടിനകത്ത് അവര്‍ക്ക് നിയന്ത്രണം വരുത്തേണ്ടതിന്റെ ആവശ്യകതയും കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യങ്ങളില്‍ വേലക്കാരെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും ബോധവല്‍ക്കരിക്കാനും ഇത്തരമൊരു നീക്കം ലക്ഷ്യമിടുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ രാജ്യത്ത് നടത്തിയ ഔദ്യോഗിക കണക്കെടുപ്പനുസരിച്ച് ,യു എ ഇയിലെ സ്വദേശി കുടുംബങ്ങളില്‍ 23 ശതമാനത്തിലും വീട്ടുവേലക്കാരുടെ എണ്ണം കുടുംബാംഗങ്ങളെക്കാള്‍ കൂടതലാണെന്നാണ്. മാത്രമല്ല, അബുദാബി താമസക്കാരില്‍ ആറു ശതമാനവും രാജ്യത്തെ മൊത്തം താമസക്കാരില്‍ അഞ്ചു ശതമാനവും വീട്ടുവേലക്കാരാണ്. കുടുംബങ്ങളിലെ സ്വസ്ഥതയും സമാധാനവും വളരെ പ്രധാനമാണ്. കുടുംബത്തിലെ സാമാധാനാന്ത രീക്ഷത്തിന് വിട്ടുവേലക്കാര്‍ ഒരിക്കലും കാരണമായിക്കൂടാ.

വീട്ടുവേലക്കാരുടെ അവകാശങ്ങളും അവര്‍ക്കുമേല്‍ വീട്ടുകാര്‍ക്കുള്ള അധികാരങ്ങളും കൃത്യമായി തിരിച്ചറിയണം, ജനറല്‍ വിമന്‍സ് യൂണിയനിലെ റിസര്‍ച് ആന്റ് ഡെവലെപ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ മര്‍യം അല്‍ മുന്‍ദിരി പറഞ്ഞു. പുതിയ വേലക്കാര്‍ വീട്ടിലെത്തുമ്പോള്‍ വീട്ടിനകത്ത് അവരുടെ മേഖലയും ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട് കുടുംബനാഥനും കുടുബിനിക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം, അതിനനുസരിച്ച് അവര്‍ക്ക് നിര്‍ദേശം നല്‍കണം, അല്‍ മുന്‍ദിരി ചൂണ്ടിക്കാട്ടി. ഇത്തരമൊരു ബോധവത്കരണം 2016 മുതല്‍ ആരംഭിച്ചതും ഇപ്പോഴും തുടര്‍ന്നുവരുന്നതുമാണ്. മാനവവിഭവശേഷി, സ്വദേശി വത്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ നടന്നുവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായവും യൂണിയന്‍ തേടുന്നുണ്ട്.