ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണോ?

പഠനവും രാഷ്ട്രീയവും ഒന്നിച്ചുപോകില്ല, പ്രിതിഷേധ സമരങ്ങള്‍ കലാലയങ്ങളില്‍ പാടില്ല. സമരം നടത്തുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാമെന്നൊക്കെ നഗ്നമായ വിധത്തില്‍ പ്രശ്‌നത്തിന്റെ സാമൂഹിക മാനത്തെക്കുറിച്ച് ചിന്തിക്കാതെയുള്ള വിധി പ്രസ്താവനകള്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. ഒന്നാമതായി, രാഷ്ട്രീയം എന്ന വ്യവഹാരത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ സമാര്‍ജിക്കാതെ സമൂഹം അരാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കലാലയങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. എന്താണ് രാഷ്ട്രീയ മെന്നത്? രാഷ്ട്രീയത്തിനതീതമായി ഏതെങ്കിലും പൗരന് നിലനില്‍ക്കാനാകുമോ?
Posted on: October 21, 2017 8:42 am | Last updated: October 21, 2017 at 8:33 am

ക്യാമ്പസില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതുമായി ബന്ധപ്പെട്ട സംവാദങ്ങളും പ്രതിഷേധങ്ങളും ചിന്താക്കുഴപ്പങ്ങളും പലവിധ രൂപങ്ങളില്‍ പ്രകടിതമായിക്കൊണ്ടിരിക്കുന്നു. കോളജുകളില്‍ സമരമോ ധര്‍ണയോ സത്യാഗ്രഹമോ അനുവദിക്കാനാവില്ലെന്ന സംസ്ഥാന ഹൈക്കോടതിയുടെ ഇടക്കാല വിധി സമീപകാല മൂലധന താത്പര്യാനുകൂല നിലപാടുകളിള്‍ ഒന്നായി കാണുന്നവരുണ്ട്. വിദ്യാര്‍ഥികളുടെ ഏക ചുമതല പഠിക്കുകമാത്രമാണ് എന്നുകരുതുന്നവരും കുറവല്ല. മാറുന്ന കലാലയത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍പോലെയോ കേന്ദ്രീയ വിദ്യാലയങ്ങള്‍പോലെയോയാക്കി മാറ്റാന്‍ ആഗ്രിഹിക്കുന്നവര്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നു.
പഠനവും രാഷ്ട്രീയവും ഒന്നിച്ചുപോകില്ല, പ്രിതിഷേധ സമരങ്ങള്‍ കലാലയങ്ങളില്‍ പാടില്ല. സമരം നടത്തുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാമെന്നൊക്കെ നഗ്നമായ വിധത്തില്‍ പ്രശ്‌നത്തിന്റെ സാമൂഹിക മാനത്തെക്കുറിച്ച് ചിന്തിക്കാതെയുള്ള വിധി പ്രസ്താവനകള്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. ഒന്നാമതായി, രാഷ്ട്രീയം എന്ന വ്യവഹാരത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ സമാര്‍ജിക്കാതെ സമൂഹം അരാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കലാലയങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. എന്താണ് രാഷ്ട്രീയ മെന്നത്? രാഷ്ട്രീയത്തിനതീതമായി ഏതെങ്കിലും പൗരന് നിലനില്‍ക്കാനാവുമോ?

ഒരാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം സമൂഹത്തെ നിയന്ത്രിക്കുന്ന, അഥവാ അതിലെ എല്ലാ പൗരന്മാരേയും ഒരേപോലെ ബാധിക്കുന്ന രാഷ്ട്രമീമാംസയുടെ തത്ത്വത്തെയാണ് രാഷ്ട്രീയമെന്ന് വിളിക്കുന്നത്. രാഷ്ട്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാഷ്ട്രീയമാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് രാഷ്ട്രീയ നിയമനിര്‍മാണ സഭകളല്ലേ? സാമ്പത്തിക വ്യവസ്ഥയെ പോലും നിയന്ത്രിക്കുന്നത് പുറമേക്കാണെങ്കിലും പരമോന്നത രാഷ്ട്രീയ സഭയായ പാര്‍ലിമെന്റ് അല്ലേ? അതില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ തൊഴിലളികള്‍ക്കോ അഭിഭാഷകര്‍ക്കോ ഭിഷഗ്വരന്മാര്‍ക്കോ മാറിനില്‍ക്കാനാകുമോ? കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറിനില്‍ക്കാം. അതിനര്‍ഥം രാഷ്ട്രീയ വ്യവസ്ഥതിയില്‍നിന്ന് രക്ഷപ്പെട്ടെന്നാണോ? ഒരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍, അയാള്‍ അറിഞ്ഞോ അറിയാതെയോ ഇവിടെ നിലവിലുള്ള രാഷ്ട്രീയ സമ്പ്രദായത്തിന്റെ ഭാഗമാണ്.

വിദ്യാര്‍ഥികള്‍ എക്കാലവും സമൂഹത്തിലെ ഏറ്റവും ചലനാത്മകമായ രാഷ്ട്രീയ ശക്തി തന്നെയായിരുന്നു. നമ്മുടെ സ്വാതന്ത്ര്യസമര കാലഘട്ടത്തിലേക്കു ഒന്ന് തിരിഞ്ഞു നോക്കിയാല്‍ അക്കാലത്തെ കലാലയങ്ങള്‍ രാഷ്ട്രീയ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളുടെ അഭേദ്യഭാഗമായിരുന്നുവെന്നു കാണാം. സി ആര്‍ ദാസ്, ലാലാലജ്പത്‌റായ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാരഥന്മാരെല്ലാം ക്യാമ്പസ് രാഷ്ട്രീയത്തിന്റെ സൃഷ്ടികളായിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ധര്‍ണയും സത്യാഗ്രഹവുമെല്ലാം മഹാത്മാഗാന്ധിയെപ്പോലെയുള്ള നേതാക്കള്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന മാര്‍ഗരൂപങ്ങളായിരുന്നു. എന്നാല്‍, ഇക്കാലത്ത് അതൊന്നും വേണ്ടായെന്ന് അന്ധമായി പറയുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? ബ്രിട്ടീഷ് വാഴ്ചയെക്കാള്‍ ഹീനമായ ഒരു ഭരണം രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ നിശബ്ദരായിക്കണമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? നമ്മുടെ ഭരണഘടന തന്നെ ധര്‍ണയും സംഘടനാ പ്രവര്‍ത്തനങ്ങളും ജനാധിപത്യപരമായ പ്രതിഷേധങ്ങളും അനുവദിക്കുന്നുണ്ട്. ഭരണഘടനാ ശില്‍പിയും ക്യാമ്പസ്് രാഷ്ട്രീയത്തെ നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല.

സാമൂഹിക ജീവിതത്തില്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്നില്ല. ഭരണഘടനയുടെ അന്തഃസത്തക്ക് എതിരായി പ്രവര്‍ത്തിക്കരുതെന്ന് മാത്രം. എന്തിനേറെ, ഈ ഭരണഘടനയും കോടതിനിയമങ്ങളും നീതിന്യായ വ്യവസ്ഥയും മറ്റുമൊക്കെ എങ്ങനെയാണ് ഉണ്ടായത്? അതൊരു സുദീര്‍ഘമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് ആധുനിക ജഡ്ജിമാര്‍ ഓര്‍ക്കുന്നത് നന്ന്. ആ രാഷ്ട്രീയ പ്രക്ഷോഭങ്ങളാകട്ടെ കൂടുതലും നടന്നിട്ടുള്ളത് കലാലയങ്ങളിലുമായിരുന്നു.

‘രാഷ്ട്രീയ പ്രക്ഷോഭം’ എന്നൊക്കെ പറയുമ്പോള്‍ കക്ഷി രാഷ്ട്രീയക്കാര്‍ നടത്തുന്ന അക്രമപേക്കൂത്തുകളായിരിക്കും ജഡ്ജിമാരുടെ മനസ്സിലേക്ക് വരിക. എന്നാല്‍, അങ്ങനെയല്ലയെന്ന് വിനയപൂര്‍വം ഓര്‍മിപ്പിക്കട്ടെ. സമൂഹ നിര്‍മിതിക്കാവശ്യമായ ആശയാദര്‍ശങ്ങള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് കലാലയങ്ങള്‍. കലയും സാഹിത്യവും രാഷ്ട്ര നിര്‍മാണ പ്രശ്‌നങ്ങളെ അധികരിച്ച സംവാദങ്ങളും മറ്റുമെല്ലാം സമഞ്ജസം വിരിഞ്ഞാടുന്ന കേന്ദ്രങ്ങളാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. രാഷ്ട്രീയം വേറെ പഠനം വേറെയെന്ന് സാമൂഹിക ശാസ്ത്രത്തിന്റെ ബാലപാഠമറിയുന്ന ആളുകള്‍ക്ക് പറയാനാകില്ല. പഠനംതന്നെ ഒരു രാഷ്ട്രീയ പ്രക്രിയയാണ്. എന്താണ് പഠിക്കാനുള്ളത്? സമൂഹത്തെക്കുറിച്ചല്ലേ? ജനങ്ങളെക്കുറിച്ചല്ലേ? വിവിധ ശാസ്ത്രങ്ങളും സാമൂഹിക വിചാരങ്ങളുമല്ലേ? ഭാഷയും അതിന്റെ വ്യാകരണങ്ങളുമല്ലേ? അതിനെ രാഷ്ട്രീയത്തില്‍ നിന്ന്, രാഷ്ട്ര നിര്‍മിതിയില്‍ നിന്ന് അടര്‍ത്തിമാറ്റികാണാനാവുന്നതെങ്ങനെ?

പിന്നെ, അതിന്റെ പ്രയോഗം. അതൊരു ജനാധിപത്യപരമായ പ്രക്രിയയാണ്. കലാലയ തിരഞ്ഞെടുപ്പുകള്‍, ആശയസംവാദങ്ങള്‍ എന്നിവയൊക്കെ പുതിയ തലമുറക്കു നമ്മുടെ ജനാധിപത്യ വേദികളിലേക്ക് കടന്നുവരാനുള്ള പശ്ചാത്തലമൊരുക്കലാണ്. മാനേജ്‌മെന്റുകള്‍ വരക്കുന്ന കളത്തിനുള്ളില്‍ അച്ചടക്കമുള്ള അടിമകളെപ്പോലെ കഴിഞ്ഞുകൂടുമ്പോഴല്ല ഉത്തമ പൗരബോധമുള്ള സമൂഹം ജനിക്കുന്നത്. ‘ഇടിമുറികളില്‍’ യുവത്വത്തെ അടിയറവെക്കുന്നവര്‍ക്ക് ഉയര്‍ന്ന വ്യക്തിത്വമുള്ള പൗരന്മാരായി വളരാന്‍ കഴിയില്ലല്ലോ.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം രൂപയാക്കാന്‍ സുപ്രീംകോടതി വിധിച്ചു. ആ വിധി ആത്മാഭിമാനമുള്ള വിദ്യാര്‍ഥികള്‍ക്കു അംഗീകരിക്കാന്‍ കഴിയുമോ? തെറ്റായ വിധി വന്നാല്‍ അതു തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം രാഷ്ട്രീയമാണ് പൗരന് നല്‍കുന്നതെന്ന് മനസ്സിലാക്കണം. എന്നാല്‍, സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കു വേണ്ടത് ചോദ്യം ചെയ്യാതെ കീഴടങ്ങുന്ന ഉപഭോക്താക്കളെയാണ്. അത് അംഗീകരിക്കാനാവില്ല.

പിന്നെ, അക്രമരാഷ്ട്രീയം. അത് പ്രസക്തമായ ഒരു കാര്യമാണ്. അക്രമരാഷ്ട്രീയം നടത്തുന്ന വിദ്യാര്‍ഥി സംഘടനകളാണ് വിദ്യാര്‍ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കാന്‍ അധികാരികള്‍ക്കു അവസരം തുറന്നുകൊടുക്കുന്നത്. അതിനെയൊരു മറയാക്കിക്കൊണ്ടാണ് പൗരാവകാശങ്ങള്‍ തുടര്‍ച്ചയായി ധ്വംസിക്കപ്പെടുന്നത്. അതിനുത്തരവാദികള്‍ എസ് എഫ് ഐയും എ ബി വി പിയും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും അവരുടെ അക്രമ രാഷ്ട്രീയ ശൈലിയുമാണ്. അതിനെ എല്ലാവരും എതിര്‍ത്ത് പരാജയപ്പെടുത്തണം. പക്ഷേ, തലവേദനക്ക് പരിഹാരം തലവെട്ടലല്ലോ. അവിടെയും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അഭികാമ്യം. ജനാധിപത്യം പുനഃസ്ഥാപിച്ചുകൊണ്ട് വ്യക്തിത്വവും ആത്മാഭിമാനവുമുള്ള വിദ്യാര്‍ഥികളുടെ, രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ഥികളുടെ തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നതായിരിക്കണം കലാലയത്തിനുള്ളിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആകമാന ലക്ഷ്യം.

ജനാധിപത്യവകാശത്തെ നിരോധിക്കാനോ തടയാനോ ഒരു ശക്തിക്കും സാധ്യമല്ല. അത് തകര്‍ന്നാല്‍, ജനാധിപത്യ വ്യവസ്ഥ തന്നെ അപ്രത്യക്ഷമാകും. പിന്നീട് ഫാസിസ്റ്റ് ശക്തികള്‍ രാജ്യം കാല്‍ക്കീഴിലാക്കും.