Connect with us

National

മലയാളികള്‍ക്ക് ആശ്വാസമായി കര്‍ണാടക ആര്‍ ടി സിയുടെ ഐരാവത് ഡയമണ്ട് ക്ലാസ് ബസുകള്‍

Published

|

Last Updated

ബെംഗളൂരു: മലയാളി യാത്രക്കാര്‍ക്ക് ആശ്വാസമായി കര്‍ണാടക ആര്‍ ടി സി യുടെ ഐരാവത് ഡയമണ്ട് ക്ലാസ് ബസുകള്‍ നിരത്തിലിറങ്ങി. ബെംഗളൂരുവില്‍ നിന്ന് ആലപ്പുഴയിലേക്കും ശ്രീഹരിക്കോട്ടയിലേക്കുമാണ് ഇവ സര്‍വീസ് നടത്തുക. ശാന്തിനഗര്‍ ബസ് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എച്ച് എം രേവണ്ണ, കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, കര്‍ണാടക ആര്‍ ടി സി വൈസ് ചെയര്‍മാന്‍ ബസവരാജ് ബുള്ള, മാനേജിംഗ് ഡയറക്ടര്‍ എസ് ആര്‍ ഉമാശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു.

ബെംഗളൂരു- ആലപ്പുഴ സര്‍വീസിന് 1205 രൂപയാണ് ടിക്കറ്റ് നിരക്ക്. രാത്രി 7.45ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഏഴിന് ആലപ്പുഴയില്‍ എത്തും. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 6.30ന് ബെംഗളൂരുവിലെത്തും. ബെംഗളൂരു- ശ്രീഹരിക്കോട്ട സര്‍വീസിന് 790 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴ ഭാഗത്തേക്കുള്ള മലയാളി യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ബെംഗളൂരു- ആലപ്പുഴ ഐരാവത് ഡയമണ്ട് ക്ലാസ് സര്‍വീസ്. ഇവിടെനിന്ന് ഇരുപതോളം സ്വകാര്യ ബസുകള്‍ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കേരള- കര്‍ണാടക ആര്‍ ടി സി കള്‍ എ സി സര്‍വീസുകള്‍ നടത്തിയിരുന്നില്ല. നേരത്തെ, സര്‍വീസ് വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ പാസഞ്ചേഴ്‌സ് ഫോറം കര്‍ണാടക ആര്‍ ടി സിയെയും ആലപ്പുഴ എം പി കെ സി വേണുഗോപാലിനെയും സമീപിച്ചിരുന്നു.
ആലപ്പുഴയില്‍ നിന്ന് നേരത്തെ കേരള ആര്‍ ടി സി സ്‌കാനിയ സര്‍വീസ് നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് പിന്‍വലിക്കുകയായിരുന്നു. പുതിയ സര്‍വീസ് ആരംഭിക്കരുതെന്നാവശ്യപ്പെട്ട് കേരള ആര്‍ ടി സി കര്‍ണാടകത്തിന് കത്തയച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടക ആര്‍ ടി സി കേരള ആര്‍ ടി സി അധികൃതരെ സമീപിച്ച് അനുമതി നേടുകയായിരുന്നു.

Latest