എച്ച് 1ബി വിസയില്‍ യുഎസിലെത്തുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത കുടിയേറ്റക്കാരല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Posted on: October 15, 2017 7:48 pm | Last updated: October 16, 2017 at 12:30 pm

വാഷിംഗ്ടണ്‍: എച്ച് 1ബി വിസയില്‍ അമേരിക്കയിലേക്കെത്തുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരല്ലെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിസ നയങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ യുക്തിസഹമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യുഎസിനോട് മന്ത്രി ആവശ്യപ്പെട്ടു. രാജ്യാന്തര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അരുണ്‍ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യക്കാരെല്ലാം നിയമത്തിനു വിധേയമായാണ് അവിടെയെത്തുന്നതെന്നും അനധികൃതമായി വരുന്നവരെപ്പറ്റിയാണ് യുഎസിന്റെ ആശങ്കയെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ത്തന്നെ വിസ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അത്തരക്കാരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍, കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവരുമായുളള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ഐടി കമ്പനികള്‍ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജീവനക്കാരെ നിയോഗിക്കാന്‍ എച്ച് 1ബി വിസയെയാണ് ആശ്രയിക്കുന്നത്.