Connect with us

Articles

ഈ പോലീസ് അത്ര വെടിപ്പല്ലട്ടാ......

Published

|

Last Updated

എക്കാലത്തും അധഃസ്ഥിതരെയും അശരണരെയും ചേര്‍ത്തു നിര്‍ത്തുകയും, ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്യുന്ന ഇടതുഭരണത്തിനൊപ്പം നില്‍ക്കാന്‍ നിലവിലെ കേരള പോലീസിന് കഴിയുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. ജാതി മത പരിഗണനകള്‍ പോലീസ് നടപടികളില്‍ പ്രകടമാകുന്നുവെന്ന് ഒരു പൗരന്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന ഭരണാധികാരിയും മുന്നണിയും സംശയത്തിന്റെ നിഴലിലാകുന്നത് സ്വാഭാവികമാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ പൗരന്റെ ഇത്തരം സംശയങ്ങളെ അരക്കിട്ടുറപ്പിക്കുന്ന നിലപാടുകളാണ് പോലീസ് സ്വീകരിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതിനെ സംഘി-സുഡാപ്പി പക്ഷംചേരല്‍ പ്രചാരണമാക്കി ലാഘവത്തോടെ തള്ളിക്കളയുന്നത് ഭൂഷണവുമല്ല. ഇത്തരം സോഷ്യല്‍ മീഡിയാ പ്രചാരണങ്ങള്‍ കാര്യമായും ഏശില്ലെന്നും, സംഘി-സുഡാപ്പികള്‍ ഇതിനെ വേണ്ടവിധം മാര്‍ക്കറ്റ് ചെയ്യുന്നുണ്ടെന്നുമുള്ള യാഥാര്‍ഥ്യം വിസ്മരിക്കാനാവില്ല. ഒപ്പം ഇതിനെ ഗൗരവത്തോടെ നോക്കിക്കാണുകയോ, പൗരന്റെ വിശ്വാസമാര്‍ജിക്കുന്ന തരത്തിലുള്ള തിരുത്തല്‍ നടപടികള്‍ സ്വീകിരിക്കുകയോ ചെയ്യാതിരിക്കുന്ന വകുപ്പ് മന്ത്രിയുടെ നിലപാടും ആശാവഹമല്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാറിന്റെ ആദ്യവര്‍ഷത്തില്‍ ഒട്ടേറെ പിഴവുകള്‍ വരുത്തിയ പോലീസിന് വേണ്ടി മുഖ്യമന്ത്രി തന്നെ ഒന്നിലേറെ തവണ നിയമസഭയില്‍ വെച്ചുപോലും ക്ഷമ ചോദിക്കേണ്ടി വന്ന പരിതാപകരമായ അവസ്ഥ മലയാളികള്‍ മറന്നിട്ടില്ല. എന്നാല്‍ ഇതിന് ശേഷവും പോലീസ് വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യം പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി കാണാതിരിക്കരുത്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തിനപ്പുറം ഒളിയജന്‍ഡകളുമായി പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് വെച്ചുപൊറുപ്പിക്കാനാവില്ല. അതേസമയം സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യമാണ് പോലീസിന്റെയും താത്പര്യമെന്നത് പോലീസിനെ തര്യപ്പെടുത്തുന്നതിലും, ഇത് പ്രാവര്‍ത്തികമാക്കുന്നതിനും ഭരണസംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും പങ്ക് ചെറുതായി കാണാനാകില്ല. ഒരു ജനാധിപത്യ രാജ്യത്ത് തന്റെ കീഴിലുള്ളവരുടെ വീഴ്ചയൊടുക്കേണ്ടത് ഭരണാധികാരി തന്നെയാണെന്നതില്‍ സന്ദേഹമില്ല. എന്നിരിക്കെ പോലീസിന്റെയും പോലീസ് മന്ത്രിയുടെയും ഉത്തരവാദിത്വവും തുല്യമാണെന്നര്‍ഥം. ഇതുകൊണ്ടാണ് പോലീസിന്റെ വീഴ്ചക്ക് പോലീസ് മന്ത്രി മറുപടി പറയേണ്ടി വരുന്നതും.

അടുത്ത കാലത്തായി ചില കേസുകളില്‍ പോലീസ് സ്വീകരിച്ച നിലപാടുകളും, ഒടുവില്‍ പോലീസിനകത്തെ സംഘി സാന്നിധ്യം സജീവമാക്കാന്‍ കന്യാകുമാരിയില്‍ ചേര്‍ന്ന രഹസ്യയോഗവും ചേര്‍ത്തുവായിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ഇതിനുള്ള പരസ്പര ബന്ധത്തെകുറിച്ച് സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാകില്ല. ഹാദിയ കേസ്, റിയാസ് മൗലവി വധം, തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിലെ പീഡനം, പുതുവൈപ്പിന്‍ സമരത്തിന് നേരെ പോലീസ് സ്വീകരിച്ച നിലപാട് തുടങ്ങിയവയെല്ലാം പോലീസിനെ സംശയത്തിന്റെ മറവില്‍ നിര്‍ത്തുന്നതോടൊപ്പം ഇടതുപക്ഷത്തിനും, പോലീസ് മന്ത്രിക്കും അവമതിപ്പുണ്ടാക്കുകയും ചെയ്യുകയും ഇതിലൂടെ തീവ്ര നിലപാടുകാര്‍ മുതലെടുക്കുകയും ചെയ്യുന്നുവെന്നത് കാണാതിരിക്കാനാവില്ല. മുന്നണിക്ക് യാതൊരു നേട്ടമില്ലാതിരിക്കുകയും, എന്നാല്‍ ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന നടപടികള്‍ വെച്ചുപൊറുപ്പിക്കുന്നത് ഒരിക്കലും പ്രായോഗികമാകില്ലെന്നിരിക്കെ ഇതിനെ ലാഘവത്തോടെ കാണുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്ന കാര്യം വിസ്മരിക്കാനാവില്ല. പൗരന്റെ ഇത്തരം സന്ദേഹങ്ങളെ സംഘി-സുഡാപ്പി പക്ഷംചേരല്‍ പ്രചാരണമാക്കി തത്കാലത്തേക്ക് തങ്ങളുടെ സൈബര്‍ പോരാളികളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിരോധിക്കാമെങ്കിലും ഇതുവഴി പൗരനുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാനും, യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനുമുതകുന്ന നടപടികളുണ്ടായില്ലെങ്കില്‍ ഇതിന്റെ നേട്ടം സംഘികളും സുഡാപ്പികളും കൊയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണങ്ങള്‍ എന്തുതന്നെയായാലും വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് പരാജയത്തിന് തുല്യമാണെതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാന കാലത്ത് ആഭ്യന്തര മന്ത്രിയായെത്തിയ രമേശ് ചെന്നിത്തല സംഘ്പരിവാറിനോട് സ്വീകരിച്ച മൃദുസമീപനമാണ് പോലീസിലെ സംഘി സാന്നിധ്യത്തിന് ആക്കം കൂട്ടിയതെന്ന് വ്യക്തമാണ്. എന്നാല്‍ ഭരണമാറ്റത്തിന് ശേഷം ഇതിനെ ഇല്ലാതാക്കാനായില്ലെങ്കിലും നിയന്ത്രിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍ ഇതിലൂടെ ചോദ്യം ചെയ്യപ്പെടുക പോലീസ് മന്ത്രിയുടെ കാര്യപ്രാപ്തിയെയായിരിക്കും. ഹാദിയ കേസ്, റിയാസ് മൗലവി വധകേസ്, തൃപ്പൂണിത്തുറയിലെ യോഗാസെന്ററിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി കേന്ദ്രത്തിലെ കൊടും പീഡനങ്ങള്‍, പുതുവൈപ്പിനിലെ അവകാശ സംരക്ഷണ പ്രക്ഷോഭകരുടെ സമരത്തിന് നേരെ പോലീസ് സ്വീകരിച്ച നിലപാട്, തിരൂരിലെ ആര്‍ എസ് എസ് കാര്യവാഹകിന്റെ കൊലപാതകം, കന്യാകുമാരിയില്‍ നടന്ന പോലീസിലെ സംഘികളുടെ സംഗമം തുടങ്ങി അടുത്തകാലത്തുണ്ടായ പോലീസിനെതിരായ ആരോപണങ്ങളും, അതിനാധാരമായ വസ്തുതകളും വിശകലനം ചെയ്യുമ്പോള്‍ ഇതിന്റെ ഗൗരവം നമുക്ക് മനസ്സിലാകും.

ഹാദിയ കേസില്‍ ഒരു പ്രായപൂര്‍ത്തിയായ പൗരയുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് മേല്‍ തടങ്കല്‍ പാളയം തീര്‍ക്കാന്‍ കോടതി ഉത്തരവിനെ മറയാക്കി പോലീസ് കാണിച്ച അനധികൃത വ്യഗ്രത പോലീസിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. പോലീസ് സംരക്ഷണമെന്ന കോടതി ഉത്തരവിനെ മറയാക്കി ഒരുവിഭാഗം ആളുകള്‍ക്ക് ഇവിടെ സൈ്വരവിഹാരം നടത്താനും, മറ്റുചിലരെ ആട്ടിയോടിക്കാനും പോലീസ് കാണിച്ച തത്രപാട് പോലീസ് മന്ത്രിക്ക് മനസ്സിലായിട്ടില്ലെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടതാണ്. ഒരു സ്വമേധയാ മതം മാറ്റ കേസിനെ ഭീകരതയുടെ പ്രതിരൂപമായി ചിത്രീകരിക്കാന്‍ കേന്ദ്രഭരണ സംവിധാനങ്ങളെ കൂട്ടുപിടിച്ച് അട്ടിമറി ശ്രമങ്ങള്‍ നടത്തുന്ന വിഭാഗത്തിന്റെ പ്രതിനിധികള്‍ക്ക്, പോലീസ് സംരക്ഷണം തടസ്സമാകാത്ത വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കും, പൊതുപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ-വനിതാകമ്മീഷന്‍ പ്രതിനിധികള്‍ക്ക് വരെ പ്രവേശനം നിഷിദ്ധമാകുന്നു. സമ്മാനങ്ങളുമായെത്തിയ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുന്നു. ഒപ്പം രജിസ്‌ട്രേഡ് കത്തുകള്‍ പോലും നല്‍കാതെ തിരിച്ചയക്കപ്പെടുന്ന തരത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലാഘവ ബുദ്ധ്യാ കാണുന്ന സര്‍ക്കാര്‍, പോലീസ് വകുപ്പുകളുടെ നിലപാട് ഒരിക്കലും ചെറുതായി കാണാന്‍ കഴിയില്ല. കോടതി വിധി മറയാക്കി വൈക്കത്തെ വീട്ടില്‍ ഹാദിയക്ക് തടങ്കലൊരുക്കിയ പോലീസിനെ ചൂണ്ടിക്കാട്ടി മനുഷ്യത്വനിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാറിനെ പക്ഷം ചേര്‍ക്കാന്‍ ശത്രുക്കള്‍ കരുക്കള്‍ നീക്കുമ്പോള്‍ പോലും വിഷയത്തില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്ന സര്‍ക്കാര്‍ നിലപാടിന് വലിയ വില നല്‍കേണ്ടിവരുമെന്ന കാര്യം മറന്നുപോകുകയാണ്. ഈ വിഷയത്തില്‍ അല്‍പ്പം വൈകിയെങ്കിലും വനിതാ കമ്മീഷന്‍ സ്വീകരിച്ച നിലപാട് ഏറെ സ്വാഗതാര്‍ഹമാണ്.

ഹാദിയ കേസ് വിട്ട് റിയാസ് മൗലവി വധ കേസിലെത്തിയാലും പോലീസ് നിലപാട് സാധാരണക്കാരന്റെ സംശയങ്ങള്‍ ഇരട്ടിപ്പിക്കുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ ഒരു ആരാധനാലയത്തില്‍ കയറി ഒരു മതപണ്ഡിതനെ നിര്‍ദാക്ഷിണ്യം വെട്ടിക്കൊന്ന കേസില്‍ കലാപമുണ്ടാക്കാനാണെന്ന് കണ്ടെത്തിയിട്ടും ഇതിനനുസരിച്ച വകുപ്പുകള്‍ ചേര്‍ക്കാതെ പ്രതികള്‍ക്ക് രക്ഷാകവചമൊരുക്കിയ പോലീസിന്റെ നിലപാട് പോലീസ് വകുപ്പ് സാധാരണക്കാര്‍ക്ക് വിശദീകരിച്ചു നല്‍കണം. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നടന്ന കതിരൂര്‍ മനോജ് വധ കേസില്‍ ഒരു കാരണമില്ലാതിരുന്നിട്ടും സംസ്ഥാന സര്‍ക്കാറിന്റെ അധികാരത്തെ ചോദ്യം ചെയ്ത് കേന്ദ്ര ഏജന്‍സി ഭീകര നിയമം ചുമത്തുമ്പോഴാണ് വര്‍ഗീയ കലാപ ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തെ ലഘൂകരിച്ച് പ്രതികളെ രക്ഷിച്ചെടുക്കാനും, കേസ് ഒതുക്കിത്തീര്‍ക്കാനും പോലീസ് വ്യഗ്രത കാണിക്കുന്നതെന്നത് സാങ്കേതികതകള്‍ക്കപ്പുറത്ത് സാധാരണക്കാരന് സന്ദേഹിക്കാന്‍ മതിയായ കാരണമാണ്. ഇതിനുതൊട്ടുമുമ്പ് നടന്ന കൊടിഞ്ഞി ഫൈസല്‍ വധകേസിലും, തുടര്‍ന്ന് ഇതിന് പ്രതികാരമായി നടന്ന ബിപിന്‍ വധക്കേസിലും അതാണ് കണ്ടത്. ഫൈസല്‍ വധ കേസില്‍ ഗൂഢാലോചന കേന്ദ്രങ്ങള്‍ വ്യക്തമായ ശേഷം പ്രതികളെ പിടികൂടാന്‍ മാസങ്ങള്‍ എടുത്ത പോലീസ്, ബിപിന്‍ വധക്കേസില്‍ പ്രതികളെ കിട്ടാതായതോടെ ഗൂഢാലോചനാ കുറ്റം ചുമത്തി ഗൂഢാലോചന നടന്നതെന്ന് പോലീസ് അവകാശപ്പെട്ട വീട്ടിലെ സ്ത്രീയെ അറസ്റ്റ് ചെയ്തത് ഒരാഴ്ചക്കകമാണ്.

ആര്‍ എസ് എസ് തങ്ങളുടെ ഹിഡന്‍ അജന്‍ഡ നടപ്പിലാക്കാന്‍ മതംമാറ്റത്തിന്റെ പേരില്‍ കൊടിഞ്ഞി ഫൈസലിനെ അരുംകൊല ചെയ്തപ്പോള്‍ ഇതിനെ ഉപയോഗപ്പെടുത്തി പോപ്പുലര്‍ഫ്രണ്ട് സംഘടന വളര്‍ത്താന്‍ ശ്രമിച്ചത് നാം കണ്ടതാണ്. എന്നാല്‍ ഇത്തരം സെന്‍സിറ്റീവായ കേസുകളില്‍ പോലും പോലീസ് നടപടികള്‍ പക്ഷപാതപരമാവുന്നത് ഒട്ടും ആശാസ്യമല്ല. അത് വര്‍ഗീയ അജന്‍ഡ നടപ്പിലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന തീവ്ര സംഘങ്ങള്‍ക്കൊപ്പം രാഷ്ട്രീയ എതിരാളികള്‍ പോലും മുതലെടുക്കുന്നുവെന്ന സാമാന്യ തിരിച്ചറിവ് ഭരണാധികാരികള്‍ക്കുണ്ടാവണം.
ഇതിന് പിന്നാലെ വന്ന കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസിലും പോലീസിന്റെ അനാസ്ഥ കോടതിയുടെ വരെ വിമര്‍ശത്തിനിടയാക്കിയതാണ്. യുവതികളുടെ മര്‍ദനത്തിനിരയായി അടിവസ്ത്രം വരെ വലിച്ചുകീറപ്പെട്ട ഡ്രൈവറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ് ചുമത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് “ഇരകളെ പ്രതികളാക്കി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള പ്രവണത” പോലീസില്‍ വര്‍ധിച്ചുവരുന്നുവെന്ന മനുഷ്യാവകാശ കമ്മീഷണറുടെ വിമര്‍ശനം സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഒപ്പം സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതിസ്ഥാനത്ത് സംഘ്പരിവാറാണെങ്കില്‍ ലഘുവാകുന്നതും, ന്യൂനപക്ഷങ്ങളും അടിസ്ഥാന വര്‍ഗങ്ങളുമാകുമ്പോള്‍ നിയമത്തിന്റെ ശക്തി വര്‍ധിക്കുന്നതും പോലീസിന്റെ സത്യസന്ധതയെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണ്. തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരായ കേസിലും, തീവ്രഹിന്ദു നേതാവ് ശശികലയുടെ കാര്യത്തിലും ഇത് പ്രകടമായതാണ്.

സ്വമേധയാ മതം മാറിയവരെയും ഇതര മതസ്ഥരെ വിവാഹം കഴിച്ചവരെയും ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൊച്ചി നഗരത്തിനടുത്ത് തൃപ്പൂണിത്തുറയില്‍ യോഗാ കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന വിവാദ മതപരിവര്‍ത്തന കേന്ദ്രത്തിന്റെ കേസില്‍ ഹൈക്കോടതി ഇടപെട്ടപ്പോള്‍ എത്രപെട്ടെന്നാണ് കോടതി ഇടപെടലിനെ ചോദ്യം ചെയ്ത് പോലീസ് ചാടി വീണത്. പിന്നീട് ശാരീരിക മാനസിക പീഢനമുള്‍പ്പെടെ പെണ്‍കുട്ടികളുടെ മൊഴിയും പരാതിയും എതിരായുള്ള കേന്ദ്രം നടത്തിപ്പുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മനോഹരമായി മൗനം പാലിച്ചാണ് പോലീസ് നേരിട്ടത്. തുടര്‍ന്ന് ഈ കേന്ദ്രത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ സംസ്ഥാന പോലീസ് മേധാവിയെ വരെ പരാതിയുമായി സമീപിച്ചിട്ടും ഇയാള്‍ക്കെതിരെ വലിയ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നത് പോലീസിന്റെ ഇക്കാര്യത്തിലെ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. അവസാനമായി കേരളാ പോലീസിലെ സംഘ്പ്രതിനിധികള്‍ സംസ്ഥാനത്തിന് പുറത്ത് യോഗംചേര്‍ന്ന് സേനയിലെ സംഘ് സാന്നിധ്യം ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന വാര്‍ത്തകള്‍ നിലവിലെ സാഹചര്യത്തില്‍ വലിയ ആശങ്കകളോടെയാണ് മലയാളി സമൂഹം നോക്കിക്കാണുന്നത്. തീവ്ര ഹിന്ദുത്വ വികാരങ്ങളും, ഇതര മതങ്ങളോടുള്ള വെറുപ്പും കാത്തുസൂക്ഷിച്ച് സംസ്ഥാന പോലീസ് മേധാവി പട്ടം വരെ അലങ്കരിച്ച പോലീസുകാരുള്ള നാട്ടില്‍ പോലീസിനെതിരെ ഉയരുന്ന സംശയങ്ങള്‍ ന്യായമായത് തന്നെയാണെന്ന് മനസ്സിലാക്കാനാകുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും.

പോലീസ് പ്രകടിപ്പിക്കുന്നത് അതത് സര്‍ക്കാറുകളുടെ നിലപാടുകളാണെന്ന് പാരമ്പര്യമായി വിശ്വസിച്ചു പോരുകയും, അങ്ങനെ വിശ്വസിക്കാനിഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിന് മുന്നില്‍ അത് രണ്ടും രണ്ടാണെങ്കിലും പറയാന്‍ ഭരണാധികാരിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് തികഞ്ഞ പരാജയമായിരിക്കും. ഒപ്പം ഏറെ പ്രതീക്ഷിക്കപ്പെടുന്നവരില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന വഞ്ചനയും. പോലീസ് ശരിയായ ദിശയിലേക്കല്ല നീങ്ങുന്നതെന്ന തോന്നല്‍ സാധാരണക്കാര്‍ക്കുണ്ടാകുന്നത് നിരാശാ ജനകമാണ്. വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് പരാജയ തുല്യമാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ ഒരു കരുത്തുറ്റ ഭരണാധികാരിക്ക് കീഴില്‍ സ്വന്തം വകുപ്പ് ഇത്ര ദുര്‍ബലമാകുന്നത് ഒരിക്കലും ആശാവഹമല്ല തന്നെ.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest