എല്‍ ഡി സി നിയമനം അട്ടിമറിക്കുന്നു; രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നിയമനം നേടിയത് 25 ശതമാനം മാത്രം

Posted on: October 14, 2017 12:07 am | Last updated: October 14, 2017 at 12:07 am

പാലക്കാട്: ഉദ്യോഗാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ ഡി സി നിയമനം അട്ടിമറിക്കപ്പെടുന്നതായി പരാതി. റാങ്ക്പട്ടിക നിലവില്‍ വന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നിയമനം നടന്നത് 25 ശതമാനം മാത്രം. 2018 മാര്‍ച്ച് 31ന് പട്ടികയുടെ കാലാവധി തീരും. ഇതോടെ, മുഖ്യ പട്ടികയിലും ഉപപട്ടികയിലുമായുള്ള മുപ്പതിനായിരത്തോളം പേര്‍ക്ക് കാത്തിരുന്ന തൊഴിലവസരം നഷ്ടമാകുമെന്നാണ് സൂചന. ഇതില്‍ പകുതിയിലേറെ പേര്‍ക്ക് പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി ഒരു അവസരമുണ്ടാകില്ല. ഇതോടെ, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറച്ച് നിയമനം നടത്തിയ എല്‍ ഡി സി പട്ടികയായി ഇത് മാറും. അടുത്ത മാര്‍ച്ചില്‍ പുതിയപട്ടിക നിലവില്‍ വരും.

2015ല്‍ നിലവില്‍വന്ന മുഖ്യ പട്ടികയില്‍ മാത്രം 14 ജില്ലകളിലുമായി 23,792 പേരാണുള്ളത്. ഉപ പട്ടികയിലും ഇത്രയും പേര്‍ വരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. എന്നാല്‍, 6,405 പേരെ മാത്രമാണ് നിയമിച്ചത്. ജില്ലാടിസ്ഥാനത്തിലാണ് നിയമനം. എന്നാല്‍, മിക്ക ജില്ലകളിലും നിയമനം ഇഴയുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ റവന്യൂ വകുപ്പിലും മറ്റ് വകുപ്പുകളിലുമായി 25,000ത്തിലേറെ പേര്‍ വിരമിച്ചു. ഈ ഒഴിവുകളില്‍ നാമമാത്ര നിയമനമാണ് നടത്തിയിരിക്കുന്നത്.

2015ന് മുമ്പുള്ള പട്ടികയുടെ കാലാവധി നീട്ടിയതും തിരിച്ചടിയായി. അന്ന് സര്‍ക്കാര്‍ സൂപ്പര്‍ ന്യൂമററി നിയമനം നടത്തിയിരുന്നു. എന്നാല്‍, ഈ കാലാവധി കഴിഞ്ഞശേഷം പുതിയ പട്ടികയെടുത്താല്‍ കാലാവധി നീട്ടിക്കിട്ടുമായിരുന്നു. പാലക്കാട് ജില്ലയില്‍ 1,920 പേരാണ് മുഖ്യ പട്ടികയിലുണ്ടായിരുന്നത്. നിയമനം 23 ശതമാനം മാത്രമാണ് നടന്നത്. 1400ഓളം പേര്‍ നിയമനം കാത്തിരിക്കുകയാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നിയമനം നടത്തുന്നുണ്ടെന്ന് പി എസ് സി സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. മിക്ക വകുപ്പുകളും ഒഴിവുകള്‍ പി എസ്‌സിയെ അറിയിക്കുന്നില്ലെന്നാണ് സൂചന. നിയമന നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പഞ്ചായത്തിലെയും റവന്യുവകുപ്പിലെയും സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുക, 2015ലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എല്‍ ഡി ക്ലാര്‍ക്ക് തസ്തിക നിലവില്‍ വരുത്തുക, നിലവിലുള്ള മുഖ്യപട്ടികയിലെ എല്ലാവര്‍ക്കും നിയമനം നടത്തിയശേഷം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരികരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നത്.