അക്ഷര വെളിച്ചമേകിയ നൂറ് അധ്യാപകര്‍ക്ക് ഖത്വറിന്റെ ആദരം

Posted on: October 7, 2017 10:31 pm | Last updated: October 7, 2017 at 10:31 pm

ദോഹ: തലമുറകള്‍ക്ക് അക്ഷര വെളിച്ചം നല്‍കിയ നൂറ് ഗുരുവര്യരെ ആദരിച്ച് ഖത്വര്‍. ലോക അധ്യാപക ദിനത്തില്‍ വിദ്യാഭ്യാസം, ഉതത വിദ്യാഭ്യാസം മന്ത്രാലയമാണ് പഴയകാല അധ്യാപകരെ ആദരിച്ചത്. ഖത്വര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ആദരിക്കല്‍ പരിപാടി.

പൊതു സ്‌കൂളുകളിലെ ഉന്നതതസ്തികളില്‍ സ്വദേശിവത്കരണം ഊര്‍ജിതമായി പുരോഗമിക്കുന്നതായി വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദി ചടങ്ങില്‍ പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പരിപാടി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയുമായ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദ്, ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്വി, ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രി ഡോ. ഈസ സഅദ് അല്‍ ജഫാലി അല്‍ നുഐമി, വികസന ആസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രി ഡോ. സ്വാലിഹ് മുഹമ്മദ് സാലിം അല്‍ നാബിത് എന്നിവരും അണ്ടര്‍ സെക്രട്ടറിമാരും വിവിധ രാജ്യങ്ങളുടെ ഖത്വറിലെ നയതന്ത്രപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

പൊതു സ്‌കൂളുകളില്‍ 80 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായി. ഉയര്‍ന്നതും ഇടത്തരവുമായ തസ്തികകളില്‍ 80 ശതമാനവും ഖത്വരികളാണ്. വിദ്യാഭ്യാസ മേഖലയില്‍ ദേശീയ കാഡറിസം നടപ്പാക്കുകയെന്ന പദ്ധതിയുടെ ഭാഗമായി അക്കാദമിക്, അഡ്മിനിസ്‌ട്രേഷന്‍, മെറ്റീരിയല്‍ കോര്‍ഡിനേറ്റര്‍ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയത്. വിദ്യാഭ്യാസ നേട്ടങ്ങളും പ്രവര്‍ത്തന പരിചയവും അടിസ്ഥാനമാക്കിയാണ് ഖത്വരി ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.

രാജ്യത്തിന്റെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും അന്തര്‍ലീനമായിട്ടുള്ള ഇസ് ലാമിക മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതിന്റെയും രാജ്യാന്തര പ്രതിബദ്ധതയുടെയും സൂചനയാണ് ഖത്വറിലെ ലോക അധ്യാപക ദിനാഘോഷങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി എടുത്തു പറഞ്ഞു. ജൂലൈ 21ന് ഖത്വറിലെ പൗരന്‍മാരെയും താമസക്കാരെയും അഭിസംബോധന ചെയ്തു അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ പ്രസംഗത്തിലെ നിര്‍ദേശങ്ങളുടെ പ്രാധാന്യവും മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രത്യേകിച്ചും സ്വാശ്രയത്വം കൈവരിക്കുന്നതിനും ആശ്രിതത്വം നിരസിക്കുന്നതിനുമുള്ള അമീറിന്റെ ആഹ്വാനം അദ്ദേഹം ഓര്‍മിപ്പിച്ചു.

രാജ്യവികസനത്തിലെ നിര്‍ണായക പങ്കാളികളാണ് അധ്യാപകര്‍. അവരിലൂടെയും അവരുടെ ശ്രമങ്ങളിലൂടെയും ഭാവിയിലേക്കുള്ള ഖത്വര്‍ തലമുറകളെ വാര്‍ത്തെടുക്കാനാകും. ആഗോളവത്കരണത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും ഡിജിറ്റല്‍ കാലഘട്ടവും ആശയ വിനിമയ വികാസവുമെല്ലാം വിദ്യാഭ്യാസ മേഖലയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി അധ്യാപകര്‍ തുടരുകയാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

ഖത്വറില്‍ അധ്യാപകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ വിദ്യാഭ്യാസ സാഹചര്യങ്ങളാണ് ഒരുക്കിയത്. അതിനനുസൃതമായാണ് തൊഴില്‍ ചുമതലകള്‍, പ്രവര്‍ത്തിസമയം, സെമസ്റ്ററിലെ വിദ്യാര്‍ഥികളുടെ എണ്ണം എന്നിവയെല്ലാം നിര്‍ണയിച്ചത്. ലോകത്തെ 56 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ആകര്‍ഷകമായ സാഹചര്യമാണ് ഖത്വര്‍ നല്‍കുന്നത്. ഖത്വറിന്റെ വിദ്യാഭ്യാസ സംവിധാനത്തിന്റെ സമ്പന്നതയും യുനസ്‌കോയുടെ ലോക അധ്യാപകദിനത്തിന്റെ പ്രമേയവുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ട്രെയിനിംഗ് എജ്യൂക്കേഷന്‍ സെന്റര്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ നടത്തിയ 90 പരിശീലന പരിപാടികളിലൂടെ 6800 പരിശീലകര്‍ക്ക് പ്രയോജനം ലഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് മാതൃകകളായി അധ്യാപകര്‍ മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 164 പുതിയ ഖത്വരി പുരുഷ, വനിതാ അധ്യാപകരെ അടുത്തിടെ നിയമിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. അധ്യാപകരുടെ സാഹചര്യങ്ങള്‍ തുടര്‍ന്നും ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും മന്ത്രി ആവര്‍ത്തിച്ചു.

ഖത്വറില്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രവര്‍ത്തനമികവിനെയും കഠിനാധ്വാനത്തെയും ജോലിയോടുള്ള ആത്മാര്‍ഥതയെയും ഖത്വറിനെ മനുഷ്യ വിജ്ഞാന തലസ്ഥാനമായി വികസിപ്പിക്കുന്നതിലെ അവരുടെ പങ്കിനെയും ഖത്വറിന്റെ സമൂഹത്തെ അറിവിലേക്ക് നയിക്കുന്നതിനെയും വിദ്യാര്‍ഥികളില്‍ മൂല്യങ്ങളും പെരുമാറ്റ രൂപവത്കരണവും വാര്‍ത്തെടുക്കുന്നതില്‍ വഹിക്കുന്ന പങ്കിനെയും അഭിനന്ദിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.