ഫ്രീ ഡൈവിംഗില്‍ ഖത്വരിക്ക് റെക്കോര്‍ഡ്

Posted on: September 27, 2017 6:23 pm | Last updated: September 27, 2017 at 6:23 pm

ദോഹ: ഫ്രീ ഡൈവിംഗില്‍ ഖത്വരിക്ക് രണ്ട് റെക്കോര്‍ഡുകള്‍. ഈ മാസം 18നും 19നും ഗ്രീസിലെ കലാമറ്റില്‍ നടന്ന 83 മീറ്റര്‍ വേരിയബിള്‍ വെയിറ്റ് ഇനത്തിലും 94 മീറ്റര്‍ നോ ലിമിറ്റ് കാറ്റഗറിയിലുമാണ് അംറോ അല്‍ ഹമദ് എന്ന സ്വദേശി ജി സി സി റെക്കോര്‍ഡുകള്‍ നേടിയത്. രണ്ട് റെക്കോര്‍ഡുകളും അന്താരാഷ്ട്ര തലത്തില്‍ രേഖപ്പെടുത്തിയതായി അംറോ അല്‍ ഹമദ് പറഞ്ഞതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. 94 മീറ്റര്‍ നോ ലിമിറ്റ് ഇനം ഫ്രീ ഡൈവിംഗ് സെപ്തംബര്‍ 20നാണ് പദ്ധതിയിട്ടതെങ്കിലും അമീറിന്റെ യു എന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗം പ്രമാണിച്ച് 19ലേക്ക് മാറ്റുകയായിരുന്നു. ജൂലൈ മാസത്തില്‍ ഡൈവിംഗ് വസ്ത്രത്തില്‍ തമീം അല്‍ മജ്ദ് പതിച്ച് കൈയില്‍ ഖത്വരി പതാകയും പിടിച്ച് കാനറി ദ്വീപ് മേഖലയില്‍ വെള്ളത്തിനടിയിലെ അംറോയുടെ ഫോട്ടോ ഷൂട്ട് ലോകശ്രദ്ധ നേടിയിരുന്നു.