Connect with us

Editorial

സമ്പദ്‌രംഗത്തെ തകര്‍ച്ച

Published

|

Last Updated

സാമ്പത്തിക രംഗത്തെ ഉത്തജിപ്പിക്കുന്നതിന് തിരക്കിട്ട ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടന്നുവരുന്നത്. അടിക്കടി തകര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ചൊവ്വാഴ്ച ചേരുകയും പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ചു താമസിയാതെ തന്നെ മറ്റൊരു യോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ്. സര്‍ക്കാറിന്റെ പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയാണ് കരകയറാനുള്ള മാര്‍ഗമെന്നാണ് ചൊവ്വാഴ്ചത്തെ യോഗത്തിലെ പൊതുഅഭിപ്രായം.

സാമ്പത്തിക രംഗത്ത് രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ചയിലാണെന്ന പ്രധാനമന്ത്രിയുടെ അവകാശ വാദങ്ങള്‍ പൊള്ളത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാറിന്റെ പുതിയ നീക്കങ്ങള്‍. നേരത്തെ ചൈനയേക്കാള്‍ വേഗത്തിലായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. നോട്ടുനിരോധവും ജി എസ് ടി തിരക്കിട്ടു നടപ്പാക്കിയതുമാണ് ഇപ്പോഴത്തെ പിന്നോട്ടടിക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നോട്ട് നിരോധനം സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നും മാന്ദ്യത്തില്‍ നിന്ന് എളുപ്പത്തില്‍ കരകയറാന്‍ സാധിക്കില്ലെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ജൂണ്‍ ആദ്യവാരത്തില്‍ പ്രിലിമിനറി പ്ലേസ്‌മെന്റ് രേഖയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. 2016 ആദ്യപാദത്തില്‍ 7.9 ശതമാനമായിരുന്ന ആഭ്യന്തര ഉത്പാദന വളര്‍ച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതായി റിസര്‍വ് ബേങ്കും വ്യക്തമാക്കി. അപ്പോഴൊക്കെയും സാമ്പത്തിക പുരോഗതിയെക്കുറിച്ചു ഇല്ലാത്ത അവകാശ വാദങ്ങളുന്നയിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി.

ചൈനയുള്‍പ്പെടെ ലോക രാഷ്ട്രങ്ങളുടെ പരിഹാസത്തിന് വരെ വിധേയമായിട്ടുണ്ട് നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യവും. നോട്ട് പിന്‍വലിക്കുന്നതിന് മുമ്പ്, കഴിഞ്ഞ ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ 7.5 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ സമ്പ്ദ് മേഖല രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ചു 6.7 ശതമാനമായിരുന്ന ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന ബഹുമതിയും ഇന്ത്യ കരസ്ഥമാക്കിയിരുന്നു. ആ സ്ഥാനമിപ്പോള്‍ ഇന്ത്യക്ക് നഷ്ടമാവുകയും ചൈന തിരിച്ചു പിടിച്ചിരിക്കയുമാണ്. സ്വകാര്യ മുതല്‍മുടക്കിലെ പിന്നോട്ടട്ടി, ഐ ടി മേഖലയിലടക്കം രൂക്ഷമായ തൊഴിലില്ലായ്മ, കൂട്ടപിരിച്ചുവിടല്‍, അനൗപചാരിക സാമ്പത്തിക മേഖലകളിലെ ഉത്പാദന, തൊഴില്‍ തകര്‍ച്ച തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സാമ്പത്തിക മേഖലയില്‍ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. വ്യവസായമേഖലയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തോളം മാത്രമാണ്, സേവന മേഖലയായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ പലപ്പോഴും മുന്നില്‍നിന്നത്. അതും തുടര്‍ച്ചയായി കുറഞ്ഞു വരികയാണെന്നാണ് 2016-17 വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ 8.2 ശതമാനമായിരുന്ന സേവനമേഖലയിലെ വളര്‍ച്ചാ നിരക്ക് 7.4, 6.4, 5.7 എന്നിങ്ങനെ കുറയുകയായിരുന്നു. ഖനനം, വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, വാര്‍ത്താവിനിമയം മേഖലകളും പിന്നോട്ടാണ്. നോട്ട് പ്രതിസന്ധിയുടെ നേരിട്ടുള്ള പ്രത്യാഘാതമായാണ് ഇതെല്ലാം വിലയിരുത്തുന്നത്.

സാമ്പത്തിക മാന്ദ്യം നേരിടാന്‍ പലിശ നിരക്ക് കുറച്ച് ബേങ്ക് വായ്പകളും മുതല്‍മുടക്കും വര്‍ധിക്കണമെന്നൊരു നിര്‍ദേശം ധനമന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു. ഇതുവഴി സമ്പദ് വ്യവസ്ഥ മുന്നോട്ടു കുതിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കാഴ്ചപ്പാട്. റിസര്‍വ് ബേങ്ക് ഇതിനോട് യോജിച്ചില്ല. പലിശ കുറച്ചതുകൊണ്ട് മാന്ദ്യത്തെ അതിജീവിക്കാനാകില്ലെന്നും സര്‍ക്കാറിന്റെ നയപരമായ തിരുത്തലുകളാണ് ആവശ്യമെന്നുമുള്ള നിലപാടിലാണ് ആര്‍ ബി ഐ. റിസര്‍വ് ബേങ്കിന്റെ ഉപദേശമനുസരിച്ചോ താത്പര്യ പ്രകാരമോ അല്ല നോട്ട് പിന്‍വലിക്കല്‍ തീരുമാനമെന്നും സാമ്പത്തിക പരിഷ്‌കരണമെന്നതിലുപരി ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും അവരുടെ ഈ തീരുമാനവും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കുറിച്ചോ രാജ്യത്തെ സാമൂഹിക അവസ്ഥകളെക്കുറിച്ചോ യാതൊരു ബോധവും ഇല്ലാത്തവരാണ് നോട്ട് നിരോധനത്തിന്റെ ഉപദേശകരും പ്രഖ്യാപിച്ചവരും. വിശദമായ ചര്‍ച്ചകളോ പഠനങ്ങളോ ജനാധിപത്യപരമായ സംവാദങ്ങളോ ഇല്ലാതെ നടപ്പാക്കിയ ഈ അസാധാരണ നടപടിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ തിരക്കിട്ട കൂടിയാലോചനകള്‍ വ്യക്തമാക്കുന്നത്. നോട്ടുകള്‍ നിരോധിച്ച നടപടി തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ജനത്തിന് എന്നെ പരസ്യമായി കഴുവേറ്റാമെന്ന് പ്രധാനമന്ത്രി നവംബര്‍ 13ന് കര്‍ണാടകയിലെ ബലഗാവിയില്‍ പ്രഖ്യാപിച്ചിരുന്നതാണല്ലോ. ആ പ്രഖ്യാപനത്തില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്തോ?

Latest