Connect with us

Kerala

വേങ്ങരയില്‍ മുസ്‌ലിംലീഗിന് വിമത ഭീഷണി

Published

|

Last Updated

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്‌ലിംലീഗ് വിമതന്‍ രംഗത്ത്. മുസ്‌ലിംലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യു ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള അഡ്വ. കറുമണ്ണില്‍ ഹംസയാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. കെ എന്‍ എ ഖാദര്‍ സമ്മര്‍ദ തന്ത്രം പ്രയോഗിച്ച് അവസാന നിമിഷം സ്ഥാനാര്‍ഥിത്വം നേടിയതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രീതിയലല്ല സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടുള്ളത്. യു എ ലത്വീഫിനെയാണ് പാര്‍ട്ടി പരിഗണിച്ചിരുന്നത്. എന്നാല്‍, ഖാദര്‍ സമ്മര്‍ദ തന്ത്രം പ്രയോഗിച്ച് സ്ഥാനാര്‍ഥിയാവുകയാണ് ചെയ്തത്. ഇത് അംഗീകരിക്കാനാകില്ല. കെ പി എ മജീദ് പിന്മാറിയത് പോലെ ഖാദര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെങ്കില്‍ മത്സര രംഗത്തുനിന്ന് മാറി നില്‍ക്കും. അടുത്ത വെള്ളിയാഴ്ച വരെ ഖാദറിന് സമയം നല്‍കും. ഖാദര്‍ അല്ലാത്ത ആര് സ്ഥാനാര്‍ഥിയായാലും അവരെ സ്വീകരിക്കാന്‍ തയ്യാറാണ്. വേങ്ങരയില്‍ മത്സരിക്കാന്‍ ഖാദര്‍ ഒരിക്കലും യോഗ്യനല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് അദ്ദേഹത്തെ തഴഞ്ഞത് യോഗ്യനല്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഖാദര്‍ പിന്മാറിയില്ലെങ്കില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നാമനിര്‍ദേശ പത്രിക നല്‍കും. മുസ്‌ലിംലീഗിലെ വലിയൊരു വിഭാഗം കെ എന്‍ എ ഖാദറിന് എതിരാണ്. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് തന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലഭിക്കുക. ലീഗിന് ലഭിക്കേണ്ട പതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.
1990ല്‍ മലപ്പുറം ജില്ലാപഞ്ചായത്തിലേക്ക് ആതവനാട് ഡിവിഷനില്‍ നിന്ന് മത്സരിച്ചിട്ടുമുണ്ട്. ഒതുക്കുങ്ങല്‍ സ്വദേശിയായ ഇദ്ദേഹം മലപ്പുറത്താണ് ഇപ്പോള്‍ താമസം. മലപ്പുറം, മഞ്ചേരി, തിരൂര്‍ ബാറുകളിലെ അഭിഭാഷകനാണ്. എന്നാല്‍, ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് കെ എന്‍ ഖാദര്‍ പറഞ്ഞു.

 

Latest