ഗൗരി ലങ്കേഷിന്റെ കൊലപാതകം: ആന്ധ്രാ സ്വദേശിയെ ചോദ്യം ചെയ്തു; തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇയാളെ പിന്നീട് വിട്ടയച്ചു. സി സി ടി വി ദ്യശ്യത്തിലെ വ്യക്തിയുമായി സാമ്യമുള്ള ഇയാളെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് ചോദ്യം ചെയ്തത്. സംശയകരമായ സാഹചര്യത്തില്‍ പല സ്ഥലങ്ങളിലായി ഇയാളെ സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ കുറച്ചു ദിവസങ്ങളായി ഗൗരി ലങ്കേഷിന്റെ വീടിന്റെ പരിസരത്തായി ഇയാളെ കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിനെ ഇയാള്‍ നിരീക്ഷിച്ചിരുന്നതായി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് സംശയം തോന്നിയിട്ടുണ്ട്. ഗൗരി കൊല്ലപ്പെടുന്ന സമയത്ത്, ആ സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഇയാളുടെ നമ്പറിന്റെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ ഫോണ്‍ ഇടക്കിടെ സ്വിച്ച് ഓഫ് ആകുകയും ഓണ്‍ ആകുകയും ചെയ്തതും സംശയത്തിന് കാരണമായി. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം ഗാന്ധി ബസാറിലെ ഓഫീസില്‍ നിന്ന് അവരുടെ വീട് വരെയുള്ള വിവിധ ഇടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇത്തരത്തില്‍ ശേഖരിച്ച അഞ്ഞൂറോളം ദൃശ്യങ്ങളില്‍ നിന്നാണ് സംശയാസ്പദമായി കണ്ട ഒരാളെ കസ്റ്റഡിയിലെടുത്തത്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 130 പേരെ അന്വേഷണ സംഘം ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍, കൊലയാളികളിലേക്ക് എത്തുന്നതിന് സഹായകരമായ നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. ഗൗരി ലങ്കേഷിന് ലഭിച്ച കത്തുകള്‍ ഇവരുടെ ഓഫീസില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം, ഗൗരിയുടെ വീട്ടില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരു പ്രാദേശിക ചാനല്‍ സൃഷ്ടിച്ച കൊലപാതക ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനാലാണ് യഥാര്‍ഥ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യമുയര്‍ന്നത്. ഗൗരിയുടെ മരണത്തെ തുടര്‍ന്ന് കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം കര്‍ണാടക സര്‍ക്കാര്‍ തേടിയിരുന്നു. ഇവിടങ്ങളിലെ ഇന്റലിജന്‍സ് അധികൃതരുമായി അന്വേഷണ സംഘം സമ്പര്‍ക്കം പുലര്‍ത്തിവരികയാണ്. ഗൗരിയുടെ ഘാതകരെക്കുറിച്ച് സൂചന ലഭിച്ചെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ജനങ്ങളുടെ സഹായം തേടിയിരുന്നു. കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊലപാതകത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് ബെംഗളൂരുവിലെ മുന്‍ മാവോയിസ്റ്റ് നേതാക്കള്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാവോയിസ്റ്റ് നേതാവായിരുന്ന സിരിമനെ നാഗരാജ് ഉള്‍പ്പെടെയുള്ളവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കൊലക്ക് മാവോയിസ്റ്റുകളുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിച്ചുവരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ അംഗമായിരുന്നു ഗൗരി.
ബെംഗളൂരു
Posted on: September 12, 2017 12:08 am | Last updated: September 12, 2017 at 12:08 am