തോക്കെടുക്കുന്ന ഭീരുത്വം

Posted on: September 7, 2017 6:10 am | Last updated: September 7, 2017 at 2:02 pm

‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ജാതീയതക്കെതിരെയുമുള്ള വിമര്‍ശനം ഭരണാഘടനാപരമായ കടമയാണെന്ന് ഞാന്‍ കരുതുന്നു. ബസവണ്ണയുടെയും ഡോ. അംബേദ്കറുടെയും പാതയില്‍ ചെറുതായ മാര്‍ഗത്തിലൂടെ സ്ഥിതിസമത്വപൂര്‍ണമായ ഒരു സമൂഹത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം’- ഗൗരി ലങ്കേഷ് ഈയിടെ നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇത്. അവര്‍ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും മാധ്യമപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും മനുഷ്യരെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് എത്രമാത്രം ആശയവ്യക്തതോടെയായിരുന്നുവെന്നത് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അവര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ക്കെല്ലാം ധീരവും അചഞ്ചലവുമായ നിലപാടിന്റെ കരുത്തുണ്ടായിരുന്നു. ഫാസിസത്തിന്റെ ഏറ്റവും വലിയ ശത്രു സ്വതന്ത്രമായ വാക്കാണ് എന്നതിനാല്‍ ഗൗരി ലങ്കേഷ് തന്റെ അമ്പത്തഞ്ചാം വയസ്സില്‍ വെടിയുണ്ടക്കിരയായിരിക്കുന്നു. സ്വന്തം വീട്ട് മുറ്റത്ത് നിശ്ശബ്ദമാക്കപ്പെട്ട ഈ സ്ത്രീയുടെ ശബ്ദത്തെ എതിരാളികള്‍ അത്രക്ക് ഭയപ്പെട്ടിരുന്നു. ഗൗരി ലങ്കേഷ് മുന്നോട്ട് വെക്കുന്ന ആശയത്തെ നേരിടാന്‍ ഒട്ടും ത്രാണിയില്ലാത്തതിനാല്‍ അക്രമികള്‍ തോക്കെടുത്തു, കൊന്നു വീഴ്ത്തി. ദുര്‍ബലരും നിരായുധരുമായ മനുഷ്യരെ ഇങ്ങനെ കൊന്നു തള്ളുമ്പോള്‍ ഫാസിസ്റ്റുകള്‍ അവരുടെ ഭീരുത്വമാണ് വെളിവാക്കുന്നത്.

ഗാന്ധിജിയെ പ്രാര്‍ഥനാ സദസ്സില്‍ വെച്ച് ആദ്യം വണങ്ങുകയും പിന്നെ വെടിവെക്കുകയും ചെയ്ത നാഥുറാം വിനായക് ഗോഡ്‌സേ ലക്ഷ്യമിട്ടത് മഹാത്മാവ് മുന്നോട്ട് വെച്ച ആശയം ഇന്ത്യയില്‍ മരിക്കണമെന്ന് തന്നെയായിരുന്നു. പക്ഷേ, നിരവധിയായ മനുഷ്യരിലൂടെ ആ ആശയം ശക്തി പ്രാപിക്കുകയും വിഭജന രാഷ്ട്രീയത്തെയും അതിനെ മൃദുവായി കാണുന്ന കപട മതേതരത്വത്തെയും അണുവിട വിടാതെ എതിര്‍ക്കാന്‍ സജ്ജമാകുകയും ചെയ്തു കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഗോഡ്‌സേയും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഗോവിന്ദ് പന്‍സാരെയെയും ധാബോല്‍ക്കറെയും പ്രൊഫസര്‍ കല്‍ബുര്‍ഗിയെയും ഇപ്പോള്‍ ഗൗരി ലങ്കേഷിനെയും വധിക്കുമ്പോള്‍ ഫാസിസ്റ്റുകള്‍ നല്‍കുന്ന സന്ദേശം നിശ്ശബ്ദമാകുക എന്നതാണ്. വിയോജിപ്പിന്റെ സ്വരം അവസാനിപ്പിക്കുക തന്നെ. ധീരമായി സംസാരിക്കാന്‍ ഉള്ളില്‍ നിന്ന് അടങ്ങാത്ത ത്വരയുണ്ടാകുമ്പോള്‍ മരിച്ചു വീണവരെ ഓര്‍ക്കണം. നിശ്ശബ്ദരാകണം. കൊലയാളികളുടെ ഈ ഇംഗിതം പക്ഷേ നടക്കാന്‍ പോകുന്നില്ലെന്നത് ചരിത്രത്തിന്റെ പാഠമാണ്.
ഹിന്ദുത്വ ആശയങ്ങളെ അതിന്റെ എല്ലാ തുറകളിലും വെല്ലുവിളിച്ച പത്രപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ നടന്ന വര്‍ഗീയ വിഭജന ശ്രമങ്ങളെ അവര്‍ കൃത്യമായി തുറന്ന് കാണിച്ചു. ഹിന്ദുത്വ ആശയക്കാര്‍ ഊട്ടിയുറപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ എതിര്‍ത്തതിന് പ്രൊഫസര്‍ കല്‍ബുര്‍ഗിയെ വകവരുത്തിയപ്പോള്‍ പ്രതിഷേധത്തിന്റെ തീപ്പന്തമായി ഗൗരി ലങ്കേഷ് മുന്നിലുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അഴിമതിയാരോപണങ്ങളെ ഒന്നൊന്നായി ജനമധ്യത്തിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചു. സനാതന്‍ സന്‍സ്ത പോലുള്ള ഹിന്ദുത്വ സംഘങ്ങള്‍ എങ്ങനെയാണ് സമൂഹത്തില്‍ സംഘര്‍ഷം വിതക്കുന്നതെന്ന് തെളിവ് സഹിതം അവര്‍ തുറന്ന് കാണിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങളെ വിശകലനം ചെയ്തും കൊലയാളി സംഘങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയും അവര്‍ കന്നഡ സമൂഹത്തിന്റെ നിസംഗതയെ വെല്ലുവിളിച്ചു. ബെംഗളൂരു പോലുള്ള ഒരു നഗരത്തിലെ അരാഷ്ട്രീയ സമൂഹത്തെ രാഷ്ട്രീയ ബോധത്തിലേക്ക് നയിക്കാന്‍ ചാനലുകളിലെ പാനലിസ്റ്റ് എന്ന നിലയില്‍ അവരുടെ ഇടപെടല്‍ ഒരളവ് വരെ ഉപകരിച്ചു. തന്നെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്ന വിവരം ഗൗരി ലങ്കേഷ് മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. തനിക്കെതിരെയുള്ള ഭീഷണിയെക്കുറിച്ച് സ്വന്തം മാധ്യമമായ പത്രികയിലും മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും പല തവണ ഗൗരി പരാമര്‍ശിച്ചിട്ടുണ്ട്.

സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്; കൊലയാളികളെ കുറിച്ച് വിവരം കിട്ടിയെന്നൊക്കെയാണ് പോലീസ് അധികൃതര്‍ പറയുന്നത്. പ്രൊഫസര്‍ എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സികളുടെ ഈ അലംഭാവമാണ് ഇന്ന് ഗൗരി കൊല്ലപ്പെടാനുള്ള ഒരു കാരണം. കല്‍ബുര്‍ഗിയുടെയും ഗൗരിയുടെയും കൊലയാളികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. ഫാസിസത്തിനെതിരായി പോരാടുന്ന മനുഷ്യര്‍ക്ക് ആത്മവിശ്വാസം പകരാന്‍ സാധിക്കണം. വിയോജിപ്പിന്റെ സാധ്യത നിലില്‍ക്കുന്നിടത്ത് മാത്രമേ ജനാധിപത്യം ഉണ്ടാകുകയുള്ളൂ. സി ബി ഐ വേണ്ട സംസ്ഥാന പോലീസിനെ വിശ്വസിക്കണമെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറയുന്നത്. നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനവും ആശയ പ്രകാശനവും സാധ്യമാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

ഫാസിസ്റ്റുകള്‍ എണ്ണിയാലൊടുങ്ങാത്ത സംഘടനകളുണ്ടാക്കി എല്ലാ ജാതി മത സംഘടനകളിലേക്കും നുഴഞ്ഞു കയറുകയാണ്. മിത്തുകളും കെട്ടുകഥകളും ചരിത്രമാക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് കെട്ടുകഥകളാക്കുകയും ചെയ്യുകയാണ് ഹിന്ദുത്വ ഫാസിസം. ആള്‍ദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ജാതിബോധത്തിന്റെയും പിന്‍ബലത്തില്‍ സൃഷ്ടിച്ചെടുക്കുന്ന വ്യാജ ദേശീയത മനുഷ്യരില്‍ കുത്തിവെച്ച് സാമൂഹിക വിഭജനം നടത്തുമ്പോള്‍ ഗൗരിയെപ്പോലുള്ളവരാണ് വഴി കാണിക്കുന്നത്. ഈ വഴിവിളക്കുകള്‍ അണയാതെ സൂക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്. മാനവികതയുടെ പക്ഷത്തുനില്‍ക്കുന്ന മുഴുവന്‍ ആളുകളും ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേരുക എന്നതാണ് പ്രൊഫ. കല്‍ബുര്‍ഗിയും ധഭോല്‍ക്കറും പന്‍സാരെയും ഗൗരിയും വിളിച്ചു പറയുന്നത്.