ദലിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

Posted on: September 2, 2017 4:26 pm | Last updated: September 2, 2017 at 4:26 pm

ചെന്നൈ: മെഡിക്കല്‍ പ്രവേശനം നേടാനാവാത്തതില്‍ മനംനൊന്ത് ദലിത് വിദ്യാര്‍ഥിനി അനിത ജീവനൊടുക്കിയതിനെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ചെന്നൈ അണ്ണാസാലൈയില്‍ സമരം നടത്തിയ എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനിലും യുവാക്കള്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ, വീട്ടിലെത്തിച്ച അനിതയുടെ ഭൗതികദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

അനിതയുടെ ജന്മനാടായ അരിയല്ലൂരില്‍ ഇന്നലെതന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. അരിയല്ലൂരില്‍ ഹര്‍ത്താലാണ്. ചെന്നൈയില്‍ സമരം നടത്താന്‍ വിദ്യാര്‍ഥി സംഘടനകള്‍ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുവദിച്ചില്ല. എന്നാല്‍ പല കേന്ദ്രങ്ങളിലും വിദ്യാര്‍ഥി യുവജന സംഘടനകളും രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറു സംഘങ്ങളും പ്രതിഷേധവുമായെത്തി. അണ്ണാസാലൈയില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ ഒരു മണിക്കൂറിലധികം റോഡ് ഉപരോധിച്ചു. സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനിതയുടെ മരണത്തിനു കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്നു നാട്ടുകാര്‍ ആരോപിച്ചു.