National
ഉത്തരവാദിത്വം സ്വീകരിക്കുന്നു; സമത്വാധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കണം: രാഷ്ടപതി

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനം വളരെ വിനയത്തോടെ ഏറ്റെടുക്കുകയാണെന്നും ഉത്തരവാദിത്വം സന്തോഷത്തോടെ നടപ്പാക്കുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ പതിനാലാം രാഷ്ട്രപതിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ കുടുംബത്തില്‍ നിന്നാണ് ഞാന്‍ രാഷ്ട്രപതി പദത്തിലെത്തിയത്. ഡോ. രാധാകൃഷ്ണന്‍, ഡോ. എപിജെ അബ്ദുല്‍ കലാം, പ്രണാബ് മുഖര്‍ജി എന്നിവരുടെ പാത പിന്തുടര്‍ന്ന് മുന്നോട്ടു പോകും. ഈ സഭയില്‍ വെച്ചാണ് നിങ്ങളില്‍ പലരുമായും ഞാന്‍ സംവാദത്തില്‍ ഏര്‍പ്പെട്ടത്. യോജിച്ചും വിയോജിച്ചും ഇവിടെ വെച്ച് സംസാരിച്ചപ്പോഴും എതിര്‍ കാഴ്ചപ്പാടുകളെ ബഹുമാനിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചിരുന്നു. ഇതാണ് ജനധിപത്യത്തിന്റെ സൗന്ദര്യം.
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതം, ഭാഷ, സംസ്‌കാരം, ജീവിതക്രമം എന്നിങ്ങനെ വ്യത്യസ്തരായിരിക്കുമ്പോഴും നമ്മളെല്ലാം ഒന്നാണ്. സ്ത്രീകളും പുരുഷന്മാരും സമത്വത്തോടെയാണ് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കേണ്ടത്. രാജ്യനിര്‍മാണം സര്‍ക്കാറിന് മാത്രമായികഴിയുന്ന ഒന്നല്ല. സര്‍ക്കാറിന് വഴികാട്ടിയാകാനേ കഴിയൂ. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയോടൊപ്പം തന്നെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമത്വാധിഷ്ഠിതമായ ഒരു സമൂഹമാണ് നാം കെട്ടിപ്പടുക്കേണ്ടത്.
തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ നിലപാടുകള്‍ ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ ആര്‍ നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയാകുന്ന ആദ്യത്തെയാളാണ് രാംനാഥ് കോവിന്ദ്.