Connect with us

Articles

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇങ്ങനെയും പ്രവര്‍ത്തിക്കാനാകും

Published

|

Last Updated

സംസ്ഥാനത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എക്കാലത്തും സര്‍ക്കാറിന് തലവേദനയാണ്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ പറ്റി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പലപ്പോഴും നഷ്ടത്തിന്റ പടുകുഴിയിലേക്ക് പതിക്കുന്നത് വര്‍ഷങ്ങളായി ഇവിടെ പതിവ് കാഴ്ചയാണ്. പ്രവര്‍ത്തനത്തിലെ നിലവാരത്തകര്‍ച്ചയും ഒപ്പം സാമ്പത്തിക അച്ചടക്കമില്ലായ്മയും മൂലം സര്‍ക്കാറിന്റെ ആനുകൂല്യം തിന്നുതീര്‍ക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പലപ്പോഴും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കറവപ്പശുകൂടിയാണെന്നത് ഏറെക്കാലത്തെ നമ്മുടെ അനുഭവമാണ്.
ഈ സാഹചര്യത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെയും തൊട്ടുമുമ്പുള്ള വര്‍ഷത്തയും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം പരിശോധിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. പതിവ് രീതിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദങ്ങളില്‍ ചെലവ് കൂടുതല്‍ ആകുകയും ആവസാന പാദത്തിലേക്ക് വരവ് ഒതുങ്ങുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളല്ലാം തെറ്റിച്ചിരിക്കുന്നുവെന്നത് ശുഭ സൂചനയാണ്്. സംസ്ഥാനത്തെ സര്‍ക്കാര്‍ മാറ്റത്തിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവരിച്ചിരിക്കുന്ന നേട്ടം ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ വകുപ്പിന്റെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛാശക്തിയെയുമാണ് സുചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരെയും രാഷ്ട്രീയക്കാരുടെ ആശ്രിതരെയും വാഴിക്കാനും സര്‍ക്കാര്‍ ചെലവില്‍ ധൂര്‍ത്തടിക്കാനുമുള്ള കേന്ദ്രങ്ങളായി പലരും കണക്കാക്കുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇങ്ങനെയും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ഈ സന്ദേശം ഏറെ ആശാവഹമാണ്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കുകളും തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളും അതാണ് തെളിയിക്കുന്നത്. നടപ്പു വര്‍ഷത്തെ ആദ്യപാദമായ മൂന്നുമാസം മാത്രം സംസ്ഥാനെത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ 18. 62 കോടിരൂപയാണ് ലാഭമുണ്ടാക്കി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 44. 5 കോടി നഷ്ടത്തിലായിരുന്ന സ്ഥാനത്താണിത് എന്നത് ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കേരള ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, മലബാര്‍ സിമന്റ്, കെല്‍ട്രോണ്‍, കെ എസ് ഡി പി, ട്രാവന്‍കൂര്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രി, ആര്‍ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ലാഭം കൊയ്ത സ്ഥാപനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ നാല് സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലേക്ക് ഉയര്‍ന്നിരിക്കുന്നുവെന്നത് വ്യവസായ മേഖലക്ക് ഏറെ ഗുണം നല്‍കുന്നതാണ്. ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍, കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവയാണ് പുതുതായി ലാഭത്തിലേക്ക് കുതിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുള്ള അവലോകനത്തിലും നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രയാണത്തെ കുറിച്ച് പറയുന്നുണ്ട്.
പ്രത്യേകിച്ച് ഉത്പന്ന നിര്‍മാണ മേഖലയുടെ വികസനത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ വളരെ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെടുന്ന സംസ്ഥാന സര്‍ക്കാറിന്റെ കമ്പനികളും സ്റ്റാറ്റിയൂട്ടറി കോര്‍പറേഷനുകളുമാണ് ഈ ഗണത്തില്‍ പെടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുള്ള ഇന്ത്യന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2015 മാര്‍ച്ചിലെ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെയുള്ള 126 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 107 എണ്ണത്തില്‍ 50 പൊതു മേഖലാ സ്ഥാപനങ്ങളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 53 സ്ഥാപനങ്ങള്‍ നഷ്ടത്തിലും നാലു സ്ഥാപനങ്ങള്‍ ലാഭവും നഷ്ടവുമില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, നാല് സ്ഥാപനങ്ങള്‍ സ്റ്റാറ്റിയൂട്ടറി കോര്‍പറേഷനുകളാണ്. ഇതോടൊപ്പം 15 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിലച്ചുകിടക്കുകയാണ്. കേരള സര്‍ക്കാറിന് കീഴിലുള്ള ആകെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 50 എണ്ണം നിര്‍മാണ മേഖലയിലും 16 എണ്ണം പശ്ചാത്തല മേഖലയിലും 18 എണ്ണം സാമ്പത്തിക മേഖലയിലും മൂന്നെണ്ണം ഊര്‍ജ മേഖലയിലും 19 എണ്ണം സേവന മേഖലയിലും 16 എണ്ണം കാര്‍ഷിക മേഖലയിലുമാണ്. ഇതില്‍ വ്യവസായ വകുപ്പിന് കീഴിലുളള 43 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ 37 എണ്ണം ഉത്പന്നനിര്‍മാണ മേഖലയിലും ഏഴെണ്ണം നിര്‍മാണേതര, സേവന മേഖലകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം പ്രവര്‍ത്തനം നിലച്ച പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഉത്പന്ന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
2014-15ല്‍ 43 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം ഉത്പാദന മൂല്യം 2405.11 കോടി രൂപയായിരുന്നത് 2015-16 ആയപ്പോഴേക്കും 2,829.72 കോടി രൂപയായി വര്‍ധിച്ചു. അതായത് 17.65 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതോടൊപ്പം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 2015-16 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.63 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേകാലയളവില്‍ സംസ്ഥാനത്തെ ഉത്പന്ന നിര്‍മാണ മേഖലയുടെ വളര്‍ച്ച 2014-15 ലെ 2.46 ശതമാനത്തില്‍ നിന്ന് 2015-16ല്‍ 12.65 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി മൊത്തം കൂട്ടിച്ചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് ഉത്പന്ന നിര്‍മാണ മേഖലയുടെ വിഹിതം സ്ഥിര വിലയിലും, നടപ്പുവിലയിലും യഥാക്രമം 9.97 ശതമാനവും, 8.72 ശതമാനവുമാണ്.
ഉത്പാദന നിര്‍മാണ മേഖലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന 39 സ്ഥാപനങ്ങളിലെ പത്തെണ്ണത്തിന്റെ ആദ്യപാദത്തിലെ മൊത്തം വരുമാനം 76.74 കോടി ലാഭമുള്‍പ്പെടെ 462.88 കോടിയാണ്. അതേസമയം 2015-16 വര്‍ഷത്തില്‍ 31 കമ്പനികള്‍ നഷ്ടത്തിലായത് വഴി സംസ്ഥാനത്തെ പൊതുമേഖല വ്യവസായത്തിന്റെ മൊത്തം നഷ്ടം 131 കോടി രൂപയായിരുന്നു. എന്നാല്‍, എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നഷ്ടത്തിലായ കമ്പനികളുട എണ്ണം 31 ല്‍ നിന്ന് പത്തായും, നഷ്ടം 131 കോടിയില്‍ നിന്ന് 80 കോടിയായും കുറഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഒപ്പം ഇക്കാലയളവില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 226.55 കോടിയില്‍ നിന്ന് 160 കോടിയായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 29 സ്ഥാപനളുടെ മൊത്ത വരുമാനം 58.12 കോടി നഷ്ടമുള്‍പ്പടെ 176.48 കോടി രൂപയായിരുന്നു.
നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറും വ്യവസായ വകുപ്പും സ്വീകരിച്ച നടപടികള്‍ ഈ സ്ഥാപനങ്ങളെ ലാഭത്തിലേക്കെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. 2015- 16 വര്‍ഷം പൊതുമേഖലാസ്ഥാപനങ്ങളുട പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി മിക്ക കമ്പനികള്‍ക്കും ആധുനിക വത്കരണ പാക്കേജുകളും പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് 65 കോടി രൂപയുടെ ആധുനികവത്‌രണ പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ 160 കോടി രൂപ ചെലവഴിച്ച് ബള്‍ക്ക് സിമന്റ് ഹാന്റ് ലിംഗ് പ്രോജക്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മലബാര്‍ സിമന്റ്‌സ് ആരംഭിച്ചു. തുടര്‍ന്ന് ചേര്‍ത്തലയിലുളള മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് വീണ്ടും തുറന്ന് ഉത്പാദനം ആരംഭിച്ചു. ഇതിന് പുറമെ സ്റ്റീല്‍ കോംപ്ലക്‌സ് ലിമിറ്റഡിലും കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡിലും വിവിധ ആധുനിക വത്കരണ, വൈവിധ്യവത്കരണ പദ്ധതികള്‍ ആരംഭിച്ചു. ഒപ്പം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരുടെ സാമൂഹിക പ്രതിബദ്ധത പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി. ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ (എന്‍ സി ഡി സി) യുടെ സഹായത്തോടെ സഹകരണ സ്പിന്നിംഗ് മില്ലുകളില്‍ 120 കോടി രൂപ ചെലവഴിച്ച് വിവിധ ആധുനിക-വൈവിധ്യവത്കരണ പരിപാടികള്‍ നടപ്പിലാക്കി.
വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സമാന്തരമായി ചെറുകിട സൂക്ഷ്മ വ്യവസായ സംരഭങ്ങളും ഇക്കാലയളവില്‍ വന്‍ നേട്ടം കൊയ്തതായി സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ നേട്ടത്തില്‍ വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലൂടെ കേരളത്തിന്റെ വ്യവസായ വത്കരണത്തിന് പ്രധാന പങ്ക് വഹിച്ച കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനത്തെ ചെറുതായി കാണാനാകില്ല. വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്കൊപ്പം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (എം എസ് എം ഇ) ഉത്പാദന സേവന മേഖലകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ ത്വരിത വ്യവസായ വത്കണത്തെ പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സ്വീകരിച്ചത്. വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍, പ്രത്യേക പദ്ധതികള്‍ എന്നിങ്ങനെയുളള രൂപത്തിലാണ് സാമ്പത്തിക സഹായം നല്‍കിയത്. കോര്‍പറേഷന്‍ 2015-16 ല്‍ 1025.99 കോടി രൂപയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കുകയും 838.36 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ഈ കാലയളവില്‍ തന്നെ ചെറുകിട വ്യവസായ യൂനിറ്റുകള്‍ക്ക് 415.83 കോടി രൂപയും മറ്റ് യൂനിറ്റുകള്‍ക്ക് 422.53 കോടി രൂപയും നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 31 വരെ കോര്‍പറേഷന്‍ 7263.41 കോടി രൂപയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കുകയും ഇതില്‍ 6573.68 കോടി രൂപ അപേക്ഷകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest