ആണവ ശക്തികളില്ലാത്ത ആണവ നിരോധ കരാര്‍?

Posted on: July 10, 2017 6:00 am | Last updated: July 9, 2017 at 10:58 pm

ആഗോളതലത്തില്‍ ആണവായുധ നിരോധ ഉടമ്പടി നടപ്പാക്കുന്നതിന്റെ മുന്നോടിയായി, നിരോധം കൊണ്ടുവരാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 1996-ലാണ് കരാറിന് യു എന്‍ രൂപം നല്‍കിയത്. തുടര്‍ന്ന് പലതവണ സഭയുടെ പരിഗണനക്ക് വന്ന പ്രമേയത്തിനുള്ള അംഗീകാരം എതിര്‍പ്പ് കാരണമാണ് 20 വര്‍ഷം നീണ്ടുപോയത്. 122 രാജ്യങ്ങളുടെ പിന്തുണയോടെ ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ പമേയം പാസായി. അടുത്ത സെപ്തംബര്‍ 20ന് യു എന്‍ ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പ്രമേയത്തിന്മേലുള്ള ലോകരാഷ്ട്രങ്ങളുടെ അഭിപ്രായം തേടുകയും 50 രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചാല്‍ കരാര്‍ നിലവില്‍വരികയും ചെയ്യും. പ്രമേയത്തിന് അംഗീകാരം നല്‍കിയ നടപടിയെ ചരിത്രപരമെന്നാണ് ലോകരാഷ്ട്രങ്ങള്‍ വിശേഷിപ്പിക്കുന്നതെങ്കിലും വോട്ടെടുപ്പില്‍ നിന്നും അതോടനുബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും ആണവ ശേഷിയുള്ള എട്ടു രാജ്യങ്ങള്‍ വിട്ടുനിന്നതോടെ പ്രമേയത്തിന്റെ ഫലപ്രാപ്തി സംശയത്തിലായിരിക്കുകയാണ്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ഉത്തരകൊറിയ രാജ്യങ്ങളാണ് വിട്ടുനിന്നത്.
അമേരിക്ക ജപ്പാനില്‍ പ്രയോഗിച്ച അണുബോംബിന്റെ മാരക ശക്തി കണ്ടറിഞ്ഞതോടെ തന്നെ സമാധാന പ്രേമികള്‍ ആണവായുധങ്ങള്‍ക്കെതിരെ ശബ്ദിച്ചു തുടങ്ങിയിട്ടുണ്ട്. ആണവനിരായുധീകരണത്തിന്റെ ആവശ്യകത ലോകത്തെ പഠിപ്പിക്കാനായി സെപ്തംബര്‍ 26ന് യു എന്‍ ആണവ നിരായുധീകരണ ദിനമായി ആചരിക്കുന്നു. ലോകസമാധാനത്തിനായി രൂപവത്കരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ആണവ നിരായുധീകരണ ലോകവുമാണ്. കൂട്ടനശീകരണശേഷിയുള്ള ആണവ, രാസ, ജൈവായുധങ്ങള്‍ ഏതെങ്കിലും രാഷ്ട്രങ്ങളുടെ കൈവശം ഉള്ളിടത്തോളം കാലം ലോകജനതക്ക് സമാധാനത്തോടെ കിടന്നുറങ്ങാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ അത്തരം ആയുധങ്ങള്‍ നിരോധിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മുറക്ക് നടന്നുവരുന്നുണ്ട്.

ഇതിന്റെ ഫലമായി രാസ, ജൈവ ആയുധങ്ങള്‍ നിയമം മൂലം നിരോധിക്കാനായെങ്കിലും ആണവായുധങ്ങള്‍ക്ക് ഇപ്പോഴും നിരോധമില്ല. ലോകത്തെ ഞൊടിയിടയില്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ഈ ആയുധങ്ങള്‍ക്കു മീതെ അടയിരിക്കുകയാണ് ഇപ്പോഴും വന്‍കിട രാഷ്ട്രങ്ങള്‍. ലോക നാശത്തിന് വഴിതെളിയിക്കും വിധം വന്‍തോതില്‍ അവ നിര്‍മിച്ചു കൂട്ടിയിട്ടുണ്ട് അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍. ആകെ ലോകത്തുണ്ടെന്ന് അനുമാനിക്കപ്പെടുന്ന 15,000 ആണവായുധങ്ങളില്‍ ഭൂരിപക്ഷവും അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണ്. സുരക്ഷിത ലോകത്തിന് വേണ്ടി ശബ്ദിക്കാറുള്ള ഇവര്‍ പക്ഷേ, തങ്ങളുടെ കൈവശമുള്ള മാരകായുധങ്ങള്‍ നശിപ്പിക്കാന്‍ സന്നദ്ധമല്ല.
അതേസമയം, പുതുതായി ഒരു രാജ്യം അണുവായുധ പരീക്ഷണത്തിലേര്‍പ്പെട്ടാല്‍ അതിനെ ഏത് വിധേനയും അവര്‍ തടയുകയും ചെയ്യും. അറബ് രാഷ്ട്രങ്ങളെ വിശേഷിച്ചും. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന സന്ദേഹത്തിന്മേല്‍ 13 വര്‍ഷമാണ് പശ്ചാത്യശക്തികള്‍ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. 1974 മെയ്18ന് രാജസ്ഥാനിലെ പൊക്‌റാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോഴും ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെയും പടിഞ്ഞാറന്‍ ശക്തികള്‍ കടുത്ത രോഷം പ്രകടിപ്പിച്ചു. സദ്ദാം ഹുസൈന്‍ മാരാകായുധങ്ങള്‍ സൂക്ഷിച്ചെന്നാരോപിച്ചായിരുന്നല്ലോ അധിനിവേശം നടത്തി അമേരിക്ക ഇറാഖിനെ തരിപ്പണമാക്കിയത്.

വന്‍ശക്തികളുടെ സഹകരണമില്ലാതെ മറ്റു രാഷ്ട്രങ്ങള്‍ ചേര്‍ന്നു കരാര്‍ അംഗീകരിച്ചതും കൊണ്ട് അണുവായുധ ഭീഷണിയില്‍ നിന്ന് ലോകം മുക്തമാകുകയില്ല. നിലവില്‍ ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഭീതിദമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. ഒരു വശത്ത് മിസൈല്‍ ഉപയോഗിച്ചു ചൈനയുടെ സഹായത്തോടെ അമേരിക്കയുടെ പസഫിക്ക് തീരത്തെയും ന്യൂയോര്‍ക്ക് നഗരത്തെയും തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു കിംജോംഗ്. ഈ ഭീഷണിയെ നേരിടാന്‍ തെക്കന്‍ കൊറിയയില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കയുടെ അത്യന്താധുനിക യുദ്ധവിമാനങ്ങളും അണുവായുധങ്ങളും ബോംബര്‍ വിമാനങ്ങളും. ആരെങ്കിലുമൊന്ന് തുടക്കമിട്ടു കഴിഞ്ഞാല്‍ അത് ചൈനയും അമേരിക്കയും തമ്മിലുള്ള തുറന്ന അണവ യുദ്ധത്തില്‍ കലാശിക്കുമെന്നാണ് ആശങ്ക. അതിന്റെ പരിണതി ഏല്ലാ കണക്കു കൂട്ടലുകള്‍ക്കുമപ്പുറത്തായിരിക്കും. അതുകൊണ്ടു തന്നെ ആണവായുധ നിരോധന കരാറിന് മുഴുവന്‍ രാഷ്ട്രങ്ങളുടെയും പിന്തുണ നേടുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ലോക സമാധാനത്തിനും സുരക്ഷിതത്വത്തിനും മാനവികതക്കും അണുവായുധങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും അതിനെതിരായ നീക്കങ്ങളില്‍ പങ്കാളികളാകാനും ഓരോ രാഷ്ട്രവും ബാധ്യസ്ഥമാണ്.