Kerala
ആര്‍ എസ് എസ് അക്രമം തുടരുന്നത് അപലപനീയം: സി പി എം
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സമാധാന യോഗത്തിന് ശേഷം കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ തുടരുന്നത് അത്യന്തം അപലപനീയമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സി പി എം എരഞ്ഞോളി കുന്നുമ്മല്‍ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ തൊഴിലാളിയുമായ കുണ്ടഞ്ചേരി ശ്രീജനെ ഇന്നലെ പട്ടാപ്പകലാണ് വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍ എസ് എസ് ശ്രമിച്ചത്. വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ശ്രീജന്‍ കോഴിക്കോട് ആശുപത്രിയില്‍ കഴിയുകയാണ്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമാധാനയോഗത്തിന് ശേഷം തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഇരുപത്തിയഞ്ചിലധികം പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയുമാണ് ആര്‍ എസ് എസ് സംഘം അക്രമിച്ച് പരുക്കേല്‍പ്പിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ വീടുകള്‍ക്ക് നേരെയും, കടകള്‍ക്ക് നേരെയും, പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ബോംബാക്രമണങ്ങളുള്‍പ്പെടെയുള്ള നിരവധി അക്രമങ്ങളാണ് ആര്‍ എസ് എസ് നടത്തിയത്. ചുവന്ന വസ്ത്രം ധരിച്ച് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. പെരുന്നാള്‍ നിസ്‌കാരത്തിന് പോയ മുസ്‌ലിം സഹോദരന്മാരെ അക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ആര്‍ എസ് എസ് നടത്തുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം ഒന്നാകെ മുന്നോട്ടുവരണം.
രാജ്യത്താകമാനം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ കേരളത്തിലും നടപ്പിലാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ട്.






