Connect with us

Business

ജി എസ് ടി: അറിഞ്ഞിരിക്കണം ഇൗ കാര്യങ്ങൾ

Published

|

Last Updated

ന്യൂഡല്‍ഹി: “ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി” എന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രപ്രസിദ്ധമായ ആ വാക്കുകളാണ് ജി എസ് ടി നിലവില്‍ വന്ന കഴിഞ്ഞ അര്‍ധരാത്രിയെ വിശേഷിപ്പിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉപയോഗിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന അര്‍ധരാത്രിയോടാണ് ധനമന്ത്രി ജി എസ് ടി പ്രഖ്യാപന രാത്രിയെ ഉപമിച്ചതെന്നര്‍ഥം. 16 വര്‍ഷത്തെ തയ്യാറാടെപ്പിനൊടുവില്‍ ഏകീകൃത ചരക്ക് സേവന നികുതി നിലവില്‍ വന്നിരിക്കുന്നു. ഒരു രാജ്യം, ഒരൊറ്റ നികുതി.

എന്താണ് ജി എസ് ടി?

ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യത്താകമാനം ഏകീകരിച്ച പരോക്ഷ നികുതിയെന്നാണ് ജി എസ് ടി കൊണ്ട് അര്‍ഥമാക്കുന്നത്. വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഓരോ ഘട്ടത്തിലും വസ്തുവിന്റെ മുഴുവന്‍ മൂല്യത്തിലും വ്യത്യസ്ത നികുതി പിരിക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജി എസ് ടി സംവിധാനത്തില്‍ വിവിധ ഘട്ടങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടമൂല്യത്തിന് മാത്രമാണ് നികുതി ചുമത്തുന്നത്. സപ്ലേ ശൃംഖലയിലെ അവസാന വില്‍പ്പനക്കാരന്‍ അടക്കുന്ന നികുതി മാത്രമേ അന്തിമ ഉപഭോക്താവ് നല്‍കേണ്ടതുള്ളൂ.

എന്താണ് സ്റ്റേറ്റ് / സെന്‍ട്രല്‍ ജി എസ് ടി?

സംസ്ഥാനത്തിനകത്തെ കൈമാറ്റങ്ങള്‍ക്ക് ജി എസ് ടിക്ക് രണ്ട് ഘടകങ്ങള്‍ ഉണ്ടാകും- സംസ്ഥാന ജി എസ് ടി (എസ് ജി എസ്ടി)യും കേന്ദ്ര ജി എസ് ടി (സി ജി എസ് ടി)യും. കൂട്ടിച്ചേര്‍ക്കുന്ന മൂല്യത്തില്‍ ഇവ രണ്ടും ഒരുമിച്ച് ചുമത്തും. സംസ്ഥാനാന്തര കൈമാറ്റമാണെങ്കില്‍ കേന്ദ്രമാണ് നികുതി ചുമത്തുക. ഇതിനെ ഇന്റഗ്രേറ്റഡ് ജി എസ് ടി എന്നാണ് വിളിക്കുക. സി ജി എസ് ടിയുടെയും എസ് ജി എസ് ടിയുടെയും തുകയായിരിക്കും ഐ ജി എസ് ടി.

എന്ത്‌കൊണ്ട് ജി എസ് ടി?

വിവിധ ഘട്ടങ്ങളില്‍ പരോക്ഷ നികുതി പിരിക്കുന്നത് വഴി ഇരട്ടഗണനക്ക് സാധ്യത ഏറെയായിരുന്നു. ഇത് ഉപഭോക്താക്കളില്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചു. മാത്രമല്ല, നികുതി ഘടന സങ്കീര്‍ണമായതോടെ ചുവപ്പ് നാടയും നികുതി ചോര്‍ച്ചയും തകൃതിയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലളിതവും സുതാര്യവുമായ നികുതി ഘടന കൊണ്ടു വരികയാണ് ജി എസ് ടിയുടെ ലക്ഷ്യം. സംസ്ഥാനാതിര്‍ത്തിയിലും നഗരാതിര്‍ത്തിയിലുമെല്ലാം നികുതി പിരിക്കുന്നത് ഇനി പഴങ്കഥയാകും.
പാന്‍ കാര്‍ഡിന് സമാനമായ സംവിധാനമാകും മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും നികുതി പിരിവിന് ഏര്‍പ്പെടുത്തുക.

സാധാരണക്കാരനെ എങ്ങനെ ബാധിക്കും?

ഈ ചോദ്യത്തിന് ഉത്തരം വസ്തുക്കളുടെ സ്വഭാവമനുസരിച്ചും മൂല്യം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഘട്ടങ്ങളുടെ എണ്ണത്തിനും അനുസരിച്ചിരിക്കും. ഉദാഹരണത്തിന് കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വില കുറയുകയാണ് ചെയ്യുക. പാലിന് വില കുടിയേക്കാം. എന്നാല്‍ വില കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രമാത്രം ഇടപെടുന്നുവെന്നതും സബ്‌സിഡി നല്‍കുന്നുവെന്നതും വിലയെ ബാധിക്കും. കേരളത്തില്‍ വളത്തിന് വിലകൂടും. മരുന്നുകളുടെ വില കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ അതിന് കാല താമസമെടുക്കും. പച്ചക്കറിക്കും പഴങ്ങള്‍ക്കും ജി എസ് ടി ബാധകമല്ല. റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിന് ചെലവ് കൂടും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെട്ടേക്കാം. ജി എസ് ടിയുണ്ടാക്കുന്ന വില വര്‍ധനവ് തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ജാഗരൂകമായിരിക്കേണ്ടി വരും. ഈ ദിശയില്‍ കേന്ദ്രത്തിന്റെ സഹായം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ടതായും വരും. ടെലികോം, ഇന്റര്‍നെറ്റ് അടക്കം എല്ലാ സേവനങ്ങള്‍ക്കും ചെലവേറുമെന്നുറപ്പാണ്. കാരണം സേവന നികുതി ഇപ്പോഴത്തെ 15 ശതമാനത്തില്‍ നിന്ന് 18 ശതമാനം വരെ ഉയരും ജി എസ് ടിയില്‍.
ജി എസ് ടിയുടെ ആദ്യ നാളുകളില്‍ പൊതു പണപ്പെരുപ്പം ഉയരുമെന്നത് ആശങ്ക തന്നെയാണ്. ഇത് സാധാരണക്കാരെയും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെയും ശമ്പളക്കാരെയും ഒരു പോലെ ബാധിക്കും. എന്നാല്‍ ജി എസ് ടി വഴി നികുതി വെട്ടിപ്പ് വന്‍ തോതില്‍ കുറയുമെന്നും ഖജനാവില്‍ കൂടുതല്‍ പണം എത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

ആശങ്കകള്‍, വിമര്‍ശങ്ങള്‍

ജി എസ് ടി നിലവില്‍ വരുന്നതിന് അനാവശ്യ തിടുക്കം കാണിച്ചുവെന്ന വിമര്‍ശം ശക്തമാണ്. പല ചോദ്യങ്ങള്‍ക്കും ഒന്നിലധികം ഉത്തരം വരുന്നതും ചിലപ്പോള്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് പോലും ഉത്തരമേ ഇല്ലാതിരിക്കുന്നതും ഇതിന്റെ തെളിവാണ്. സര്‍വത്ര ആശയക്കുഴപ്പം നിലനില്‍ക്കുന്നു. സോഫ്റ്റ്‌വെയര്‍ പോലും സുഗമമായിട്ടില്ലെന്നാണ് വ്യാപാരി സംഘടനകള്‍ പറയുന്നത്. ഐതിഹാസിക മണ്ടത്തരമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് മോധാവി മമതാ ബാനര്‍ജി ജി എസ് ടിയെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനം പോലെ ജനങ്ങളില്‍ ജി എസ് ടിയും അധികഭാരം അടിച്ചേല്‍പ്പിക്കുമെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനങ്ങളുടെ നഷ്ടം എങ്ങനെ നികത്തും?

ജി എസ് ടി നടപ്പാക്കുമ്പോള്‍ ഏറ്റവും ചൂടേറിയ തര്‍ക്കത്തിന് ഇടവരുത്തിയ പ്രശ്‌നം ഇപ്പോഴും വ്യക്തതയില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരമാണത്. പുതിയ പരോക്ഷ നികുതി സംവിധാനം നിലവില്‍ വരുമ്പോള്‍ തങ്ങള്‍ക്കുള്ള നഷ്ടം കേന്ദ്രം നികത്തിയേ തീരൂ എന്ന് 2016 മുതലുള്ള ജി എസ് ടി കൗണ്‍സിലിന്റെ എല്ലാ യോഗങ്ങളിലും സംസ്ഥാനങ്ങള്‍ ശക്തമായി ആവശ്യപ്പെട്ട് വരികയാണ്.

എന്താണ് പ്രശ്‌നം?

ജി എസ് ടി ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഗുണകരവും ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് നഷ്ടവുമെന്നാണ് വിലയിരുത്തല്‍. അത്‌കൊണ്ട് തന്നെ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് നഷ്ടപരിഹാര ആവശ്യം ശക്തമായി ഉന്നയിച്ചത്. ഉപഭോക്തൃ സംസ്ഥാനങ്ങളാകട്ടേ സേവനങ്ങളുടെയും അവര്‍ ഉത്പാദിപ്പിക്കുന്ന ചില ഉത്പന്നങ്ങളുടെയും കാര്യത്തില്‍ നഷ്ടപരിഹാരം തേടുന്നു.
ജി എസ് ടി നടപ്പാക്കി ആദ്യ മൂന്ന് വര്‍ഷം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നികുതി നഷ്ടത്തിന്റെ 100 ശതമാനം നഷ്ടപരിഹാരം നല്‍കണമെന്നാണ് 14ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. നാലാം വര്‍ഷം 75 ശതമാനവും അഞ്ചാം വര്‍ഷം 50 ശതമാനവും നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇത് അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം 100 ശതമാനം നഷ്ടപരിഹാരം വേണമെന്ന് അവര്‍ ശക്തമായി വാദിച്ചു. ഇതില്‍ തട്ടിയാണ് കൗണ്‍സില്‍ യോഗങ്ങള്‍ പലതും തീരുമാനമാകാതെ പിരിഞ്ഞത്. ഒടുവില്‍ 2016 ഡിസംബറില്‍ കേന്ദ്രം ഇത് അംഗീകരിച്ചു.

ഈ തുക എവിടെ നിന്ന് കണ്ടെത്തും?

നഷ്ടപരിഹാരത്തിന്റെ ആദ്യ ഘട്ടത്തിന് മാത്രം 55,000 കോടിയെങ്കിലും വേണം. ചില പ്രത്യേക ഉത്പന്നങ്ങള്‍ക്ക് നിശ്ചിത വര്‍ഷത്തേക്ക് അധിക നികുതി ഈടാക്കിയായിരിക്കും നഷ്ടപരിഹാരത്തിനുള്ള തുക കൗണ്‍സില്‍ കണ്ടെത്തുക. പുകയില ഉത്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവയിലായിരിക്കും ജി എസ് ടിയിലെ പരമാവധി നികുതിയായ 28 ശതമാനത്തിന് മുകളില്‍ നികുതി ചുമത്തുക. എന്നാല്‍ ഈ ഏര്‍പ്പാട് അഞ്ച് വര്‍ഷത്തിനകം അവസാനിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

 

Latest