നടന്‍ ദിലീപിന്റെ ആരോപണത്തിന് മറുപടിയുമായി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി

Posted on: June 27, 2017 8:28 pm | Last updated: June 27, 2017 at 9:48 pm
SHARE

നടന്‍ ദിലീപിന്റെ ആരോപണത്തിന് മറുപടിയുമായി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി രംഗത്ത്. തനിക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ ദിലീപ് നടത്തിയ പ്രസ്താവന തെറ്റാണെന്നും, വേണ്ടിവന്നാല്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നടി മാധ്യമങ്ങള്‍ക്കയച്ച വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.ആക്രമിക്കപ്പെട്ട നടി പള്‍സര്‍ സുനിയുമായി സൗഹൃദത്തിലായിരുന്നുവെന്നും കൂട്ടുകാരെ തെരഞ്ഞെടുക്കുമ്‌ബോള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ദിലീപിന്റെ പ്രസ്താവന.പള്‍സര്‍ സുനിയുമായി സൗഹൃദത്തിലായിരുന്നുവെന്നും കൂട്ടുകാരെ തെരഞ്ഞെടുക്കുമ്‌ബോള്‍ ശ്രദ്ധിക്കണമെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ദിലീപിനെതിരെ നടി രംഗത്ത്.

അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഏത് അന്വേഷണവും നേരിടുമെന്നും നടി.

വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം

ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിന് ശേഷം ഞാന്‍ അതേക്കുറിച്ച് നിങ്ങളോട് പ്രതികരിക്കാതിരുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നെ സ്‌നേഹപൂര്‍വം വിലക്കിയത് കൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോട് സൂചിപ്പിച്ചിരുന്നു. ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരു പാട് വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കിതീര്‍ത്തു എന്ന പ്രചരണമുണ്ടായിരുന്നു. അത് സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ, കേസുമായി ശക്തമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. കേസന്വേഷണം ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. പോലീസ് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ച് അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പലരുടെയും പേരുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നത് മാധ്യമങ്ങള്‍ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി പോലീസ് ഉദ്യോഗസ്ഥരോട് ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സാമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരമാര്‍ശിച്ചിട്ടില്ല.പുറത്തുവന്ന പേരുകളില്‍ ചിലരാണ് ഇതിന് പുറകിലെന്ന് പറയാന്‍ തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്ന് പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്‌ബോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. അത് വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടിവന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏത് അന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷേ അതിലുപരി തെറ്റ് ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം. എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here