മെട്രോ ട്രെയിന്‍ ജനകീയ യാത്ര: യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം

Posted on: June 21, 2017 8:19 pm | Last updated: June 21, 2017 at 8:19 pm

കൊച്ചി: നിയമങ്ങള്‍ ലംഘിച്ച് മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെട്രോ സംവിധാനങ്ങള്‍ യാത്രയില്‍ നശിപ്പിച്ചെന്നും യുഡിഎഫ് നടത്തിയ ജനകീയ യാത്ര അപമാനകരമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബെഹ്‌നാന്‍, കെ ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളാണ് ഇന്നലെ ജനകീയ യാത്രയില്‍ പങ്കെടുത്തത്.
മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ നിന്നും ഉമ്മന്‍ ചാണ്ടി വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കന്നിയാത്ര നടത്തിയപ്പോഴും ഉമ്മന്‍ ചാണ്ടിയെയും മറ്റ് ജനപ്രതിനിധികളേയും ക്ഷണിക്കാതിരുന്നതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മറ്റി യു ഡി എഫ് നേതാക്കളെ ഉള്‍പ്പെടുത്തി ജനകീയയാത്ര സംഘടിപ്പിച്ചത്. നേതാക്കള്‍ ഒരുമിച്ച് ഒരു ബോഗിയില്‍ കയറാനായിരുന്നു പദ്ധതിയെങ്കിലും തിക്കിത്തിരക്ക് മൂലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ ട്രെയിനില്‍ കയറാനായില്ല. രമേശ് ചന്നിത്തല അടക്കമുള്ളവര്‍ ആദ്യ ട്രെയിനില്‍ പാലാരിവട്ടത്തേക്ക് തിരിച്ചു. പിന്നീടാണ് ഉമ്മന്‍ചാണ്ടി കയറിയിട്ടില്ലെന്ന വിവരം നേതാക്കള്‍ അറിഞ്ഞത്. ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ യാത്ര തുടര്‍ന്നെങ്കിലും ഷാഫി പറമ്പില്‍ എം എല്‍ എ അടക്കമുള്ളവര്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ ഇറങ്ങി. എം എല്‍ എ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി തൊട്ടടുത്ത ട്രെയിനില്‍ യാത്ര ചെയ്തു.