ലോകകപ്പിന് രണ്ടായിരത്തില്‍ താഴെ ദിവസങ്ങള്‍; സ്റ്റേഡിയങ്ങളുടെ നിര്‍മാണം ദ്രുതഗതിയില്‍

Posted on: June 21, 2017 1:59 pm | Last updated: June 21, 2017 at 1:51 pm

ദോഹ: 2022ലെ ഫിഫ ലോകകപ്പിന് രണ്ടായിരത്തില്‍ താഴെ ദിവസം ശേഷിക്കെ എല്ലാ സ്റ്റേഡിയങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം ദ്രുതഗതിയില്‍.
ലോകകപ്പിനായി ആദ്യമായി സജ്ജമായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് പുറമെ ഏഴ് സ്റ്റേഡിയങ്ങളില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന അല്‍ വക്‌റ സ്റ്റേഡിയമാണ് ലോകകപ്പിന് വേണ്ടി തയ്യാറാകുന്ന രണ്ടാമത്തെ സ്റ്റേഡിയം. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി വളരെ വേഗമാണ് സഞ്ചരിക്കുന്നതെന്ന് എസ് സി കൊംപറ്റീഷന്‍ വെന്യൂസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഗാനിം അല്‍ കുവാരി പറഞ്ഞു. സ്റ്റേഡിയങ്ങളുടെ നിര്‍മാണ വിശദാംശങ്ങള്‍:

അല്‍ വക്‌റ സ്റ്റേഡിയം
റൂഫ് സ്ട്രക്ചറിനുള്ള പ്രധാന താങ്ങായി രണ്ട് കൂറ്റന്‍ തൂണുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോഴുള്ളത്. 80 ശതമാനം കോണ്‍ക്രീറ്റും രണ്ടാം നിലയിലെ തൂണുകളും പൂര്‍ത്തിയായി. 900 ടണ്‍ വരുന്നതാണ് കൂറ്റന്‍ തൂണുകള്‍. ആറ് ടവര്‍ ക്രെയിനുകളാണ് സൈറ്റിലുള്ളത്. ഇതിലൊന്ന് കൂറ്റന്‍ തൂണ്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന 600 ടണ്‍ ക്രെയിനാണ്. 40000 സീറ്റുകളാണ് വേദിയിലുണ്ടാകുക.
അല്‍ ബെയ്ത് സ്റ്റേഡിയം
അല്‍ ഖോര്‍
സീറ്റ് സ്ഥാപിക്കുന്നതിനുള്ള വാര്‍പ്പ് 70 ശതമാനം പൂര്‍ത്തിയായി. മേല്‍ഭാഗത്തെ നിരയിലുള്ള സ്റ്റീല്‍ സ്ട്രക്ചര്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. പുറംഭാഗത്തെ പൈലിംഗ് തുടരുന്നു. സ്റ്റേഡിയം മേല്‍ക്കൂരയും പ്രധാന ടെന്റും താങ്ങി നിര്‍ത്താനുള്ളതാണ് പൈലിംഗ്. റൂഫിന്റെ ഫാബ്രിക്കേഷന്‍ തുടരുന്നു.
അല്‍ റയ്യാന്‍ സ്റ്റേഡിയം
ഫൗണ്ടേഷന്‍ 94 ശതമാനം പൂര്‍ത്തിയായി. തറയുടെ തൂണുകള്‍ 79 ശതമാനം പൂര്‍ത്തിയായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സങ്ങള്‍ നടക്കുന്ന സ്റ്റേഡിയം റയ്യാന്‍ മേഖലയുടെ കായിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും. ദോഹ മെട്രോ സ്റ്റേഷനില്‍ നിന്ന് നടക്കാവുന്ന ദൂരമാണ് ഇവിടേക്കുണ്ടാകുക.
ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം
ദോഹ എജുക്കേഷന്‍ സിറ്റിയില്‍ നിര്‍മിക്കന്ന സ്റ്റേഡിയം 2019 അവസാനത്തോടെ പൂര്‍ത്തിയാകും. പുറംഭാഗത്തെ ഫൗണ്ടേഷന്‍ കോണ്‍ക്രീറ്റ് നടന്നുകൊണ്ടിരിക്കുന്നു. 100 തൂണുകള്‍ സ്ഥാപിച്ചു. ആറ് ടവര്‍ ക്രെയിനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ലുസൈല്‍ സ്റ്റേഡിയം
ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരെ ആഴ്ചകള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. പ്രധാന കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
റാസ് അബു അബൂദ്
സ്റ്റേഡിയം
ഫിഫ ലോകകപ്പിനുള്ള ഏഴാം സ്‌റ്റേഡിയത്തിന്റെ സ്ഥലം ദോഹയിലെ റാസ് അബു അബൂദ് മേഖലയായിരിക്കും. 40000 സീറ്റുകളാണ് സ്റ്റേഡിയത്തിലുണ്ടാകുക.
അല്‍ തുമാമ സ്റ്റേഡിയം
2020ല്‍ പൂര്‍ത്തിയാകുമെന്ന് ലക്ഷ്യമിട്ട തുമാമ സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരെ കണ്ടെത്തിയിട്ടുണ്ട്. ഖത്വര്‍- തുര്‍ക്കി സംയുക്ത കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.