രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

Posted on: June 19, 2017 2:14 pm | Last updated: June 20, 2017 at 9:11 am

ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ്  പേര് പ്രഖ്യാപിച്ചത്.  ഉത്തര്‍ പ്രദേശ് കാണ്‍പൂര്‍ സ്വദേശിയാണ് കോവിന്ദ്. ജൂണ്‍ 23ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതായി അമിത് ഷാ പറഞ്ഞു. കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ് രാംനാഥ്.

അപ്രതീക്ഷിതമായാണ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ബിജെപിയുടെ വക്താവും ദളിത് മോര്‍ച്ച അധ്യക്ഷനുമായിരുന്നു. ഏറെക്കാലം സുപ്രീം കോടതിയിലും ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. രാജ്യസഭയില്‍ രണ്ട് തവണ എംപിയായിട്ടുണ്ട്.

രണ്ട് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ പേര് തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് സമവായത്തിനുള്ള സാധ്യതയാണ് ബിജെപി ആരായുന്നത്. നേരത്തെ, രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിനായി അമിത്ഷാ നിയോഗിച്ച സമിതി അംഗങ്ങളായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റിലി, വെങ്കയ്യ നായിഡു എന്നിവര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയുടെ പേര് വ്യക്തമാക്കാതിരുന്നതോടെ ചര്‍ച്ച ഫലവത്തായില്ല. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ രാഷ്ടപതി സ്ഥാനാര്‍ഥിയാക്കുന്നതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കുറയുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.